വാടകക്കെടുത്ത ഫ്‌ളാറ്റുകൾ ഒ എൽ എക്‌സിൽ വിൽപ്പന നടത്തി തട്ടിപ്പ്; യുവാവ് പിടിയിൽ

കൊച്ചിയിൽ ഫ്‌ളാറ്റുകൾ വാടകക്കെടുത്ത് ഉടമ അറിയാതെ ഒഎൽഎക്‌സിലൂടെ വിൽപ്പന നടത്തുന്ന സംഘത്തിലെ ഒരാൾ അറസ്റ്റിൽ. ഒരേ ഫ്‌ളാറ്റ് കാണിച്ച് മൂന്ന് പേരിൽ നിന്ന് 20 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ വാഴക്കാലയിൽ വാടകക്ക് താമസിക്കുന്ന മിന്റു ആന്റണിയാണ്(36) പിടിയിലായത്
ഇയാൾ കേസിലെ രണ്ടാം പ്രതിയാണ്. ഒന്നാം പ്രതിയായ ആശ ഒളിവിലാണെന്ന് പോലീസ് അറിയിച്ചു. കാക്കനാട്ടും പരിസരപ്രദേശങ്ങളിലും ഫ്‌ളാറ്റുകൾ മാറി മാറി വാടകക്കെടുത്ത ശേഷം ഇത് പണയത്തിന് നൽകാമെന്ന് പറഞ്ഞ് ഒഎൽഎക്‌സിൽ പരസ്യം നൽകും. വൻ തുക പണയമായി വാങ്ങി കരാറുണ്ടാക്കും.
6,50,000 രൂപക്ക് ഫ്‌ളാറ്റ് പണയത്തിനെടുത്ത വ്യക്തി താമസിക്കാൻ എത്തിയപ്പോഴാണ് ഇതേ ഫ്‌ളാറ്റ് പണയത്തിന് നൽകാമെന്ന് പറഞ്ഞ് മറ്റ് രണ്ട് പേരിൽ നിന്നായി എട്ട് ലക്ഷം രൂപ പ്രതികൾ വാങ്ങിയത് അറിയുന്നത്. സംഭവം പുറത്തറിഞ്ഞതോടെ സമാനമായ രീതിയിൽ തട്ടിപ്പിന് ഇരയായ ഇരുപതോളം പേരാണ് പോലീസിൽ പരാതിയുമായി എത്തിയത്.