ഡൽഹിയിൽ സിആർപിഎഫ് സ്കൂളിന് സമീപം സ്ഫോടനം; ഫോറൻസിക് വിദഗ്ധർ സ്ഥലത്തെത്തി പരിശോധനയാരംഭിച്ചു
ന്യൂഡൽഹി: ഡൽഹി രോഹിണി പ്രശാന്ത് വിഹാറിലെ സിആർപിഎഫ് സ്കൂളിന് സമീപത്ത് സ്ഫോടനം. സ്കൂളിന്റെ മതിലിനോട് ചേർന്ന് രാവിലെ 7.50 ഓടെയാണ് ഉച്ചത്തിൽ സ്ഫോടനം ഉണ്ടായത്. ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഫോറൻസിക് വിദഗ്ധർ സംഭവസ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.
https://x.com/vinaytiwari9697/status/1847850493449523540
സ്ഫോടനം ഉണ്ടായപ്പോൾ ശബ്ദത്തോടൊപ്പം വലിയ പുകയും ഉയർന്നതോടെയാണ് ആശങ്ക വർധിച്ചത്. സ്കൂളിന് സമീപത്തുള്ള കടകളിൽ നിന്നും സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് വലിയ ശബ്ദം ഉണ്ടാവാനുള്ള കാരണമെന്ന് വൃത്തങ്ങൾ അറിയിച്ചു. സ്ഫോടനത്തിൽ പരിസരത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങളുടെ ചില്ലുകളും തകർന്നു.
സ്ഫോടനത്തിന്റെ ഒരു വീഡിയോയും പുറത്ത് വന്നിട്ടുണ്ട്. സംഭവം നടക്കുമ്പോൾ സ്ഥലത്ത് ഉണ്ടായിരുന്ന പ്രദേശവാസിയാണ് ദൃശ്യം വീഡിയോയിൽ പകർത്തിയത്. സ്ഫോടനം നടന്ന സ്ഥലത്തുനിന്നും വലിയ രീതിയിൽ പുക ഉയരുന്നത് വീഡിയോയിൽ കാണാം.
ഫോറൻസിക് ടീമിന് പിന്നാലെ ഡൽഹി പോലീസിന്റെ സ്പെഷ്യൽ സെൽ ടീമും സംഭവസ്ഥലത്തെത്തി. സ്ഫോടനത്തിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.