നവജാത ശിശുവിന്റെ വൈകല്യം: ഡോക്ടർമാർക്കെതിരായ നടപടി താക്കീതിൽ ഒതുങ്ങും

ആലപ്പുഴയിലെ നവജാത ശിശുവിന്റെ വൈകല്യത്തിൽ ഡോക്ടർമാർക്കെതിരായ നടപടി താക്കീതിൽ ഒതുക്കാൻ സർക്കാർ ശുപാർശ. ആശയ വിനിമയത്തിൽ ഒഴികെ ഗുരുതര വീഴ്ചയൊന്നും ഡോക്ടർമാരുടെ ഭാഗത്ത് നിന്നുണ്ടായില്ലെന്നാണ് വിദഗ്ധ സമിതി റിപ്പോർട്ട്. ഡോക്ടർമാരെ സംരക്ഷിക്കുന്ന റിപ്പോർട്ട് ഇന്നലെ രാത്രിയോടെയാണ് ആരോഗ്യമന്ത്രിക്ക് സമർപ്പിച്ചത്
അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിനെതിരെ നിയമ നടപടിയുമായി മുന്നോട്ടു പോകുമെന്ന് കുഞ്ഞിന്റെ പിതാവ് അനീഷ് അറിയിച്ചു. ഇനിയാർക്കും ഇത്തരത്തിൽ ഒരവസ്ഥ ഉണ്ടാകരുത്. സംഭവത്തിൽ അധികൃതർ പരസ്പരം പഴി ചാരുകയാണ്. ആശുപത്രിയിൽ നിന്ന് രേഖകൾ കാണാതായതിലും അന്വേഷണം വേണമെന്ന് അനീഷ് പറഞ്ഞു
നവജാത ശിശുവിന്റെ വൈകല്യത്തിൽ ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്നാണ് അന്വേഷണ റിപ്പോർട്ട്. കുഞ്ഞിനുണ്ടായ വൈകല്യങ്ങൾ നേരത്തെ കണ്ടെത്താൻ ആകില്ലെന്നും അനോമലി സ്‌കാനിംഗിൽ കണ്ടെത്താൻ കഴിയുന്നത് ഗുരുതര വൈകല്യങ്ങൾ മാത്രമാണെന്നും റിപ്പോർട്ടിൽ പറയുന്നു.