മുഖ്യമന്ത്രിയെ ട്രോളി മനോരമ; ഇടിച്ചതല്ല, ബ്രേക്ക് ഇടാൻ അൽപ്പം വൈകിയതാ….
ഏറ്റെടുത്ത് സാമൂഹിക മാധ്യങ്ങളും
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം ഇന്നലെ അപകടത്തില്‍പ്പെട്ട സംഭവത്തെ പൂരം കലക്കല്‍ വിവാദവുമായി ബന്ധപ്പെടുത്തി മലയാള മനോരമയില്‍ വിമര്‍ശനാത്മകമായ കാര്‍ട്ടൂണ്‍. രൂക്ഷ വിമര്‍ശനവും ശക്തമായ ആക്ഷേപവും വിചിത്രമായ പരിഹാസവും ഉള്‍ക്കൊള്ളുന്ന കാര്‍ട്ടൂണ്‍ ആണ് മലയാള മനോരമ ദിനപത്രത്തിന്റെ ഒന്നാമത്തെ പേജില്‍ ഉള്‍പ്പെടുത്തിയത്.
പ്രമുഖ കാര്‍ട്ടൂണിസ്റ്റ് ബൈജുവാണ് കാര്‍ട്ടൂണ്‍ വരച്ചത്. പൂരം കലങ്ങിയതല്ല വെടിക്കെട്ട് അല്‍പ്പം വൈകിയതാണെന്ന മുഖ്യമന്ത്രിയുടെ വിവാദ പ്രസ്താവനയും ഇന്നലത്തെ അപകടവും തമ്മില്‍ ബന്ധപ്പെടുത്തിയാണ് കാര്‍ട്ടൂണ്‍ വരച്ചത്. വാഹന വ്യൂഹം അപകടത്തില്‍പ്പെട്ട സമയത്ത് മുഖ്യമന്ത്രി വാഹനത്തില്‍ നിന്ന് ഇറങ്ങാതെ അതിവേഗം പോയതിനെയും വിമര്‍ശിച്ചാണ് കാര്‍ട്ടൂണ്‍ ഉള്ളത്.
കൂട്ടിയിടിച്ച വാഹനങ്ങള്‍ക്ക് മുന്നില്‍ ചീറി പായുന്ന വാഹനത്തില്‍ നിന്ന് പുറത്തേക്ക് തലയിടുന്ന മുഖ്യമന്ത്രി ‘ ഇടിച്ചതല്ല, ബ്രേക്ക് ഇടാന്‍ വൈകിയതാ..’ എന്ന് പറയുന്നതാണ് കാര്‍ട്ടൂണിന്റെ ഇതിവൃത്തം.