Kerala

വയനാട് ഉരുൾപൊട്ടൽ: മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടികൾക്ക് 10 ലക്ഷം രൂപ വീതം നൽകും

വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടികൾക്ക് 10 ലക്ഷം രൂപ വീതം നൽകും. ഉരുൾപൊട്ടലിൽ മാതാപിതാക്കൾ നഷ്ടപ്പെട്ട ഏഴ് കുട്ടികൾക്കും മാതാപിതാക്കളിൽ ഒരാൾ മാത്രം നഷ്ടപ്പെട്ട 14 കുട്ടികൾക്കും പഠനാവശ്യത്തിനായി 10 ലക്ഷം രൂപ അനുവദിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു

18 വയസ് വരെ തുക പിൻവലിക്കാൻ കഴിയില്ലെന്ന വ്യവസ്ഥയിലാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ധനസഹായം നൽകുന്നത്. ജില്ലാ കലക്ടറുടെ അക്കൗണ്ടിൽ നിക്ഷേപിച്ച് പ്രതിമാസ പലിശ കുട്ടികളുടെ രക്ഷകർത്താവിന് എത്തിക്കും. ടൗൺഷിപ്പ് നിർമാണത്തിന് ഏറ്റെടുക്കുന്ന എസ്റ്റേറ്റിന് നഷ്ടപരിഹാരം നൽകാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു

എൽസൺ എസ്‌റ്റേറ്റിന് 26 കോടി 56 ലക്ഷം രൂപയാണ് നൽകുക. ഈ മാസം 27ന് ടൗൺഷിപ്പിന്റെ തറക്കല്ലിടാനാണ് നിലവിൽ സർക്കാർ തീരുമാനം. വയനാട് മുണ്ടക്കൈയിലെ ദുരന്തബാധിതരെ പുനരധിവസിപ്പിക്കാൻ രണ്ട് ടൗൺഷിപ്പ് നിർമിക്കാൻ രണ്ട് എസ്റ്റേറ്റുകളാണ് ആദ്യം തീരുമാനിച്ചിരുന്നത്. പിന്നീട് എൽസൺ എസ്റ്റേറ്റ് മാത്രം ഏറ്റെടുത്താൽ മതിയെന്നായിരുന്നു സർക്കാർ തീരുമാനം.

Related Articles

Back to top button
error: Content is protected !!