രാജീവ് പാർട്ടിയെ നയിക്കാൻ കഴിവുള്ളയാൾ; സാധാരണ പ്രവർത്തകനാവാൻ മാനസികമായി തയ്യാറെടുത്തു: കെ സുരേന്ദ്രൻ

തിരുവനന്തപുരം: ആധുനിക കാലത്ത് പാർട്ടിയെ നയിക്കാൻ കഴിവുള്ള ആളാണ് രാജീവ് ചന്ദ്രശേഖർ എന്ന് ബിജെപി നേതാവ് കെ സുരേന്ദ്രൻ. കഴിഞ്ഞ അഞ്ചുവർഷം താൻ കഠിനാധ്വാനം ചെയ്തു. അഞ്ചുവർഷം കഴിഞ്ഞ് ആരും അധ്യക്ഷ പദവിയിൽ തുടരില്ല. അഞ്ചുവർഷം പൂർത്തിയാക്കിയ എല്ലാവരും പ്രസിഡന്‍റ് സ്ഥാനത്ത് നിന്നും മാറും. മാധ്യമങ്ങൾക്ക് എന്തും പറയാമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
‘ബിജെപിയുടെ പുതിയ നേതൃത്വം ശക്തമായ മുന്നേറ്റം നടത്തും. കേരളത്തിൽ പാർട്ടി അധികാരത്തിൽ എത്തുന്ന കാലം വിദൂരമല്ല. 30 വർഷമായി രാജീവ് ചന്ദ്രശേഖർ പൊതു രംഗത്ത് ഉണ്ട്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന് അനുഭവ പരിചയമുണ്ട്. ആധുനിക കാലത്ത് പാർട്ടിയെ നയിക്കാൻ കഴിവുള്ള ആളാണ് രാജീവ് ചന്ദ്രശേഖരർ. അദ്ദേഹത്തെ നൂലിൽ കെട്ടി ഇറക്കിയതല്ല. സാധാരണ പ്രവർത്തകനായി പ്രവർത്തിക്കാൻ മാനസികമായി തയ്യാറെടുത്തു. വ്യക്തികൾ മാറിയതുകൊണ്ട് ടീം മാറുന്നതല്ല രീതി. എല്ലാവരും ചേർന്നാണ് പ്രവർത്തിക്കുന്നത്. പാർട്ടി ഒറ്റക്കെട്ടായി ഐക്യത്തോടെ മുന്നോട്ട് പോകും. മാധ്യമങ്ങളാണ് നിരന്തരം ഐക്യമില്ല എന്ന് പ്രചരിപ്പിക്കുന്നത്. മാധ്യമങ്ങളും സാമൂഹ്യ മാധ്യമങ്ങളും നോക്കിയല്ല പാർട്ടിയെ വിലയിരുത്തുന്നത്’ സുരേന്ദ്രൻ വ്യക്തമാക്കി.
അധ്യക്ഷ പദവിയിൽ അഞ്ച് വർഷം പൂർത്തിയാക്കിയ കെ സുരേന്ദ്രന് പകരമാണ് ദേശീയ നേതൃത്വം രാജീവ് ചന്ദ്രശേഖറിനെ ബിജെപി അധ്യക്ഷനായി നിയോഗിച്ചിരിക്കുന്നത്. സംസ്ഥാന അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിനായി കഴിഞ്ഞ ദിവസം ബിജെപി തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറക്കിയിരുന്നു. ഇന്ന് ചേർന്ന ബിജെപി കോർ കമ്മിറ്റിയിലാണ് രാജീവ് ചന്ദ്രശേഖറിൻ്റെ പേര് അധ്യക്ഷ സ്ഥാനത്തേയ്ക്ക് നിർദ്ദേശിക്കപ്പെട്ടത്.
രാജീവ് ചന്ദ്രശേഖറിനെ അധ്യക്ഷനായി ബിജെപി നേതൃത്വം നാളെ ഔദ്യോഗികമായി പ്രഖ്യാപിക്കും. തിങ്കളാഴ്ച സംസ്ഥാന കൗൺസിൽ യോഗത്തിൽ പുതിയ അധ്യക്ഷൻ ചുമതല ഏൽക്കും. അഞ്ച് വർഷമായി സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് തുടരുന്ന നിലവിലെ അധ്യക്ഷൻ കെ സുരേന്ദ്രൻ നാളെ സ്ഥാനമൊഴിയും.