World
മിൽട്ടൺ ചുഴലിക്കാറ്റ് കര തൊട്ടു; ഫ്‌ളോറിഡയിൽ വ്യാപക നാശം, കനത്ത ജാഗ്രത
മിൽട്ടൺ ചുഴലിക്കാറ്റ് ബുധനാഴ്ച വൈകുന്നേരത്തോടെ കര തൊട്ടു. ഫ്‌ളോറിഡയുടെ പടിഞ്ഞാറൻ തീരത്താണ് കാറ്റ് ആഞ്ഞടിച്ചത്. 125ലേറെ വീടുകൾ കനത്ത കാറ്റിൽ നശിച്ചു. ജനങ്ങൾ വീടുകളിൽ നിന്ന് ഒഴിഞ്ഞു പോകണമെന്ന് ഗവർണർ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
ഉഷ്ണമേഖല-കൊടുങ്കാറ്റ് കരയിലെത്തിയപ്പോൾ വേഗം മണിക്കൂറിൽ 233 കിലോമീറ്റർ വേഗതയിൽ നിന്ന് 193 കിലോമീറ്ററായി കുറഞ്ഞു. ഫ്‌ളോറിഡയിലെത്തുമ്പോൾ മിൽട്ടന്റെ വേഗത കുറയാനുള്ള സാധ്യത അധികൃതർ നേരത്തെ പ്രവചിച്ചിരുന്നു. 28 അടിയോളം ഉയരമുള്ള തിരമാലകളാണ് കരയിലേക്ക് ആഞ്ഞടിച്ചത്.
ഫ്‌ളോറിഡയിലെ പ്രധാന നഗരമായ ടമ്പ ബേയിൽ അതീവ ജാഗ്രത പുലർത്താനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ആറ് വിമാനത്താവളങ്ങൾ അടച്ചു. രണ്ടായിരത്തോളം വിമാന സർവീസുകൾ റദ്ദാക്കി. വെള്ളപ്പൊക്കത്തിനും മിന്നൽ പ്രളയത്തിനും സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.