ന്യൂസിലാൻഡിന് 356 റൺസിന് ഒന്നാമിന്നിംഗ്‌സ് ലീഡ്; രണ്ടാമിന്നിംഗ്‌സിൽ ഇന്ത്യക്ക് 2 വിക്കറ്റ് നഷ്ടമായി
ബംഗളൂരു ടെസ്റ്റിൽ ന്യൂസിലാൻഡ് ഒന്നാമിന്നിംഗ്‌സിൽ 402 റൺസിന് പുറത്തായി. 356 റൺസിന്റെ കൂറ്റൻ ഒന്നാമിന്നിംഗ്‌സ് ലീഡാണ് ന്യൂസിലാൻഡ് സ്വന്തമാക്കിയത്. ഇതോടെ ഇന്ത്യ ഇന്നിംഗ്‌സ് തോൽവി മുന്നിൽ കാണുകയാണ്. സെഞ്ച്വറി നേടിയ രചിൻ രവീന്ദ്ര, അർധ സെഞ്ച്വറികൾ നേടിയ ഡെവോൺ കോൺവേ, ടിം സൗത്തി എന്നിവരുടെ പ്രകടമാണ് കിവീസിന് മികച്ച സ്‌കോർ സമ്മാനിച്ചത്
157 പന്തിൽ നാല് സിക്‌സും 13 ഫോറും സഹിതം 134 റൺസാണ് രചിൻ രവീന്ദ്ര സ്വന്തമാക്കിയത്. 73 പന്തിൽ നാല് സിക്‌സും അഞ്ച് ഫോറും സഹിതം 65 റൺസാണ് സൗത്തി നേടിയത്. ഡെവോൺ കോൺവേ 91 റൺസും വിൽ യിംഗ് 33 റൺസുമെടുത്തു. ഇന്ത്യക്കായി കുൽദീപ് യാദവും ജഡേജയും മൂന്ന് വീതം വിക്കറ്റുകൾ വീഴ്ത്തി. സിറാജ് രണ്ടും ബുമ്ര, അശ്വിന് എന്നിവർ ഓരോ വിക്കറ്റും നേടി
രണ്ടാമിന്നിംഗ്‌സ് ആരംഭിച്ച ഇന്ത്യ മറ്റൊരു തകർച്ചയെ നേരിടുകയാണ്. രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 96 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. യശസ്വി ജയ്‌സ്വാളും രോഹിത് ശർമയും ചേർന്ന് മികച്ച തുടക്കം നൽകിയെങ്കിലും പിന്നീട് അതിവേഗം രണ്ട് വിക്കറ്റുകൾ നഷ്ടമായി. 35 റൺസെടുത്ത ജയ്‌സ്വാളാണ് ആദ്യം പുറത്തായത്. 52 റൺസെടുത്ത രോഹിതും പിന്നാലെ മടങ്ങി. ആറ് റൺസുമായി കോഹ്ലിയും സർഫറാസ് ഖാനുമാണ് ക്രീസിൽ