ഗുവാഹത്തി: അനധികൃത ഐ പി എല്‍ വാതുവെപ്പുമായി ബന്ധപ്പെട്ട കേസില്‍ തെന്നിന്ത്യന്‍ നടി തമന്ന ഭാട്ടിയയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) ചോദ്യം ചെയ്തു.
മഹാദേവ് ബെറ്റിങ് ആപ്പുമായി ബന്ധപ്പെട്ട കേസിലാണ് തമന്നക്കെതിരായ ആരോപണം.
അസം തലസ്ഥാനമായ ഗുവാഹാത്തിയിലെ ഇ.ഡി ഓഫീസില്‍ ഇന്ന് ഉച്ചക്ക് ഒന്നരയോടെയാണ് നടിയെ ചോദ്യം ചെയ്തത്. അഞ്ചര മണിക്കൂറോളം ചോദ്യം ചെയ്യല്‍ തുടര്‍ന്നു. അമ്മയോടൊപ്പമാണ് തമന്ന ഓഫീസില്‍ എത്തിയത്.
മഹാദേവ് വാതുവെപ്പ് ആപ്പിന്റെ അനുബന്ധ ആപ്ലിക്കേഷനായ ഫെയര്‍പ്ലേ ആപ്പ് വഴി ഐ.പി.എല്‍. മത്സരങ്ങള്‍ കാണാന്‍ പ്രൊമോഷന്‍ നടത്തിയെന്നാണ് നടി തമന്ന ഭാട്ടിയക്കെതിരേയുള്ള ആരോപണം. ഫെയര്‍പ്ലേ ബെറ്റിങ് ആപ്പിലൂടെ ഐ.പി.എല്‍. മത്സരങ്ങള്‍ അനധികൃതമായി തത്സമയം സംപ്രേഷണം ചെയ്തതായി നേരത്തെ പരാതിയുണ്ടായിരുന്നു.
ആപ്പിന്റെ പരസ്യത്തില്‍ അഭിനയിച്ചതിന്, ബോളിവുഡ് താരങ്ങളായ രണ്‍ബീര്‍ കപുറും ശ്രദ്ധാ കപുറും ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് ഇഡി കഴിഞ്ഞ വര്‍ഷം നിര്‍ദേശിച്ചിരുന്നു. ഇതോടെയാണ് മഹാദേവ് വാതുവെപ്പ് ആപ്ലിക്കേഷന്‍ വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്.
കേസുമായി ബന്ധപ്പെട്ട് ബോളിവുഡ് നടന്‍ സാഹില്‍ ഖാനേയും പോലീസ് അറസ്റ്റുചെയ്തിരുന്നു. ഛത്തീസ്ഗഢില്‍വെച്ച് മുംബൈ പോലീസ് സൈബര്‍ സെല്ലിന്റെ പ്രത്യേക അന്വേഷണസംഘമായിരുന്നു താരത്തെ അറസ്റ്റ് ചെയ്തത്.
അതേസമയം, ചോദ്യം ചെയ്യലിനെ കുറിച്ച് ഇഡിയോതമന്നയുടെ പ്രതിനിധികളോ ഔദ്യോഗിക പ്രസ്താവനകളൊന്നും പുറത്തുവിട്ടിട്ടില്ലെങ്കിലും, ഇന്ത്യയിലെ ചൂതാട്ട നിയമങ്ങള്‍ ലംഘിച്ചിരിക്കാവുന്ന ആപ്പിന്റെ പ്രമോഷണല്‍ പ്രവര്‍ത്തനങ്ങളില്‍ അവര്‍ പങ്കെടുത്തതിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നതെന്ന് അനുമാനിക്കപ്പെടുന്നു. അത്തരം പ്ലാറ്റ്ഫോമുകളെ അംഗീകരിക്കാന്‍ സെലിബ്രിറ്റികളുടെ ഉപയോഗം പൊതുജനങ്ങളില്‍ അവരുടെ സ്വാധീനത്തെക്കുറിച്ചും നിയമപരമായ പ്രത്യാഘാതങ്ങളെക്കുറിച്ചും ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്.