ഉത്തര്‍പ്രദേശില്‍ വീണ്ടും ബുള്‍ഡോസര്‍ രാജ്; 225 മദ്രസകള്‍, 30 മസ്ജിദുകള്‍, 25 ദര്‍ഗകള്‍, ആറ് ഈദ്ഗാഹുകളും പൊളിച്ച് യോഗി: വ്യാപക പ്രതിഷേധം

അനധികൃത നിര്‍മാണമെന്ന് ആരോപിച്ച് ഉത്തര്‍പ്രദേശിലെ 225 മദ്രസകളും 30 മസ്ജിദുകളും ഇടിച്ചുനിരത്തി യോഗി ആദിത്യനാഥ്. നേപ്പാള്‍ അതിര്‍ത്തിക്ക് സമീപം മഹാരാജ്ഗഞ്ച്, സിദ്ധാര്‍ഥ് നഗര്‍, ബല്‍റാംപുര്‍, ഷ്രവസ്തി, ബഹ്റെയ്ച്, ലഖിംപുര്‍ ഖേരി, പില്‍ഭിത് എന്നിവിടങ്ങളിലാണ് മതസ്ഥാപനങ്ങള്‍ തകര്‍ത്തത്. 225 മദ്രസകള്‍, 30 മസ്ജിദുകള്‍, 25 ദര്‍ഗകള്‍, ആറ് ഈദ്ഗാഹുകള്‍ എന്നിവ ബുള്‍ഡോസറുകള്‍കൊണ്ട് ഇടിച്ച് നിലംപരിശാക്കുകയായിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
എന്നാല്‍,സര്‍ക്കാര്‍ ഭൂമി കൈയേറി നിര്‍മിച്ച മതകേന്ദ്രങ്ങളാണ് തകര്‍ത്തതെന്നാണ് സര്‍ക്കാര്‍ വിശദീകരണം. കഴിഞ്ഞ മാസം യോഗി സര്‍ക്കാരിന്റെ ബുള്‍ഡോസര്‍ രാജിനെതിരെ സുപ്രീംകോടതി താക്കീത് ചെയ്തിരുന്നു. പ്രയാഗ്രാജില് വീടുകള്‍ ഇടിച്ചുനിരത്തിയത് മനസാക്ഷിയെ പിടിച്ചുലച്ചെന്ന് പറഞ്ഞ ജസ്റ്റിസുമാരായ അഭയ് എസ് ഓഖ, ഉജ്ജല്‍ ഭൂയാന്‍ എന്നിവരുടെ ബെഞ്ച് ഒരു വീടിന് 10 ലക്ഷം രൂപവീതം ആറുപേര്‍ക്ക് 60 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും ഉത്തരവിട്ടു. ബുള്‍ഡോസര്‍രാജില്‍ ആദ്യമായാണ് സുപ്രീംകോടതി നഷ്ടപരിഹാരം നല്കാന് വിധിക്കുന്നത്. ആറാഴ്ചക്കുള്ളില്‍ പ്രയാഗ്രാജ് വികസന അതോറിറ്റി നഷ്ടപരിഹാരം നല്‍കണം.
‘പാര്‍പ്പിടത്തിനുള്ള അവകാശം ആര്‍ട്ടിക്കിള്‍ 21ന്റെ അവിഭാജ്യഘടകമാണ്. ജീവിക്കാനുള്ള അവകാശമാണ് ലംഘിച്ചത്. ഭാവിയില്‍ നടപടിക്രമങ്ങള്‍ പാലിക്കുന്നത് ഓര്‍ക്കാന്‍ നഷ്ടപരിഹാരം ഈടാക്കലാണ് എറ്റവും അനുയോജ്യം. നിങ്ങളുടെ എല്ലാ പ്രവൃത്തികളെയും ഞങ്ങള്‍ നിയമവിരുദ്ധമായി രേഖപ്പെടുത്തും. നിയമങ്ങള്‍ കാറ്റില്‍പറത്തിയുള്ള ഇടിച്ചുനിരത്തല്‍ മനുഷ്യത്വവിരുദ്ധമാണ്. നിയമവാഴ്ചയെന്നൊന്നുണ്ട്. അനധികൃത നിര്‍മാണമാണെങ്കില്‍ പൊളിക്കുന്നതിന് മുമ്പ് നിയമപരമായ നടപടിക്രമങ്ങള്‍ പാലിക്കണം. ബാധിക്കപ്പെടുന്നവര്‍ക്ക് നേരിട്ടോ, രജിസ്ട്രേഡ് പോസ്റ്റോ ആയി നല്‍കുന്നതിന് പകരം ചുമരില്‍ പതിച്ച് പോകുന്നത് അവസാനിപ്പിക്കണം. ചട്ടപ്രകാരം നോട്ടീസ് നല്കാന് ആത്മാര്‍ഥമായി ഒരിക്കല്‍പ്പോലും ശ്രമിച്ചില്ല. പരാതി അറിയിക്കാനുള്ള സമയം പോലും നല്‍കിയില്ല. നോട്ടീസ് നല്കി 24 മണിക്കൂറിനകമാണ് വീടുകള്‍ പൊളിച്ചത്’. കോടതി ചൂണ്ടിക്കാട്ടി.
അനധികൃത കൈയേറ്റമെന്നാരോപിച്ച് 2021ലാണ് പ്രയാഗ്രാജ് വികസന അതോറിറ്റി പൊളിച്ചത്. സര്‍ക്കാര്‍ നടപടി ശരിവച്ച അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ അഭിഭാഷകനായ സുല്‍ഫിക്കര്‍ ഹൈദര്‍, പ്രൊഫ. അലി അഹമ്മദ്, രണ്ട് വിധവകള്‍ തുടങ്ങിയവര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് നിര്‍ണായക ഇടപെടല്‍. അന്തിമ വിധിക്ക് വിധേയമായി വീടുകള്‍ സ്വന്തം ചെലവില്‍ പുനര്‍ നിര്‍മിക്കാന്‍ ഹര്‍ജിക്കാര്‍ക്ക് മാര്‍ച്ച് 24ന് അനുമതി നല്‍കിയിരുന്നു. ഇതിനുള്ള സാമ്പത്തിക ഭദ്രതയില്ലന്ന് ചൂണ്ടിക്കാട്ടിയതോടെ നഷ്ടപരിഹാരം നല്കാന് ചൊവ്വാഴ്ച ഉത്തരവിടുകയായിരുന്നു. ഭൂമിയില്‍ ഉടമസ്ഥാവകാശം സ്ഥാപിക്കുന്നതിനുള്ള നടപടിയാരംഭിക്കാനും ഹര്‍ജിക്കാര്‍ക്ക് അനുമതി നല്കി.