ഓർമ്മപൊട്ടുകൾ 🍂🦋: ഭാഗം 86
[ad_1]
രചന: റിൻസി പ്രിൻസ്
തിരികെ ഇറങ്ങിയപ്പോൾ നല്ല ആവി പറക്കുന്ന കോഫിയുമായി അവൻ ബാൽക്കണിയിൽ അവളെയും കാത്ത് ഇരിപ്പുണ്ട്. ചെറിയ ചിരിയോടെ അവൻ നീട്ടിയ കോഫി വാങ്ങി അവന് അരികിലായി അവളും നിന്നു. മറുകൈയാല്‍ അവനവളെ ആ നിമിഷം തന്നോട് ചേർത്തു പിടിച്ചു.. പകലോൻ മേലെ അസ്തമിക്കാൻ തുടങ്ങുകയാണ് രണ്ടുപേരും ഒന്നും മിണ്ടിയില്ല പ്രണയം നിറച്ച മിഴികൾ പരസ്പരം ഉടക്കി നിന്നു ജീവിതത്തിൽ അതുവരെ രണ്ടുപേരും കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മനോഹരമായ സൂര്യാസ്തമനം ആയിരുന്നു അത്
ഓഫീസിൽ നിന്നും ഫ്ലാറ്റിലേക്ക് എത്തിയ സഞ്ജീവ് ഈ കാഴ്ച കണ്ടു കൊണ്ടാണ് വരുന്നത്. ഒന്ന് മുരടനക്കി അവൻ ഇരുവരെയും കളിയാക്കിയിരുന്നു… ആ സമയത്താണ് രണ്ടുപേരും പരസ്പരം ഉള്ള നോട്ടം പിൻവലിച്ചു സഞ്ജീവിനെ നോക്കുന്നത്…
” രണ്ടുപേരുമിവിടെ കണ്ണും കണ്ണും നോക്കിക്കൊണ്ടിരിക്കുകയാണ് അല്ലെ…
അവൻ ഒന്ന് ആക്കി ചോദിച്ചു
” എന്റെ പൊന്നു സഞ്ജീവേട്ട അങ്ങനെയൊന്നുമില്ല…പിന്നെ ഈ നോട്ടവും പറച്ചിലും ഒക്കെ കല്യാണത്തിന് മുമ്പല്ലേ പറ്റൂ, അതുകഴിഞ്ഞാൽ പിന്നെ ലൈഫ് വേറൊരു രീതിയല്ലേ…
സാം പറഞ്ഞു
” നമ്മൾ സ്വർഗ്ഗത്തിലെ കട്ടുറുമ്പ് ആകുന്നില്ലേ..
” ഒന്ന് പോ സഞ്ജീവേട്ട, ഞാൻ നിങ്ങളെ നോക്കിയിരിക്കുകയായിരുന്നു..
“ഉവ്വ് ഞാനത് വിശ്വസിച്ചു..
ചെറുചിരിയോട് സഞ്ജീവ് പറഞ്ഞപ്പോൾ സാമും ശ്വേതയും ആ ചിരിയിൽ പങ്കുകൊണ്ടു.
” ഞാൻ സജീവേട്ടനെ കോഫി എടുക്കാം..
അതും പറഞ്ഞു ശ്വേത അടുക്കളയിലേക്ക് പോയിരുന്നു, പിന്നീട് ഓരോരുത്തരായി വരാൻ തുടങ്ങി കോഫിയും ബ്രഡ് സാൻവിച്ച് ആയിരുന്നു എല്ലാവരും കഴിച്ചത്… ശേഷം പതിയെ പതിയെ എല്ലാവരും തങ്ങളുടെ വിശേഷങ്ങൾ പറയാൻ തുടങ്ങി. ഇതിനിടയിൽ സാമിന്റെയും ശ്വേതയുടെയും വിവാഹവും ചർച്ചയായി… അങ്ങനെ ഇരുവർക്ക് ഉള്ള ഹണിമൂൺ ട്രിപ്പ് ഫ്ലാറ്റ്മേറ്റ്സ് തന്നെ ഓഫർ ചെയ്യാം എന്ന ഒരു തീരുമാനത്തിൽ എത്തി. കുളു മണാലി ട്രിപ്പിനാണ് കൂടുതൽ ആളുകളും താൽപര്യം കാണിച്ചത്… അതുകൊണ്ടു തന്നെ വിവാഹശേഷം രണ്ടുപേരും കുളു മണാലി പോയി അടിച്ചുപൊളിക്കാനുള്ള ടിക്കറ്റും മറ്റും സ്പോൺസർ ചെയ്യാൻ എല്ലാവരും തയ്യാറായി.
തുടർന്നുള്ള ദിവസങ്ങളിൽ ജോലിയുടെ തിരക്കിലായിരുന്നു രണ്ടുപേരും. ഫ്ലാറ്റിൽ വന്നാലും കുറച്ചധികം ജോലി തീർക്കാൻ ഉണ്ടായിരുന്നു. വിവാഹത്തിനു വേണ്ടി ഇനിയും അവധി എടുക്കേണ്ട ഉള്ളതിനാൽ ജോലികളെല്ലാം തീർത്തു വയ്ക്കുകയായിരുന്നു രണ്ടുപേരും. ഇതിനിടയിൽ കഴിക്കുന്ന സമയത്ത് അല്ലാതെ പരസ്പരം കാണുന്നത് തന്നെ വലിയ ബുദ്ധിമുട്ടേറിയ കാര്യമായി.. വീട്ടിൽ നിന്ന് വിളിച്ച് വിശേഷങ്ങളൊക്കെ ചോദിക്കുകയും ചെയ്യുന്നുണ്ട്. അവിടെ എല്ലാവരും വിവാഹത്തിന്റെ തിരക്കിലാണ് എന്ന് മനസ്സിലായി. അങ്ങനെ വിവാഹത്തിന് കൃത്യം ഒരാഴ്ച മുൻപ് രണ്ടു പേരും ഒരുമിച്ച് തന്നെ തിരികെ വീണ്ടും നാട്ടിലേക്ക് പോകുവാനുള്ള തയ്യാറെടുപ്പുകൾ നടത്തി. ഇത്തവണ ഫ്ലൈറ്റിനാണ് യാത്ര.. നേരത്തെ വീട്ടിൽ രണ്ടുപേർക്കും എത്തണം കാരണം ഓടിനടക്കുവാനും കാര്യങ്ങൾ ഒതുക്കുവാനും രണ്ടു കുടുംബത്തിലും മറ്റു ആരുമില്ല. രണ്ടുപേരും ചെന്നതിനു ശേഷം മാത്രമേ ആ കാര്യങ്ങൾക്ക് തീരുമാനമാവുകയുള്ളൂ. അതുകൊണ്ടു തന്നെ രണ്ടുപേരും വളരെ പെട്ടെന്ന് വീട്ടിലേക്ക് പോകുവാനുള്ള തയ്യാറെടുപ്പ് നടത്തിയിരുന്നു. എയർപോർട്ടിൽ നിന്നും ശ്വേതയെ വീട്ടിൽ കൊണ്ടുപോയി വിട്ടതും സാം ആയിരുന്നു… വീട്ടിൽ കയറി വലിയമ്മച്ചിയേം കണ്ട് എല്ലാവരോടും സംസാരിച്ചാണ് സാം പുറത്ത് ഇറങ്ങിയത്…
പിന്നീട് അങ്ങോട്ട് കല്യാണ തിരക്കായിരുന്നു ഇതിനിടയിൽ ശ്വേത ക്ഷീണിച്ചു പോയി എന്നു പറഞ്ഞ് സാലി ഭക്ഷണം കഴിപ്പിക്കാനായി പുറകെ നടക്കാൻ തുടങ്ങി. ഉള്ള ഒരാഴ്ച കൊണ്ട് മകളെ എങ്ങനെയെങ്കിലും ഒന്ന് പുഷ്ടിപ്പെടുത്തി എടുക്കണം എന്ന് മാത്രമായിരുന്നു ആ അമ്മയ്ക്ക് ഉണ്ടായിരുന്നത്.. വിവാഹ തലേന്ന് അടുത്ത ബന്ധുക്കൾക്ക് വേണ്ടി ചെറിയ രീതിയിൽ ഉള്ള ഒരു വിരുന്ന് ശ്വേത ഒരുക്കിയിരുന്നു. അതിനുവേണ്ട കാര്യങ്ങൾ എല്ലാമായി ഓടി നടക്കുകയായിരുന്നു ശ്വേത. വിവാഹ തലേന്ന് അടുത്ത കുറച്ചു ബന്ധുക്കളും സുഹൃത്തുക്കളും ഒക്കെ ഇരുന്ന് പഴയ കാലങ്ങളെ കുറിച്ച് പറഞ്ഞപ്പോൾ തന്റെ ജീവിതം എത്രത്തോളം മാറിമറിഞ്ഞു എന്ന് ചിന്തിക്കുകയായിരുന്നു ശ്വേത. നാളെ താൻ ജീവിതത്തിലെ ഏറ്റവും ആഗ്രഹിക്കുന്ന ദിവസമാണ്. തന്റെ പ്രിയപ്പെട്ടവന്റെ മിന്ന് കഴുത്തിൽ കയറുന്ന ദിവസം. ഒരു ജന്മസാഫല്യം എന്ന് തന്നെ ഇതിനെ വിളിക്കണം..! ഈ ജന്മത്തിൽ ഇത്രത്തോളം താൻ ആഗ്രഹിച്ചിട്ടുള്ള മറ്റൊന്നുമില്ല.
രാവിലെ തന്നെ ശ്വേത ഒരുക്കാനായി ബ്യൂട്ടീഷൻ എത്തിയിരുന്നു. ക്രീം നിറത്തിലുള്ള സ്റ്റോണുകൾ വച്ച സാരിയായിരുന്നു വിവാഹത്തിനു വേണ്ടി ശ്വേത തിരഞ്ഞെടുത്തിരുന്നത്. മുടി സാധാരണ പരമ്പരാഗത ക്രിസ്ത്യൻ വധുവിനെ പോലെ ഉയർത്തിക്കെട്ടി. മുത്തുകൾ വച്ചു. അതിനുമുകളിൽ നെറ്റും അണിഞ്ഞപ്പോൾ ഒരു പരമ്പരാഗത ക്രിസ്ത്യൻ വധുവിനെ പോലെ തന്നെ തോന്നിയിരുന്നു അവൾ… കഴുത്തിൽ വീതി കുറഞ്ഞ ഡയമണ്ട് നെക്‌ലസ് ആണ് ഇട്ടിരുന്നത്. അതുമാത്രമാണ് വിവാഹത്തിനു വേണ്ടി അവൾ വാങ്ങിയത്.. സ്വർണ്ണവും വെള്ളമുത്തും ഇടകലർന്ന രണ്ട് വള കൈകളിലും വെള്ള മുത്തു പതിപ്പിച്ച ചെറിയ ഒരു കമ്മൽ നെക്ലേസിന് ചേരുന്നത് തന്നെ കാതിലും അണിഞ്ഞു. വിവാഹ വസ്ത്രത്തിൽ മകളെ കണ്ടപ്പോൾ സാലി പൊട്ടി കരഞ്ഞിരുന്നു. ഒരുപാട് ആഗ്രഹിച്ചതാണ് ഈ നിമിഷം. എത്രത്തോളം കഷ്ടപ്പെട്ടാണ് താൻ തന്റെ മകളെ വളർത്തിയെടുത്തത് എന്ന് ആ നിമിഷം അവർ ചിന്തിക്കുകയായിരുന്നു. പല വീടുകളിലും പാത്രം കഴുകാൻ പോയപ്പോൾ ആഗ്രഹിച്ചിട്ടുള്ളത് തന്റെ മകൾ ഒരു നല്ല നിലയിൽ എത്തണം എന്ന് മാത്രമാണ്. തന്റെ ബുദ്ധിമുട്ടുകൾ അറിഞ്ഞു തന്നെയാണ് അവൾ ജീവിച്ചിട്ടുള്ളത്. പഠിക്കണം എന്ന് പറഞ്ഞപ്പോഴും അവൾക്ക് ഇഷ്ടപ്പെട്ട കോഴ്സ് തിരഞ്ഞെടുക്കാൻ അനുവാദം നൽകിയത് അവൾ തെറ്റിലേക്ക് ഒരിക്കലും പോവില്ലന്ന് ഉറപ്പുള്ളത് കൊണ്ടായിരുന്നു. സ്വന്തമായി ജോലി നേടിയപ്പോൾ സ്വന്തം കുടുംബത്തെ രക്ഷിക്കാനാണ് അവൾ ആദ്യം നോക്കിയത്. ഒറ്റയ്ക്കൊരു മകളെ വളർത്തി അവളെ വിവാഹം കഴിപ്പിച്ച് വിടാൻ തയ്യാറായി നിൽക്കുന്ന ഒരു അമ്മയുടെ മനസ്സ് വളരെ സങ്കീർണ്ണം ആയിരിക്കും. അഭിമാനമോ വേദനയോ ഒക്കെ അവർക്ക് തോന്നിയിരുന്നു. സന്തോഷം കൊണ്ടാണ് വേദന തോന്നുന്നത്. തന്റെ മകൾ ഏറ്റവും മികച്ച രീതിയിലാണ് ഇന്ന് നിൽക്കുന്നത്. സുരക്ഷിതമായ ഒരു കൈകളിലേക്ക് അവൾ എത്താൻ പോകുന്നു തന്നെക്കൊണ്ട് സാധിക്കുന്ന രീതിയിൽ ഒക്കെ താൻ അവളെ ഒരു മെച്ചപ്പെട്ട ജീവിതത്തിലേക്ക് നയിക്കാൻ സഹായിച്ചിട്ടുണ്ട്. ഒരമ്മ എന്ന നിലയിൽ അഭിമാനം തോന്നുന്ന നിമിഷമാണ്. എന്നാൽ ഇനി അവൾ മറ്റൊരു കുടുംബത്തിലെ അംഗമാണ് എന്ന് ചിന്തിക്കുമ്പോൾ വേദനയും തോന്നുന്നുണ്ട്. ഇന്നലെ വരെ തന്റെ ഒപ്പം ഉണ്ടായിരുന്നവൾ നാളെ മറ്റൊരു കുടുംബത്തിന്റെ ഭാഗമായി മാറുകയാണ് ഇനി ഈ വീട്ടിൽ അവൾ അതിഥി മാത്രമാണ്. ആദ്യമായി ജനിച്ച നിമിഷം മുതൽ ഇന്നുവരെയുള്ള അവളുടെ ഓരോ നിമിഷങ്ങളും ആ അമ്മയുടെ മനസ്സിലൂടെ കടന്നുപോയി. കണ്ണുകൾ നിറഞ്ഞുനിൽക്കുന്ന തന്റെ അമ്മയുടെ മനസ്സിൽ ഇപ്പോൾ എന്തായിരിക്കും എന്ന് ഊഹിക്കാൻ ശ്വേതക്കും കഴിയുന്നുണ്ടായിരുന്നു. പെട്ടെന്ന് തന്നെ അവൾ അവരെ ചേർത്തു പിടിച്ചു…
“എന്നതിനാ കരയുന്നത്, ഇപ്പോൾ സന്തോഷിക്കല്ലേ വേണ്ടത്. ഞാൻ എവിടേക്ക് പോവാനാ, ഇവിടെ അടുത്ത് തന്നെ ഉണ്ടല്ലോ..
ശ്വേത പറഞ്ഞപ്പോൾ ഒരു ചിരിയോടെ കണ്ണുനീർ തുടച്ചിരുന്നു സാലി.. അതിനുശേഷം അവളെ ചേർത്ത് പിടിച്ച് ആ നെറ്റിയിൽ ഒന്നു മുത്തി.. വല്ല്യമ്മച്ചിയുടെയും കണ്ണുകൾ നിറഞ്ഞിരുന്നു രണ്ടുപേരെയും ചേർത്ത് നിർത്തി ഒന്ന് ചുംബിക്കാൻ അവളും മറന്നില്ല… കൃത്യമായി ആ വികാരനിമിഷങ്ങൾ ഫോട്ടോഗ്രാഫർ ക്യാമറയിൽ പകർത്തുകയും ചെയ്തിരുന്നു. അനുജന്റെ ഒപ്പവും ചേർന്ന് നിന്ന് കുറച്ച് അധികം ചിത്രങ്ങൾ എടുത്തു… സാലിയുടെ സഹോദരനായിരുന്നു കാറിൽ ഡ്രൈവറായി ഇരുന്നത്. ശ്വേതയുടെ വണ്ടി തന്നെയാണ് വിവാഹത്തിനു വേണ്ടി അലങ്കരിച്ചിരുന്നത്. ലവ് ഷെയ്പ്പിൽ റോസാപ്പൂക്കൾ കൊണ്ട് ഒരു അലങ്കാരമാണ് കാറിൽ ഒരുക്കിയിരുന്നത്.
പള്ളിയിലേക്ക് ചെല്ലുമ്പോൾ തന്നെ സാമിന്റെ വാഹനവും അവിടെ കിടപ്പുണ്ടായിരുന്നു. അവരുടെ കുടുംബത്തിലുള്ള എല്ലാവരും ഒരു പ്രത്യേക ഡ്രസ്സ് കോഡ് ഒക്കെ ഇട്ടാണ് വിവാഹത്തിന് വന്നിരിക്കുന്നത്.. ഒലിവ് ഗ്രീൻ കളറിലുള്ള ഗൗൺ ആണ് പെൺകുട്ടികളുടെ ഭാഗം മുഴുവൻ. സ്ത്രീകളാണെങ്കിൽ അതിന് ചേരുന്ന രീതിയിലുള്ള സാരിയും ചുരിദാറും ഒക്കെ അണിഞ്ഞിട്ടുണ്ട് സാമിന്റെ അച്ഛനും അമ്മയും സഹോദരിയും അളിയനും കുട്ടിയും മാത്രം ഓഫ് വൈറ്റ് നിറത്തിലുള്ള വസ്ത്രത്തിലാണ് എത്തിയിരിക്കുന്നത്. അവൻ സ്യൂട്ടിൽ സുന്ദരനായി അവൾക്ക് തോന്നുകയും ചെയ്തു. അവൾ കാറിന്നു പുറത്തേക്ക് ഇറങ്ങിയതും ആ സമയം തന്നെ കാറിൽ നിന്ന് ഇറങ്ങി സാം അവൾക്ക് നേരെ കൈനീട്ടി, ഇനിയുള്ള ജീവിതത്തിൽ ഒരുമിച്ചാണ് എന്നും ഒരിക്കലും ഈ കൈകൾ വിടില്ല എന്നും പറയാതെ പറയുന്നതുപോലെ…
രണ്ടുപേരും പള്ളിക്കുള്ളിലേക്ക് പ്രവേശിച്ചപ്പോൾ പൂക്കൾ കൊണ്ടുള്ള സ്വീകരണമാണ് ലഭിച്ചത്. വിവാഹം വലിയ ആഡംബരമായി തന്നെയാണ് സാമിന്റെ വീട്ടുകാർ നടത്തുന്നത് എന്ന് അതിൽ നിന്ന് തന്നെ അവൾക്ക് മനസ്സിലായി. വിവാഹത്തിന്റെ സ്റ്റേജും ഇന്റീരിയൽ വർക്കും ഒക്കെ കണ്ടപ്പോൾ തന്നെ നന്നായി പണം ചിലവായിട്ടുണ്ടെന്ന് അവൾക്ക് മനസ്സിലായി. പൊതുവേ വിവാഹത്തിനു വേണ്ടി ഇത്രയും പണം ചിലവാക്കുന്നതിനോട് ഒന്നും അവൾക്ക് താല്പര്യം ഇല്ല. പിന്നെ അത് അവരുടെ ഇഷ്ടമല്ലേ എന്ന് കരുതി അവൾ ഒന്നും സംസാരിക്കാനും പോയില്ല. പുരോഹിതൻ ഓരോ കാര്യങ്ങളും പറയുകയാണ്. ഉയർന്നുവരുന്ന പ്രാർത്ഥനകളുടെയും ധൂപക്കുറ്റിയിലെ കുന്തിരിക്കഗന്ഥത്തിന്റെയും ഇടയിൽ റാണി പിങ്ക് നിറത്തിലുള്ള രണ്ടാം സാരിയിലെ ഏഴ് നൂലുകൾ ചേർത്ത നൂലിൽ 7 ഡയമണ്ട് കല്ലുകൾ പതിപ്പിച്ച കുഞ്ഞുമിന്ന് അവളുടെ മാറിൽ അവൻ ചാർത്തി. കണ്ണുകൾ അടച്ച് അൾത്താരയിലെ ക്രിസ്തുനാഥന് മുൻപിൽ കണ്ണുനീരോടെ അവൾ ഒരു നൂറു നന്ദി പറഞ്ഞിരുന്നു… ആ നിമിഷവും അവന്റെ കൈചൂട് അവൾ പിൻകഴുത്തിൽ അറിയുന്നുണ്ടായിരുന്നു ….കാത്തിരിക്കൂ………
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…
[ad_2]