National

ആളിക്കത്തി മണിപ്പൂർ; സംഘർഷം രൂക്ഷം: മുഖ്യമന്ത്രിയുടെ വസതിക്ക് തീയിട്ട് പ്രതിഷേധം

ഇംഫാൽ: ജിരിബാം ജില്ലയിലെ സംഘർഷങ്ങളുടെ അലയൊലികൾ തലസ്ഥാനമായ ഇംഫാലേക്കും എത്തിയതോടെ മണിപ്പൂരിൽ സ്ഥിതിഗതികൾ കൂടുതൽ വഷളായി. പലയിടങ്ങളിലും തെരുവിലിറങ്ങിയ ജനക്കൂട്ടം മന്ത്രിമാരുടെ ഉൾപ്പെടെ ജനപ്രതിനിധികളുടെ വസതികളും വാഹനങ്ങളും അടിച്ചു തകർക്കുകയും കത്തിക്കുകയും ചെയ്തു.

ശനിയാഴ്ച അർധരാത്രിയോടെ മുഖ്യമന്ത്രി എൻ. ബിരേൻ സിങ്ങിൻ്റെ സ്വകാര്യ വസതിക്കു നേരെ ആക്രമണം ഉണ്ടായി. തടിച്ചുകൂടിയ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ സുരക്ഷാ സേന ആകാശത്തേക്ക് വെടിയുതിർക്കുകയും കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിക്കുകയും ചെയ്തു. ആക്രമണം സമയം മുഖ്യമന്ത്രി വസതിയിൽ ഇല്ലായിരുന്നുവെന്നാണ് വിവരം.

മേഖലയിൽ സംഘർഷം അതിരൂക്ഷമായ പശ്ചാത്തലത്തിൽ, ഇംഫാലിൽ ഇന്നലെ മുതൽ കർഫ്യൂ ഏർപ്പെടുത്തിയിരുന്നു. ശനിയാഴ്ച വൈകുന്നേരം 4.30 മുതൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പ്രദേശത്ത് കർഫ്യു നിലനിൽക്കുമെന്ന് ജില്ലാ മജിസ്‌ട്രേറ്റ് പ്രഖ്യാപിച്ചു.

മണിപ്പൂരിലെ ജിരിബാമിൽ നിന്ന് തിങ്കളാഴ്ച കാണാതായ ആറു പേരുടേതെന്ന് സംശയിക്കുന്ന മൃതദേഹങ്ങൾ ജിരി നദിയിൽനിന്ന് കണ്ടെത്തിയിതിനു പിന്നാലെ വ്യാപക പ്രതിഷേധമാണ് പ്രദേശത്ത് ഉടലെടുത്തത്. ഇതിനു പിന്നാലെ മന്ത്രിമാരുടേതടക്കം വസതികൾക്കു നേരെ ശക്തമായ പ്രതിഷേധമാണ് ഉണ്ടായത്.

തെരുവിലിറങ്ങിയ ജനക്കൂട്ടം ബിജെപി നേതാക്കളുടെ വസതികളും വാഹനങ്ങളും അടിച്ചു തകർത്തു. ഇതിനു പിന്നാലെയാണ് കർഫ്യു പ്രഖ്യാപനം ഉണ്ടായത്. ഇംഫാൽ ഈസ്റ്റും വെസ്റ്റും ഉൾപ്പെടെ ഏഴു ജില്ലകളിൽ രണ്ടു ദിവസത്തേക്ക് ഇൻ്റർനെറ്റ് സേവനങ്ങളും നിർത്തിവച്ചിട്ടുണ്ട്.

തിങ്കളാഴ്ച മൂന്നു സ്ത്രീകളും മൂന്നു കുട്ടികളും, ഒരു കൈകുഞ്ഞും ഉൾപ്പെടെ ഒരു കുടുംബത്തിലെ ആറു പേരെയാണ് ജിരിബാം ബോറോബെക്ര പ്രദേശത്തുനിന്ന് കാണാതായത്. ഒരു സ്ത്രീയുടെയും രണ്ടു കുട്ടികളുടെയും മൃതദേഹങ്ങളാണ് നദിയിൽ കണ്ടെത്തിയത്. കാണാതായ ആറു പേരും മെയ്തി സമുദായത്തിൽ നിന്നുള്ളവരാണ്. ജൂണിൽ പ്രദേശത്തുണ്ടായ അക്രമ സംഭവങ്ങളെ തുടർന്ന് ബോറോബെക്ര പൊലീസ് സ്ഥാപിച്ച ദുരിതാശ്വാസ ക്യാമ്പിൽ താമസിച്ചു വരികയായിരുന്നു. തിങ്കളാഴ്‌ച പുലർച്ചെ പ്രദേശത്ത് ആക്രമണം നടത്തിയ തീവ്രവാദികളെന്ന് സംശയിക്കുന്ന ആയുധധാരികളാണ് ആറുപേരെയും തട്ടിക്കൊണ്ടുപോയതെന്ന് മെയ്തി വിഭാഗം ആരോപിച്ചു.

Related Articles

Back to top button