മിൽട്ടൺ ചുഴലിക്കാറ്റ് ഭീതിയിൽ ഫ്ളോറിഡ; ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിച്ചു
അമേരിക്കയിലെ ഫ്ളോറിഡയിൽ മിൽട്ടൺ കൊടുങ്കാറ്റ് ഭീതി. ഫ്ളോറിഡയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിച്ചതായി യുഎസ് സർക്കാർ അറിയിച്ചു. കനത്ത ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. മണിക്കൂറിൽ 255 കിലോ മീറ്ററിനും മുകളിൽ വേഗത കൈ വരിച്ചതോടെ ഏറ്റവും അപകടകാരിയായ ചുഴലിക്കാറ്റിന്റെ ലിസ്റ്റിലേക്ക് അടിച്ചു കയറിയ മിൽട്ടൺ ന്യൂ മെക്സിക്കോയും കടന്ന് ഫ്ളോറിഡയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്.
സുരക്ഷ മുൻനിർത്തി ജനങ്ങളോട് വീടുകളിൽ നിന്ന് ഒഴിഞ്ഞുപോകാൻ നിർദേശം നൽകിയിട്ടുണ്ട്. ഹെലീൻ ചുഴലിക്കൊടുങ്കാറ്റിന് ശേഷം മിൽട്ടണും എത്തുന്നത് കനത്ത ആശങ്കയുണ്ടാക്കുന്നുണ്ട്. അമേരിക്കയിലെ തെക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ആഞ്ഞടിച്ച ഹെലീൻ ചുഴലി കൊടുങ്കാറ്റിൽ 160 ലേറെ പേർ മരിച്ചിരുന്നു.
ഈയടുത്ത് രേഖപ്പെടുത്തിയതിൽ ഏറ്റവും വേഗമേറിയ ചുഴലിക്കാറ്റുകളിൽ ഒന്നിനെ നേരിടാൻ യുദ്ധസമാനമായ തയ്യാറെടുപ്പുകളാണ് ഫ്ളോറിഡയിൽ പുരോഗമിക്കുന്നത്. ചുഴലിക്കാറ്റിനെ നേരിടാൻ സമീപകാലത്തെ ഏറ്റവും വലിയ കുടിയൊഴിപ്പിക്കലിന് സാക്ഷ്യംവഹിക്കുകയാണ് ഫ്ളോറിഡ. ഇനി അധിക സമയം ഇല്ലെന്നും എത്രയും പെട്ടെന്ന് അവശേഷിക്കുന്നവരും ഒഴിഞ്ഞു പോകണമെന്നും ഗവർണർ റോൺ ഡി സാന്റിസ് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. കാറ്റിനൊപ്പം അതിശക്തമായ മഴക്കും വെള്ളപ്പൊക്കത്തിനും ഫ്ളോറിഡ സാക്ഷ്യം വഹിച്ചേക്കും.