World

ഭൂമിയിലെ ജലത്തിന്റെ 46 ശതമാനവും ശാന്തസമുദ്രത്തിന്റെ സൃഷ്ടി

വാഷിങ്ടണ്‍: ഭൂമിയുടെ മൂന്നിലൊന്നു വലിപ്പമുള്ളതും ഭൂമിയിലെ മൊത്തം ജലത്തിന്റെ 46 ശതമാനം ശേഖരിക്കപ്പെട്ടിരിക്കുന്നതുമായ ഇടമാണ് ശാന്തസമുദ്രം. അപ്പോള്‍ മഹാസമുദ്രങ്ങളില്‍ ഏറ്റവും വലുതെന്ന പദവിയും പെസഫിക്കിന് സ്വന്തം. 16.62 കോടി ചതുരശ്ര കിലോമീറ്ററിലധികമാണ് ഈ ജലലോകത്തിന്റെ ഏകദേശം വലിപ്പം. ലോകത്തിലെ ഏറ്റവും ആഴമേറിയ സമുദ്രവും ഇതുതന്നെ.

11 കിലോമീറ്റര്‍ താഴ്ചയുള്ള പെസഫിക്കിലെ മാരിയാന ട്രെഞ്ചാണ് ലോകത്തിലെ സമുദ്രങ്ങളായ സമുദ്രങ്ങളെല്ലാം എടുത്താല്‍ ഏറ്റവും ആഴമുള്ള ഭാഗം. ശരാശരി നാലു കിലോമീറ്റര്‍ മുതല്‍ 11 കിലോമീറ്റര്‍വരെയാണ് വിവിധ ഭാഗങ്ങളിലെ ജലനിരപ്പ്. ഭൂമിയിലെ ഏറ്റവും ആഴമുള്ള ചാലഞ്ചര്‍ ഡീപ് എന്ന പ്രദേശവും ഈ സമുദ്രത്തിന്റെ അടിത്തട്ടിലാണ്.

ശാന്തമാക്കുന്ന എന്ന് അര്‍ഥമുള്ള പാസിഫൈ എന്ന ഇംഗ്ലീഷ് പദത്തില്‍നിന്നാണ് പസഫിക്ക് എന്ന പേര് ഉരുത്തിരിഞ്ഞതെന്നാണ് ഒരു വാദം. പോര്‍ച്ചുഗീസ് സമുദ്ര പര്യവേഷകനും നാവികനുമായിരുന്ന ഫെര്‍ഡിനാന്‍ഡ് മഗല്ലനാണ് ആ പേരു നല്‍കിയത്. മാരെ പസഫിക്കും എന്ന ലത്തീന്‍ വാക്കില്‍നിന്നാണ് പെസഫിക് സമുദ്രം എന്ന പേര്‍ ഉണ്ടാക്കിയതത്രേ. ഫിലിപ്പൈന്‍സ് വരെയുള്ള തന്റെ യാത്രയ്ക്കിടയില്‍ കടല്‍ ക്ഷോഭിക്കാതിരുന്നതിനാലാണ് മഗല്ലന്‍ ‘ശാന്തസമുദ്രം’ എന്ന പേരു നല്‍കിയത്.

ത്രികോണാകൃതിയിലാണ് പെസഫിക് സമുദ്രത്തിന്റെ കിടപ്പ്. വടക്കേയറ്റത്ത് ആര്‍ട്ടിക് പ്രദേശവും പടിഞ്ഞാറ് ഏഷ്യ, ഓസ്‌ട്രേലിയ വന്‍കരകളും കിഴക്കുഭാഗത്ത് വടക്കേ അമേരിക്ക, തെക്കേ അമേരിക്ക വന്‍കരകളും, തെക്കു ഭാഗത്ത് അന്റാര്‍ട്ടിക്കയും അതിരിടുന്നതാണ് ഇതിന്റെ ഭൂമിശാസ്ത്രം. അന്റാര്‍ട്ടിക്കയിലെ റോസ് കടല്‍ മുതല്‍ ബെറിംഗ് കടല്‍ വരെ തെക്കുവടക്കായും ഇന്തോനേഷ്യന്‍ തീരം മുതല്‍ കൊളംബിയന്‍ തീരം വരെ കിഴക്കു പടിഞ്ഞാറായുമാണ് ഈ സമുദ്രത്തിന്റെ സ്ഥാനം.

സമുദ്രങ്ങളെക്കുറിച്ച് ലളിതമായി പറഞ്ഞാല്‍ കരഭാഗത്ത് വെള്ളം നിറച്ചിട്ടാല്‍ എന്താണോ ഉണ്ടാവുക അതുതന്നെയാണ് സമുദ്രങ്ങളുടെയും കടലുകളുടെയും ഘടന. പസിഫിക്ള്‍ സമുദ്രത്തിനുള്ളില്‍ ഒരുപാട് അഗ്‌നിപര്‍വ്വതങ്ങളും കിടങ്ങുകളും ധാരാളം ഗര്‍ത്തങ്ങളും ഉള്‍ക്കൊള്ളുന്നു. അഗ്‌നിപര്‍വ്വതജന്യ ദ്വീപുകളും പഴിഴപുറ്റുകള്‍ നിറഞ്ഞവയും ഉള്‍പ്പെടെ ഇരുപതിനായിരത്തില്‍ അധികം ദ്വീപുകള്‍ ഇവിടെയുണ്ട്. കൂടുതലും പവിഴ ദ്വീപുകളാണ്.

പനാമ കനാല്‍ പസഫിക് സമൂദ്രത്തിനേയും അറ്റ്ലാന്റിക് സമുദ്രത്തേയും പരസ്പരം ബന്ധിപ്പിക്കുന്നു. ലോകത്തില്‍ ഏറ്റവും അധികം അഗ്‌നിപര്‍വത സ്‌ഫോടനങ്ങളും ഭൂകമ്പങ്ങളും ഉണ്ടാകുന്ന മേഖലയായ ‘റിങ് ഓഫ് ഫയര്‍’ കാണപ്പെടുന്നതും പെസഫിക്കിലാണ്. പേരു സൂചിപ്പിക്കുംപോലെ എപ്പോഴും ശാന്തമല്ല ഈ മഹാസമുദ്രം. സമുദ്രാടിത്തട്ടുകളെ പിടിച്ചുകുലുക്കുന്ന വമ്പന്‍ ഭൂചലനങ്ങളും സുനാമികളും ഇവിടെ സാധാരാണമാണ്. 2004ല്‍ തെക്കനേഷ്യന്‍ രാജ്യങ്ങളില്‍ വന്‍നാശം വിതച്ച സുനാമിയുടെ പ്രഭവ കേന്ദ്രവും പെസഫിക്കായിരുന്നു.

Related Articles

Back to top button