National
ഡൽഹി ജയിത്പൂരിൽ മതിൽ ഇടിഞ്ഞു വീണു; രണ്ട് കുട്ടികളടക്കം ഏഴ് പേർ മരിച്ചു

ഡൽഹിയിൽ മതിൽ ഇടിഞ്ഞുവീണ് ഏഴ് പേർക്ക് ദാരുണാന്ത്യം. ജയിത്പൂരിലാണ് സംഭവം. രണ്ട് സ്ത്രീകളും രണ്ട് കുട്ടികളും മൂന്ന് പുരുഷന്മാരുമാണ് മരിച്ചത്. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
ഇന്ന് രാവിലെയാണ് സംഭവം നടന്നത്. മതിൽ ഇടിഞ്ഞ് വീടിന് മുകളിലേക്ക് വീഴുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഉടൻ തന്നെ അഗ്‌നിശമന സേനയും പോലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടന്നവരെ ഉടൻ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഏഴ് പേർ മരിക്കുകയായിരുന്നു.
ഇന്നലെ രാത്രി മുതൽ അതിശക്തമായ മഴയാണ് ജയിത്പൂരിൽ പെയ്തത്. മഴയെ തുടർന്ന് കുതിർന്ന മതിലാണ് ഇടിഞ്ഞുവീണത്. ഡൽഹിയിൽ പലയിടങ്ങളിലും കനത്ത മഴ തുടരുകയാണ്.