ഫ്ളോറിഡയിൽ വ്യാപക നാശം വിതച്ച് മിൽട്ടൺ ചുഴലിക്കാറ്റ്; മരണസംഖ്യ 14 ആയി
അമേരിക്കയിലെ ഫ്ളോറിഡയിൽ നാശം വിതച്ച മിൽട്ടൺ ചുഴലിക്കാറ്റിൽ 14 മരണം. നാശനഷ്ടങ്ങളുണ്ടായ മേഖലയിൽ പരിശോധന തുടരുകയാണ്. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്ന് വിവരം. നിരവധി കെട്ടിടങ്ങൾ തകർന്നു. വൈദ്യുതി തടസ്സപ്പെട്ടതോടെ 30 ലക്ഷത്തിലേറെ വീടുകളും ബിസിനസ് സ്ഥാപനങ്ങളും ഇരുട്ടിലായി.
മുൻകരുതലിന്റെ ഭാഗമായി ഫ്ളോറിഡയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ഫ്ളോറിഡ തീരത്ത് അതീവ ജാഗ്രതാ നിർദേശവും നൽകി. ആയിരക്കണക്കിന് പേർ വീടുകൾ ഒഴിഞ്ഞ് സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറി.
2005ലെ റീത്ത ചുഴലിക്കാറ്റിനുശേഷം ഏറ്റവും പ്രഹരശേഷിയുള്ള കൊടുങ്കാറ്റായിരിക്കും മിൽട്ടൺ എന്നാണ് പ്രവചനം. യുഎസിൽ കനത്ത നാശം വിതച്ച ഹെലൻ ചുഴലിക്കൊടുങ്കാറ്റിന് പിന്നാലെ മിൽട്ടനും കൂടിയെത്തുന്നത് വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്. അമേരിക്കയിലെ തെക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ആഞ്ഞടിച്ച ഹെലൻ ചുഴലിക്കാറ്റിൽ 160ലധികം പേരാണ് മരിച്ചത്.