രത്തന്‍ ടാറ്റയുടെ പിന്‍ഗാമിയായി ബാലാജി എത്തുമോ?
മുംബൈ: ടാറ്റ ഗ്രൂപ്പില്‍ ഏവര്‍ക്കും പ്രിയപ്പെട്ടവനും ഇപ്പോള്‍ എല്ലാവരുടെയും ശ്രദ്ധാകേന്ദ്രവുമാണ് സാമ്പത്തിക കാര്യങ്ങളുടെ ചുമതലക്കാരനായ പി ബി ബാലാജി. രത്തന്‍ ടാറ്റയുടെ വിയോഗ ശേഷം ടാറ്റ ഗ്രൂപ്പില്‍ ഇദ്ദേഹത്തിന്റെ സ്വാധീനം അടിക്കടി വര്‍ധിക്കുന്നതായാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. ടാറ്റ മോട്ടോഴ്‌സിന്റെ ഫിനാന്‍സ് മേധാവിയാണ് ബാലാജി.
എയര്‍ ഇന്ത്യ, ടൈറ്റന്‍, ടാറ്റ ടെക്‌നോളജീസ്, ടാറ്റ കണ്‍സ്യൂമര്‍ തുടങ്ങിയ പ്രമുഖ കമ്പനികളുടെ ബോര്‍ഡുകളിലും അദ്ദേഹം സമീപകാലത്ത് സ്ഥാനം ഊട്ടിയുറപ്പിച്ചിരുന്നു. സാക്ഷാല്‍ രത്തന്‍ ടാറ്റയ്ക്കും പ്രിയങ്കരനായ ബാലാജിയുടെ വാര്‍ഷിക ശമ്പളം കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ വര്‍ധിച്ചത് 24% ശതമാനത്തോളമാണ്.
ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്റെ മനസാക്ഷി സൂക്ഷിപ്പുകാരനാണെന്ന പ്രത്യേകതയും ഈ മനുഷ്യനുണ്ട്. 2017ല്‍ ചന്ദ്രശേഖരണ്‍ തന്നെയാണു ബാലാജിയെ ടാറ്റ ഗ്രൂപ്പിലേയ്ക്ക് കൊണ്ടുവന്നത്. ടാറ്റയില്‍ എത്തുന്നതിനു മുമ്പ് ബാലാജി 1യൂണിലിവറിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. വികസനത്തിന് ശക്തമായ ഊന്നല്‍ നല്‍കിക്കൊണ്ട് കടം കുറയ്ക്കുന്നതിനും, പ്രവര്‍ത്തനക്ഷമത മെച്ചപ്പെടുത്തുന്നതിനും അദ്ദേഹം നടപടികള്‍ കൈക്കൊണ്ടിരുന്നു. ഈ തന്ത്രപരമായ നീക്കമാണ് അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഓട്ടോമോട്ടീവ് വ്യവസായത്തില്‍ ടാറ്റ മോട്ടോഴ്‌സിനെ പ്രധാന മത്സരാധിഷ്ഠിത കളിക്കാരനാക്കി മാറ്റിയത്. ബാലാജിയുടെ ശ്രമങ്ങള്‍ ടാറ്റ മോട്ടോഴ്‌സിന്റെ സാമ്പത്തിക ആരോഗ്യം ഗണ്യമായി മെച്ചപ്പെടുത്തിയെന്നു അദ്ദേഹം എത്തിയതിനെ തുടര്‍ന്നുള്ള പാദഫലങ്ങള്‍ തെളിയിച്ചിരുന്നു.
ടാറ്റ മോട്ടോഴ്സിലേയ്ക്ക് ബാലാജിയെ കൊണ്ടുവരാന്‍ ഇടയാക്കിയത് അദ്ദേഹത്തിന്റെ സാമ്പത്തിക രംഗത്തെ മികച്ച പ്രവര്‍ത്തനമായിരുന്നു. ടാറ്റ മോട്ടോഴ്സ് അദ്ദേഹത്തിന് കീഴില്‍, പ്രത്യേകിച്ച് കൊവിഡ് കാലത്ത് മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. യൂണിലിവറിന്റെ സൗത്ത് ഏഷ്യ ഡിവിഷന്റെ സിഎഫ്ഒ എന്ന നിലയില്‍ അദ്ദേഹം കമ്പനിയുടെ പ്രധാന വിപണികളിലൊന്ന് കൈകാര്യം ചെയ്യുകയും, ഗണ്യമായ സാമ്പത്തിക വളര്‍ച്ച കൈവരിക്കുകയും ചെയ്തതാണ് ടാറ്റയിലേക്ക് എത്താന്‍ ഗ്രീന്‍ സിഗ്നലായത്.
ചെലവ് ചുരുക്കുന്നതിനൊപ്പം പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിലും ഉല്‍പ്പന്ന പോര്‍ട്ട്ഫോളിയോ പുനഃക്രമീകരിക്കുന്നതിലുമെല്ലാം ടാറ്റ മോട്ടോഴ്സില്‍ നേതൃപരമായ പങ്കുവഹിച്ചത് ബാലാജിയായിരുന്നു. ടാറ്റ മോട്ടോഴ്‌സിന്റെ വാണിജ്യ വാഹന ബിസിനസിന് വലിയ ഉത്തേജനം നല്‍കുന്ന നടപടികളാണ് അദ്ദേഹം കൈക്കൊണ്ടത്. ഇലക്ട്രിക് വെഹിക്കിള്‍ (ഇവി) മേഖലയില്‍ മുന്നില്‍ നടക്കാന്‍ കമ്പനിയെ പ്രാപ്തമാക്കിയതും മറ്റാരുമായിരുന്നില്ല.