ഇന്ത്യ മുന്നണി അധികാരത്തിലെത്തിയാൽ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ നടപടി: രാഹുൽ ഗാന്ധി

തെരഞ്ഞെടുപ്പ് കമ്മീഷനെതിരായ വിമർശനം തുടർന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കേന്ദ്രത്തിലും ബിഹാറിലും ഇന്ത്യ മുന്നണി സർക്കാർ രൂപീകരിച്ച് കഴിഞ്ഞാൽ കമ്മീഷനെ ശക്തമായി നേരിടുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. വോട്ട് മോഷണ ആരോപണങ്ങൾക്ക് സത്യവാങ്മൂലം നൽകണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം
മൂന്ന് തെരഞ്ഞെടുപ്പ് കമ്മീഷണർമാരേ, നിങ്ങൾ ശ്രദ്ധിക്കു. ഇത് നരേന്ദ്രമോദിയുടെ സർക്കാരാണ്. നിങ്ങൾ അദ്ദേഹത്തിന് വേണ്ടി പ്രവർത്തിക്കുന്നു. പക്ഷേ ഇന്ത്യാ സഖ്യം രാജ്യത്തും ബിഹാറിലും സർക്കാർ രൂപീകരിക്കുന്ന ഒരു ദിവസം വരും. അതിന് ശേഷം ഞങ്ങൾ നിങ്ങൾ മൂന്ന് പേരെയും കൈകാര്യം ചെയ്യും എന്നായിരുന്നു രാഹുലിന്റെ വാക്കുകൾ
തെരഞ്ഞെടുപ്പ് കമ്മീഷന്റെ മോഷണം പിടിക്കപ്പെട്ടു. ഇപ്പോൾ കമ്മീഷൻ എന്നോട് സത്യവാങ്മൂലം ആവശ്യപ്പെടുന്നു. രാജ്യം മുഴുവൻ നിങ്ങളോട് സത്യവാങ്മൂലം ആവശ്യപ്പെടും. നരേന്ദ്രമോദിയെയും തെരഞ്ഞെടുപ്പ് കമ്മീഷനെയും ഭാരത് മാതാവിനെയും ഭരണഘടനയെയും ആക്രമിക്കാൻ ഞങ്ങൾ അനുവദിക്കില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.