പൊതുജനാരോഗ്യം: ബാര്‍ബര്‍ ഷോപ്പുകള്‍ക്കു കര്‍ശന നിയന്ത്രണങ്ങളുമായി സൗദി
റിയാദ്: ബാര്‍ബര്‍ ഷോപ്പുകള്‍ക്ക് കര്‍ശന നിയന്ത്രണങ്ങളുമായി സഊദി. ബാര്‍ബര്‍ ഷോപ്പുകളില്‍ പൊതുജനാരോഗ്യ സുരക്ഷ വര്‍ധിപ്പിക്കുക, കര്‍ശനമായ ശുചീകരണ സമ്പ്രദായങ്ങള്‍ നിര്‍ബന്ധമാക്കുക, ഷേവിങ് റേസറുകളുടെ പുനരുപയോഗം നിരോധിക്കുക എന്നിവയും പുതിയ നിയന്ത്രണങ്ങളുടെ ഭാഗമായി നടപ്പിലാക്കും. സഊദി മുനിസിപ്പാലിറ്റി ആന്‍ഡ് ഹൗസിങ് മന്ത്രാലയമാണ് പുതുതായി നടപ്പിലാക്കിയ സമഗ്ര ആരോഗ്യ നിയന്ത്രണങ്ങളുടെ ഭാഗമായി ബാര്‍ബര്‍ ഷോപ്പുകളിലെ ടാനിങ് ബെഡ്ഡുകളുടെയും ടാറ്റൂ സാമഗ്രികളുടെയും ഉപയോഗം നിരോധിച്ചുകൊണ്ട് വാര്‍ത്താക്കുറിപ്പ് ഇറക്കിയിരിക്കുന്നത്.
ബാര്‍ബര്‍ ഷോപ്പുകളില്‍ സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റി അംഗീകരിച്ച സൗന്ദര്യവര്‍ധക വസ്തുക്കളും ഉല്‍പന്നങ്ങളും മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ. അതോറിറ്റിയുടെ അംഗീകാരമില്ലാത്ത ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുന്നത് ശിക്ഷാര്‍ഹമാണ്. സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും ഈ മേഖലയിലെ നിക്ഷേപങ്ങളുടെ വളര്‍ച്ചയെ പിന്തുണയ്ക്കുന്നതിനുമുള്ള പ്രതിബദ്ധതയാണ് ഈ നടപടികളില്‍ പ്രതിഫലിപ്പിക്കുന്നതെന്ന് മന്ത്രാലയ വക്താവ് വിശദീകരിച്ചു.
മൂന്നു മാസത്തിനകം രാജ്യം മുഴുവന്‍ പുതിയ നിയന്ത്രണങ്ങള്‍ ബാധകമാവും. ഒരാള്‍ക്ക് ഷേവിങ്ങിനായി ഉപയോഗിച്ച ബ്ലേഡുകള്‍ ഒരു കാരണവശാലും മറ്റൊരാള്‍ക്കു വേണ്ടി ഉപയോഗിക്കാന്‍ പാടില്ല. ബാര്‍ബര്‍ ഷോപ്പിലെ കത്രികപോലുള്ള മറ്റു ഉപകരണങ്ങള്‍ ഓരോ ഉപയോഗത്തിനു ശേഷവും അണുവിമുക്തമാക്കിയിട്ടുണ്ടെന്ന് ഉറപ്പാക്കണം. ഇതിനായി സലൂണുകളില്‍ സ്റ്റെറിലൈസേഷന്‍ സംവിധാനങ്ങള്‍ സജ്ജമാക്കണമെന്നും പുതിയ നിര്‍ദേശങ്ങളില്‍ മുനിസിപ്പാലിറ്റി ആന്‍ഡ് ഹൗസിങ് മന്ത്രാലയം നിര്‍ദേശിച്ചുട്ടുണ്ട്.