295 ഇന്ത്യക്കാരെ കൂടി യുഎസിൽ നിന്ന് നാടുകടത്തും

ന്യൂഡൽഹി: 295 ഇന്ത്യക്കാരെ കൂടി യുഎസിൽ നിന്ന് നാടുകടത്താൻ തീരുമാനിച്ചിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം. വിദേശകാര്യ മന്ത്രാലയവും മറ്റ് ബന്ധപ്പെട്ട ഏജൻസികളും ചേർന്ന് ഈ 295 വ്യക്തികളുടെ വിവരങ്ങൾ പരിശോധിച്ചുവരികയാണെന്ന് എംപി കതിർ ആനന്ദിന്റെ ചോദ്യത്തിന് വിദേശകാര്യ മന്ത്രാലയം ലോക്‌സഭയിൽ മറുപടി നൽകി.
യുഎസിൽനിന്ന് എത്തിയ മൂന്ന് വിമാനങ്ങളിലെയും ഇന്ത്യക്കാരോട് മതപരമായ ശിരോവസ്ത്രം നീക്കം ചെയ്യാൻ ആവശ്യപ്പെട്ടിട്ടില്ലെന്ന് അമേരിക്ക ഇന്ത്യയെ അറിയിച്ചതായി കേന്ദ്ര സർക്കാർ ലോക്‌സഭയെ അറിയിച്ചു. യുഎസിൽനിന്ന് നാടു കടത്തപ്പെട്ട് അമൃത്സർ വിമാനത്താവളത്തിൽ എത്തിയ നിരവധി സിഖ് മതസ്ഥർ തലപ്പാവ് ധരിക്കാതെ ഇറങ്ങിയതിനെത്തുടർന്ന് ഉണ്ടായ വിവാദത്തിന് പിന്നാലെയാണ് പ്രസ്താവന. ഇന്ത്യയിലേക്കുള്ള മൂന്ന് സൈനിക വിമാനങ്ങളിൽ കയറുന്നതിന് മുമ്പ് തങ്ങളുടെ തലപ്പാവ് നീക്കം ചെയ്തതായി നാടുകടത്തപ്പെട്ടവരും പഞ്ചാബ് എൻആർഐ വകുപ്പ് മന്ത്രി കുൽദീപ് സിംഗ് ധലിവാളും ആരോപിച്ചിരുന്നു.
ഫെബ്രുവരി 5, 15, 16 തീയതികളിൽ യുഎസ് വിമാനങ്ങളിൽ നാടുകടത്തിയ ഇന്ത്യക്കാരോട് മതപരമായ ശിരോവസ്ത്രങ്ങൾ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും സസ്യാഹാരം അഭ്യർത്ഥിച്ചതൊഴിച്ചാൽ മറ്റ് മതപരമായ കാര്യങ്ങളൊന്നും നാടുകടത്തപ്പെട്ടവർ വിമാനയാത്രയ്ക്കിടെ ആവശ്യപ്പെട്ടിട്ടില്ലെന്നും യുഎസ് വിഭാഗം വിദേശകാര്യ മന്ത്രാലയത്തെ അറിയിച്ചതായി ലോക്‌സഭാ എംപി രാജാ റാം സിങ്ങിന്റെ ചോദ്യത്തിന് വിദേശകാര്യ സഹമന്ത്രി കീർത്തി വർദ്ധൻ സിംഗ് രേഖാമൂലം മറുപടി നൽകി.
ഫെബ്രുവരി 5 ന് എത്തിയ ഇന്ത്യക്കാരോടുള്ള പെരുമാറ്റത്തെക്കുറിച്ച്, പ്രത്യേകിച്ച് സ്ത്രീകളെ വിലങ്ങ് വച്ചതുമായി ബന്ധപ്പെട്ട് ഇന്ത്യ യുഎസ് അധികാരികളോട് തങ്ങളുടെ ആശങ്കകൾ ശക്തമായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സ്ത്രീകൾ ഉൾപ്പെടെ നാടുകടത്തപ്പെട്ടവരുടെ ആദ്യ ബാച്ച് കൈയ്യിൽ വിലങ്ങുമായി ഇന്ത്യയിൽ എത്തിയതിനെതിരെ രാജ്യത്ത് വലിയ പ്രതിഷേധം ഉയർന്നിരുന്നു.
ഈ വർഷം ഡൊണാൾഡ് ട്രംപ് യുഎസ് പ്രസിഡന്റായതിനുശേഷം, 388 ഇന്ത്യക്കാരെ യുഎസിൽ നിന്ന് നാടുകടത്തിയിട്ടുണ്ട്, കൂടുതലും ഫെബ്രുവരിയിലാണ്. 388 പേരിൽ 153 പേർ പഞ്ചാബിൽ നിന്നുള്ളവരാണ്.