സ്വര്‍ണ കുതിപ്പ് അവസാനിക്കും പിന്നെ വെള്ളിയുടെ കാലം
മുംബൈ: ഇപ്പോള്‍ താരം മഞ്ഞലോഹമായ സ്വര്‍ണമാണ്. കഴിഞ്ഞ കുറേ മാസങ്ങളായി സ്വര്‍ണത്തിന്റെ റെക്കോഡുകള്‍ തിരുത്തിക്കൊണ്ടുള്ള തേരോട്ടമാണ് നാം കാണുന്നത്. വില വാണംപോലെ മുകളിലോട്ട് പോകുമ്പോഴും ആവശ്യക്കാര്‍ക്ക് ഒട്ടും കുറവുണ്ടാവുന്നില്ലെന്നതാണ് സ്വര്‍ണത്തിന് എക്കാലത്തും നേട്ടമാവുന്നത്.
ഏറ്റവും സുരക്ഷിതമായ നിക്ഷേപ മാര്‍ഗം എന്നതാണ് എക്കാലത്തും സ്വര്‍ണത്തെ മനുഷ്യന് ഏറ്റവും പ്രിയപ്പെട്ട ലോഹമാക്കി മാറ്റിയത്. പക്ഷേ സ്വര്‍ണത്തിന്റെ രാജവാഴ്ച അധികം വൈകാതെ അവസാനിക്കുമെന്നാണ് പുറത്തുവരുന്ന പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ആ സ്ഥാനം വെള്ളി സ്വന്തമാക്കും.
വെള്ളിക്കും ഇന്നത്തെ കാലത്ത് ആവശ്യക്കാരേറെയാണ്. വ്യവസായം, ആഭരണങ്ങള്‍, നിക്ഷേപം എന്നിവയ്ക്ക് വെള്ളിയും പ്രയോജനപ്പെടുത്തുന്നവരുണ്ട്. എങ്കിലും എന്തുകൊണ്ടാണ് വെള്ളിക്ക് സ്വര്‍ണ്ണത്തേക്കാള്‍ വളരെ വിലകുറഞ്ഞിരിക്കുന്നത് എന്നു ചോദിച്ചാല്‍ ഭൂമിയില്‍ വെള്ളിയോളം കൂടിയ തോതില്‍ ലഭ്യമല്ലെന്നതും ഖനനംചെയ്ത് സംസ്‌കരിച്ചെടുക്കുന്നതിലെ ഭാരിച്ച ചെലവുമാണ് ഇതിന് പിന്നില്‍. ചില അമേരിക്കന്‍ ബാങ്കുകള്‍ വെള്ളി വില കൃത്രിമമായി അടിച്ചമര്‍ത്താന്‍ വളരെക്കാലമായി ശ്രമിച്ചിരുന്നതായി ഓക്‌സ്‌ഫോര്‍ഡ് ഇക്കണോമിക്‌സിന്റെ 2024ലെ ഒരു റിപ്പോര്‍ട്ട് വെളിപ്പെടുത്തിയിരുന്നു. ബാങ്കുകളുടെ ഈ നിലപാട് വെള്ളി വിലയെ ദോഷകരമായി ബാധിച്ചെന്നും റിപ്പോര്‍ട്ട് പറയുന്നു.
ഇന്നത്തെ നിരക്ക് പ്രകാരം ഒരു ഗ്രാം വെള്ളിക്ക് 98 രൂപയാണെങ്കില്‍ ഒരു ഗ്രാം സ്വര്‍ണത്തിന് 6,980 രൂപയാണ് നല്‍കേണ്ടത്.
സ്വര്‍ണം പരമ്പരാഗതമായി ഒരു സുരക്ഷിത നിക്ഷേപമായി കാണുകയും ഒരു ആസ്തിയാക്കി മാറ്റുകയും ചെയ്യുന്നുണ്ടെങ്കിലും ഈ സ്ഥിതി എല്ലാ കാലത്തും നിലനില്‍ക്കില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. വെള്ളിയുടെ വിലയില്‍ ഭാവിയില്‍ അഭൂതപൂര്‍വമായ വര്‍ധനവ് ഉണ്ടാവുമെന്നാണ് സില്‍വര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സമീപകാല റിപ്പോര്‍ട്ട് അഭിപ്രായപ്പെടുന്നത്. വെള്ളിയുടെ സ്വര്‍ണത്തെ തോല്‍പ്പിക്കുന്ന മുന്നേറ്റം പ്രവചിക്കുകകൂടി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
വ്യാവസായിക ഉപഭോഗവും ആധുനിക സാങ്കേതികവിദ്യകളിലെ മുഖ്യ ചേരുവകളില്‍ ഒന്നെന്ന തോതിലുള്ള ഉപയോഗവും ഖനനവും ഉല്‍പാദനവും തമ്മിലുള്ള കടുത്ത അസന്തുലിതാവസ്ഥയും കാരണം വെള്ളി വില ക്രമാതീതമായി ഉയര്‍ന്നേക്കാം എന്നാണ് സില്‍വര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
ഇലക്ട്രോണിക്‌സ്, സോളാര്‍ പാനലുകള്‍, ജല ശുദ്ധീകരണം എന്നിവയുള്‍പ്പെടെ നിരവധി പുതിയ സാങ്കേതികവിദ്യകളിലും നിരവധി വ്യാവസായിക ആപ്ലിക്കേഷനുകളിലും വെള്ളിയുടെ ഉപയോഗം നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്. വ്യാവസായിക ഉപയോഗങ്ങളില്‍ വെള്ളിയുടെ ആഗോള ആവശ്യം 2033 ആകുമ്പോഴേക്കും 46% വര്‍ധിക്കുമത്രെ. സമീപ ഭാവിയിലല്ലെങ്കിലും വിദൂര ഭാവിയില്‍ സ്വര്‍ണത്തേക്കാള്‍ വിലയേറിയതായി വെള്ളി മാറുമെന്ന് വ്യക്തം.
സ്വര്‍ണത്തിന്റെയും വെള്ളിയുടെയും ശേഖരം താരതമ്യം ചെയ്താല്‍ വെള്ളി ശേഖരം ഇപ്പോഴും സ്വര്‍ണ്ണത്തേക്കാള്‍ 10 മടങ്ങ് കൂടുതലാണെന്ന് ഡാറ്റകള്‍ പരിശോധിച്ചാല്‍ ബോധ്യപ്പെടും. വ്യാവസായിക ആവശ്യങ്ങള്‍ക്കുള്ള വെള്ള ലോഹത്തിന്റെ ആവശ്യം മഞ്ഞ ലോഹത്തേക്കാള്‍ വളരെ കൂടുതലാണെന്നതിനാല്‍ വെള്ളിയുടെ ശേഖരം അതിവേഗം ക്ഷയിക്കുകയാണ്. ശേഖരം കുറയുന്നത് വിതരണത്തില്‍ പ്രതിഫലിക്കുമെന്നതിനാല്‍ ഭാവിയില്‍ വില ഗണ്യമായി കൂടുന്നതിലേക്കാണ് നയിക്കുക. ഇത് സ്വര്‍ണത്തെ വിലയില്‍ മറികടക്കാവുന്ന സ്ഥിതിയിലേക്ക് നയിച്ചേക്കാം. സ്വര്‍ണവും വെള്ളിയും തമ്മിലുള്ള വില അസമത്വത്തിന് സംഭാവന നല്‍കിയ മറ്റൊരു ഘടകം വിപണിയിലെ കൃത്രിമത്വമാണെന്ന ഒരു വാദവും ശക്തമാണ്.