ആര് വാഴും ആര് വീഴും: വയനാട്, പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന്

കേരളം ഉറ്റുനോക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലം ഇന്നറിയാം. വയനാട് ലോക്‌സഭാ മണ്ഡലത്തിലെയും പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലെയും ഫലമാണ് ഇന്ന് വരിക. രാവിലെ എട്ട് മണി മുതൽ വോട്ടെണ്ണൽ ആരംഭിക്കും. ആദ്യ ഫല സൂചനകൾ ഒമ്പത് മണിയോടെ വന്നു തുടങ്ങും.
പോളിംഗ് ശതമാനം കുറഞ്ഞത് മുന്നണികളിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. പാലക്കാട് പിടിച്ചെടുക്കാമെന്ന കണക്കുകൂട്ടലിലാണ് എൻഡിഎ-എൽഡിഎഫ്,യുഡിഎഫ് മുന്നണികൾ. എന്നാൽ പാലക്കാടും വയനാടും നിലനിർത്താനാകുമെന്ന് കോൺഗ്രസ് പ്രതീക്ഷിക്കുന്നു. ചേലക്കര പിടിച്ചെടുക്കാമെന്ന് കോൺഗ്രസ് പ്രതീക്ഷിക്കുമ്പോൾ നിലനിർത്താനാകുമെന്ന ആത്മവിശ്വാസത്തിലാണ് എൽഡിഎഫ്.
പോളിംഗ് കുറവിലും ആത്മവിശ്വാസത്തിലാണ് പാലക്കാട്ടെ മുന്നണികൾ. എൽഡിഎഫ് അനുഭാവവോട്ടുകളും ലഭിച്ചെന്നാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ അവകാശവാദം. അമ്പതിനായിരം വോട്ടുകൾ ലഭിക്കുമെന്ന് എൽഡിഎഫ് സ്ഥാനാർഥി ഡോക്ടർ പി സരിനും, അയ്യായിരത്തിൽ അധികം വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് എൻഡിഎ സ്ഥാനാർഥി സി കൃഷ്ണകുമാറും പറഞ്ഞു.