Novel

തെന്നൽ: ഭാഗം 7

[ad_1]

രചന: മുകിലിൻ തൂലിക

 “മാപ്പ് ചോദിയ്ക്കാനുള്ള അർഹത പോലും എനിക്കില്ലെന്നറിയാം… പക്ഷെ… എനിക്കിതല്ലാതെ വേറെ വഴിയില്ലാരുന്നു അമ്മച്ചീ…” തികട്ടി വന്ന തേങ്ങൽ അയാളുടെ ചങ്കിൽ പിടഞ്ഞമർന്നു.. “ആരോടും ചോദിയ്ക്കാതെ തന്നിഷ്ടത്തിനു നീ ഇങ്ങനൊരു തീരുമാനം എടുക്കാൻ പാടില്ലാരുന്നു നിവിച്ചാ…” അമ്മച്ചി നനഞ്ഞ കൺപീലി ഉയർത്തി നിവിനെ നോക്കി… “അമ്മയ്‌ക്കെന്തെങ്കിലും സംഭവിച്ചു പോയാൽ അവള് പിന്നെ ജീവിച്ചിരിയ്ക്കത്തില്ലെന്നു എത്രയോ തവണ പറഞ്ഞിരുന്നു എന്നോട്…

അന്ന് തന്നെ ഞാനീ കാര്യം അവളോട് പറഞ്ഞിരുന്നെങ്കിൽ ഒരുപക്ഷെ തെന്നലിപ്പോഴും നമ്മുടെ വീട്ടിലുണ്ടാവുമായിരുന്നില്ല….” “എന്തിന്റെ പേരിലായാലും നീ ചെയ്തത് പൊറുക്കാൻ പറ്റാത്ത തെറ്റാ മോനെ… അവളിതറിഞ്ഞാൽ നിന്നോട് പൊറുക്കത്തില്ല….” അമ്മച്ചി തളർച്ചയോടെ മണൽത്തരികളിലിരുന്നു പോയി!! “അമ്മച്ചി ഓർക്കുന്നില്ലേ ഒരു മാസം മുമ്പേയുള്ള തെന്നലിനെ?? അവളെന്തു മാത്രം സങ്കടത്തിലായിരുന്നു??

ഇപ്പോഴുള്ള ഈ സന്തോഷത്തിനും പ്രസരിപ്പിനും കാരണം ഞാൻ പറഞ്ഞു കൂട്ടിയ നുണക്കഥകളല്ലെന്നു അമ്മച്ചിയ്ക്ക് പറയാൻ കഴിയോ??” “പക്ഷെ… മരിച്ചു പോയത് അവളുടെ അമ്മയാണ് മോനെ… എന്തൊക്കെ ന്യായീകരണങ്ങൾ സൃഷ്ടിച്ചാലും അതൊന്നും തെന്നൽ മോൾക്ക് അംഗീകരിയ്ക്കാനും ഉൾക്കൊള്ളാനും കഴിയില്ല!!” “അന്ന് ഞാൻ എല്ലാം തുറന്നു പറഞ്ഞിരുന്നെങ്കിൽ അവള് അമ്മയോടൊപ്പം പോവുമായിരുന്നു.. അതോടെ നേഹമോളുടെ അവസ്ഥ പഴയതിലും ദയനീയമായേനെ…

നമ്മുടെ വീട് വീണ്ടും ആനിയുടെ വേർപാട്‌ സമ്മാനിച്ച മരവിപ്പിലേയ്ക്ക് തിരിച്ചു പോയേനെ… ആലോചിച്ചു നോക്ക് അമ്മച്ചി… ഇതല്ലാതെ ഞാൻ വേറെ എന്നാ ചെയ്യുമായിരുന്നു അപ്പൊ??” നിവിന്റെ വാക്കുകൾക്ക് മറുപടി പറയാനാവാതെ അവർ വേദനയോടെ സമുദ്രത്തിന്റെ ആഴങ്ങളിലേക്ക് നോട്ടമയച്ചു… “തെന്നലിനോട് ഞാനെല്ലാം തുറന്നു പറയാൻ പോവ്വാ അമ്മച്ചി… ഇല്ലെങ്കിൽ എല്ലാം എന്റെ ചങ്കിനകത്തു കിടന്നു വെന്തു നീറി ഞാനതിൽ കിടന്നു മരിച്ചു പോവ്വും…”

നിവിൻ അമ്മച്ചിയുടെ അരികിലിരുന്നു… അയാളുടെ കണ്ണുകളിൽ വേദന നിഴൽ വിരിച്ചിരുന്നു… “എല്ലാം അറിഞ്ഞു കഴിയുമ്പോൾ അവളെന്നെ വെറുക്കും!! സ്വാർത്ഥനെന്നു മുദ്ര കുത്തും!! എന്റെ സ്നേഹം പോലും അവൾക്കൊരു ഭാരമായിരിയ്ക്കും!! നമ്മളെ എല്ലാരേയും ഉപേക്ഷിച്ചു അവള് പോവും!! അറിയുന്നവരെല്ലാം എന്നെ കുറ്റപ്പെടുത്തും!! അപ്പൊ അമ്മച്ചിയെങ്കിലും എന്നെ മനസ്സിലാക്കി കൂടെ നിക്കുവോ?? കുറ്റപ്പെടുത്തലുകളിൽ കൂടെ നിൽക്കാൻ ഒരാളെങ്കിലും ഉണ്ടെന്ന് തോന്നൽ വരാൻ വേണ്ടിയാ…”

അടക്കി നിർത്തിയ സങ്കടം അതിർത്തി ഭേദിച്ചിരുന്നു… അമ്മയുടെ മടിയിൽ തന്റെ സങ്കടക്കടലിറക്കി വയ്ക്കുമ്പോൾ ആ തലോടലിൽ ഒരിറ്റു സാന്ത്വനം തേടുകയായിരുന്നു അയാൾ… “കർത്താവിനെന്താ അമ്മച്ചി എന്നോട് മാത്രം ഇത്ര ദേഷ്യം?? ഞാൻ ആരെയൊക്കെ സ്നേഹിച്ചാലും അവരെയൊക്കെ തട്ടിയെടുക്കും… അത്രയ്ക്ക് സ്നേഹിയ്ക്കാൻ കൊള്ളാത്തവനാണോ ഞാൻ??” ഒരു കൊച്ചു കുഞ്ഞിനെപ്പോലെ തേങ്ങുന്ന നിവിനെ കണ്ടപ്പോൾ അവരുടെ ഹൃദയം നീറിപ്പുകഞ്ഞു!!

ഇതിനു മുൻപ് നിവിനെ ഇങ്ങനൊരവസ്ഥയിൽ കണ്ടത് ആനിയുടെ മരണ ദിനത്തിലാണെന്നു അവർ വേദനയോടെ ഓർത്തു!! “കർത്താവിനു ആരോടും ദേഷ്യമില്ല നിവിച്ചാ… എല്ലാം നിന്റെ തോന്നലാ… ആനി മോൾക്ക് ആയുസ്സിനു നീളം കുറവായിരുന്നു!! പക്ഷെ തെന്നൽ മോളെ പറഞ്ഞു സമാധാനിയ്പ്പിയ്ക്കാൻ നിനക്ക് കഴിയണം!! സ്നേഹമാണ് നിന്നെ ഇത്തരമൊരു അബദ്ധം കാണിയ്ക്കാൻ പ്രേരിപ്പിച്ചത്… അവൾ അകന്നു പോയേക്കുമോ എന്നുള്ള ഭയം!!

അതാണ് നിന്നെക്കൊണ്ടു ഇങ്ങനൊക്കെ ചെയ്യിച്ചത്… പക്ഷെ അപ്പോഴും എന്നെങ്കിലുമൊരിയ്ക്കൽ അവൾ അമ്മയെ കാണണമെന്ന് നിർബന്ധം പിടിയ്ക്കുമെന്നു നീയോർത്തില്ല!!” അവർ നിവിന്റെ മുടിയിഴകളിൽ വിരലോടിച്ചുകൊണ്ടേയിരുന്നു… “അമ്മച്ചിയ്ക്കറിയാം എന്റെ മോന്റെ മനസ്സ്… അറിഞ്ഞുകൊണ്ട് ആരെയും ദ്രോഹിയ്ക്കാനും വേദനിപ്പിയ്ക്കാനും കഴിയില്ല എന്റെ കുഞ്ഞിന്… എല്ലാരുടെ ജീവിതത്തിലുമുണ്ടാവും ഇതുപോലെ തീരുമാനമെടുക്കാൻ കഴിയാത്തൊരവസ്ഥ…

അങ്ങനെ വരുമ്പോൾ നമ്മൾ തനിച്ചെടുക്കുന്ന തീരുമാനങ്ങൾ ശരിയായിക്കോളണമെന്നില്ല… ഏറ്റവും അടുപ്പമുള്ള ഒന്നോ രണ്ടോ പേരോട് കൂടി ആലോചിച്ചിട്ട് മാത്രേ ഇനി അതുപോലെയുള്ള അവസരങ്ങളിൽ തീരുമാനങ്ങൾ സ്വീകരിയ്ക്കാവൂ… ഇപ്പൊ സംഭവിച്ചു പോയ തെറ്റിനെ തിരുത്താനും നിനക്ക് മാത്രേ കഴിയൂ… അധികം വൈകാതെ എല്ലാം മോളോട് തുറന്നു പറഞ്ഞു മാപ്പു ചോദിയ്ക്ക്.. നിന്നെ മനസ്സിലാക്കാൻ അവൾക്ക് കഴിയട്ടെ ന്ന് അമ്മച്ചി കാർത്താവിനോട് പ്രാർത്ഥിയ്ക്കാം…”

“അവളെന്നെ വെറുക്കത്തില്ല്യോ അമ്മച്ചി?? എനിക്കത് സങ്കല്പിയ്ക്കാൻ പോലും വയ്യ!!” നിവിന്റെ ശബ്ദത്തിൽ വിറയൽ പടർന്നു!! “അവളൊരു സാധാരണ പെണ്ണല്ലേ?? വെറുത്തു പോയാലും അതിനു തെറ്റ് പറയാൻ പറ്റില്ല.. തൽക്കാലം അവളൊന്നും അറിയണ്ട… അധികം വൈകാതെ ഒരവസരം കിട്ടും അന്ന് എല്ലാം തുറന്നു പറയണം അവളോട്.. എന്റെ കുഞ്ഞിന്റെ ഉള്ളു കാണാൻ തെന്നലിന് കഴിയും… മോൻ അന്നങ്ങനെ ചെയ്തതുകൊണ്ട് മാത്രാ ആരുമില്ലെന്നുള്ള തോന്നൽ അവൾക്കില്ലാതായത്…

കുറച്ചു ദിവസങ്ങൾ കൊണ്ട് തന്നെ അവൾ നമ്മുടെ വീട്ടിലെ അംഗമായില്ലേ?? അതിന് കാരണം നീയാ… അതുപോലെ എല്ലാം നന്നായി അവസാനിപ്പിയ്ക്കാൻ നിനക്ക് കഴിയും…” അമ്മച്ചിയുടെ വാക്കുകൾ അയാളിൽ നേരിയ ആശ്വാസം പകർന്നു… മൗനമായി എത്രനേരം അവിടെയിരുന്നു എന്നോർമയില്ല!! സമുദ്ര നീലിമ ചുവപ്പിനും പിന്നീട് ഇരുട്ടിനും കീഴടങ്ങിയതിന് ശേഷമാണ് സങ്കടങ്ങളൊഴിഞ്ഞെണീറ്റത്!! തിരികെ വീട്ടിലേയ്ക്ക് ഡ്രൈവ് ചെയ്യയുമ്പോൾ നെഞ്ചിനു മുകളിലെ ഭാരം പതിന്മടങ്ങായി കുറഞ്ഞിരുന്നു..

ഉമ്മറത്ത് തന്നെ തെന്നൽ കാത്തിരിയ്ക്കുന്നുണ്ട്… ഞങ്ങളെ കണ്ടപ്പോൾ അവൾ സ്റ്റെപ്പിനരികിലേയ്ക്ക് നടന്നു വന്നു.. “നേഹ മോളെവിടെ മോളെ??” “മോളിന്ന് നേരത്തെ ഉറങ്ങി അമ്മച്ചി…” അവൾ അമ്മച്ചിയുടെ കയ്യിൽ പിടിച്ചു അകത്തേയ്ക്ക് കൊണ്ട് പോകുന്നത് ഞാൻ വെറുതെ നോക്കി നിന്നു!! ഇവിടുള്ള എല്ലാവരുടെയും കാര്യത്തിൽ അവൾക്കെന്തു ശ്രദ്ധയാണ്!! ഞാൻ പതിയെ കോണിപ്പടികൾ കയറി… രാത്രി ഭക്ഷണത്തിന് ശേഷം പതിവ് പോലെ നക്ഷത്രങ്ങളെ നോക്കി ടെറസിലിരുന്നു…

വീശിയടിയ്ക്കുന്ന തെക്കൻ കാറ്റിനു മുല്ലപ്പൂവിന്റെ സുഗന്ധമുണ്ടായിരുന്നു!! അടുത്തെവിടെ നിന്നോ ഒരു ചീവീട് ഉറക്കെ ശബ്ദിച്ചുകൊണ്ടിരുന്നു!! ഏകാന്തതയ്ക്ക് ഇത്രയേറെ സൗന്ദര്യമുണ്ടായിരുന്നോ?? “ട്ടോ….” പെട്ടെന്നുള്ള ശബ്ദത്തിൽ നിവിൻ ഞെട്ടിത്തിരിഞ്ഞു!! “പേടിച്ചോ??” തെന്നൽ ചിരിച്ചു… “മമ്… പേടിച്ചു..” ഞാൻ അവളുടെ ചിരിയിൽ പങ്കു ചേർന്നു… “എന്താ ഇത്ര സീരിയസ് ആയിട്ടൊരു ആലോചന??” “അങ്ങനെ പ്രത്യേകിച്ചൊരു ടോപ്പിക് ഒന്നൂല്ല… ”

“എന്നാ നമുക്ക് ഒന്നിച്ചിരുന്നു ആലോചിയ്ക്കാം…” അവളെന്റെ അരികിലിരുന്നു… തെന്നൽ അരികിൽ വന്നിരിയ്ക്കുമ്പോൾ മാത്രം എന്റെ ഹൃദയത്തെ പുൽകുന്നൊരു സന്തോഷമുണ്ട്!! പേരറിയാത്ത സന്തോഷം!! “എനിയ്ക്ക് തെന്നലിനോട് കുറച്ചു സംസാരിയ്ക്കാൻ ഉണ്ട്…” “അതിനീ മുഖവുരയുടെ ആവശ്യമുണ്ടോ?? ഇച്ചായൻ പറഞ്ഞോ…” “പറയാം… പക്ഷെ ഇവിടെ വച്ചല്ല…

നമുക്ക് നാളെ ഒന്ന് പുറത്തു പോയാലോ??” “ഇവിടുന്ന് പറയില്ല?? അത്രയും പ്രധാനപ്പെട്ട കാര്യമാണോ?? “ആണെന്ന് കൂട്ടിക്കോ… ” “എവിടെയാ പോവ്വാ??” “ഇവിടുന്ന് ഒരു പത്തു കിലോ മീറ്റർ പോയാൽ ചെറിയൊരു മലയുണ്ട്… നിറയെ പാറക്കല്ലുകളും പച്ചപ്പുമൊക്കെ ആയിട്ട്… നല്ല ഭംഗിയാ…അങ്ങോട്ട് പോയാലോ??”…..കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

[ad_2]

Related Articles

Back to top button