Novel

ശിശിരം: ഭാഗം 93

രചന: മിത്ര വിന്ദ

കമ്പനി കൂടിയിട്ട് വരുവാൻ ആണോ നകുലേട്ടന്റെ പ്ലാന്.?

അത് ചോദിക്കുമ്പോൾ അവളുടെ ശബ്ദം ഗൗരവത്തിലായി

ഹ്മ്മ്….കണ്ടുപിടിച്ചു.. കൊച്ച് ഗള്ളി..
അവന്റെ മറുപടി കേട്ടതും അമ്മു ദേഷ്യത്തിൽ ഫോണ് കട്ട്‌ ചെയ്തു.

ഇങ്ങു
വരട്ടെ.. ആ തിടുക്കപ്പെട്ട ഉള്ള പോക്ക് കണ്ടപ്പോൾ തന്നെ തനിക്ക് തോന്നിയിരുന്നു എന്തോ കള്ള ലക്ഷണം ഉണ്ടെന്ന്, പിന്നെയും കരുതി ഓഫീസിലേക്ക് അല്ലേ എന്തെങ്കിലും ആവശ്യമുണ്ടെന്ന്, ഇപ്പോഴല്ലേ കാര്യം പിടികിട്ടിയത്, ഇത്രയ്ക്ക് നകുലേട്ടന് പിടിച്ചുനിൽക്കാൻ വയ്യല്ലേ,,,
അമ്മുനു ആണെങ്കിൽ സകല മൂഡും പോയി.. പകരം ദേഷ്യം കൊണ്ട് മിഴികൾ ഒക്കെ ഒന്ന് ചുവന്നു,

കുളിച്ചു മാറുവാനുള്ള ഡ്രസ്സ് എടുത്ത് അവൾ വാഷ് റൂമിലേക്ക് പോയി,

പുറത്തൊക്കെ പോയി വന്നതുകൊണ്ട് ആകെ ഒരു തലവേദനയും ക്ഷീണവുമായിരുന്നു, അതുകൊണ്ട് തലമുടി നിറയെ, എണ്ണ വാരി പൊത്തി തേച്ചിരിക്കുകയാണ്.

അതിന്റെ മെഴുക്കൊക്കെഒന്ന് കളയണം, കുറച്ച് ഷാംപൂ കൈവെള്ളയിലേക്ക് ഒഴിച്ചു,എന്നിട്ട് കപ്പിൽ കുറച്ചു വെള്ളവും ചേർത്ത് കലക്കി തലമുടിയിലെല്ലാം നല്ലോണം പതപ്പിച്ചു പിടിപ്പിച്ചു.

അതൊക്കെ കൊണ്ട് പതിവിലും കുറച്ചുസമയം കൂടുതൽ എടുത്തു അവൾ ഒന്നു കുളിച്ചിറങ്ങുവാനായി.

കണ്ണന്റെ മുന്നിൽ വിളക്ക് കൊളുത്തി പ്രാർത്ഥിക്കുമ്പോഴും അവളുടെ മനസ്സാകെ കലുഷിതമായിരുന്നു..

ഇന്ന് നകുലേട്ടന് കുടിക്കേണ്ട കാര്യമുണ്ടോ,,,, ഇത്ര ദിവസം വയ്യാണ്ട് ഇരുന്നിട്ട്, ഈ പറയുന്ന ഫ്രണ്ട്സ് പോലും ഒന്ന് വീട്ടിലേക്ക് വന്നില്ല, എല്ലാവരും അവരുടേതായ തിരക്കുകളിൽ ആയിരുന്നു. ഇന്നിപ്പോ അങ്ങോട്ട് ചെന്നതും കുടിക്കാനായി പോയേക്കുന്നു.

അവളുടെ മുഖം ആണെങ്കിൽ കൊട്ട പോലെ വീർത്തു നിന്നു.

നാമം ജപിച്ച ശേഷം, അമ്മു തലമുടിയൊക്കെ അഴിച്ച് ഒന്ന് വിടർത്തിയിട്ടു  നീലക്കണ്ണാടിയുടെ മുന്നിൽ ചെന്ന് നിന്നു.മാഞ്ഞു തുടങ്ങിയ സിന്ദൂരരേഖ..അവളുടെ കുംകുമചെപ്പിൽ നിന്നും അല്പം എടുത്തു നെറുകയിലേക്ക് ഇട്ടു കൊടുത്തു..

പണ്ട് ഓർമ വെച്ച കാലം മുതൽ തല തണുക്കെ എണ്ണവെച്ച് താളിയൊക്കെ പതിപ്പിച്ച്  കുളിച്ചു കഴിയുമ്പോൾ,അമ്മ ചെയ്തു തന്നിരുന്ന ഒരു കാര്യമുണ്ട്.. അല്പം കണ്മഷി എടുത്തു കണ്ണിലേക്കു എഴുതി തരും, ഒപ്പം  ഒന്നൂടെ ആ കണ്മഷിചെപ്പിലേക്ക് അമ്മ വിരൽ തൊടും, എന്നിട്ട് അത് കൊണ്ട് തന്റെ നെറ്റിയിൽ ഒരു വട്ടപ്പൊട്ടും തൊട്ട് തരും, പടർന്നു പോകാതിരിക്കാൻ മേലേ ഇത്തിരി ക്യുട്ടിക്കൂറ പൌഡറും ഇടും..

ആ ഒരു മണം ഇന്നും തന്റെ നാസികയിൽ ഉണ്ടെന്ന് അമ്മു ഓർത്തു….

അമ്മയെ ഓർത്തപ്പോൾ അറിയാതെ അവളുടെ കൈകൾ തന്റെ കണ്മഷിചെപ്പിലേക്ക് നീണ്ടു ചെന്നതായി അവൾക്ക് തോന്നി.

കുറച്ചു എടുത്തു കണ്ണെഴുതി, എന്നിട്ട് ഒരു വട്ടപ്പൊട്ടും തൊട്ടു.
അല്പം നേരം കണ്ണാടിയിൽ നോക്കി നിന്നു.

അഴിഞ്ഞു കിടക്കുകയാണ് അല്പം നനവോട് കൂടി അവളുടെ നീണ്ടു ഇടതൂർന്ന മുടി..

നകുലേട്ടന്റെ ഒപ്പം വന്ന ശേഷം ആദ്യമായിട്ടാണ് ഇങ്ങനെയൊരു ഒരുക്കം പോലുമെന്ന് അവളോർത്തു..

അപ്പോളേക്കും ശ്രീജയുടെ ഫോൺ കാൾ വന്നു.
പതിവുള്ളതാണ് ഈ സമയത്തു. അവളോടും പാറുവിനോടും കുറച്ചു നേരം സംസാരിച്ചു ഫോൺ വെച്ചു

നേരം പിന്നിട്ടുകൊണ്ടേയിരുന്നു.
സമയം 8മണി ആയി.  നകുലേട്ടൻ ഇതുവരെയായിട്ടും എത്തിയിട്ടില്ല ഇനി താൻ അങ്ങോട്ട് വിളിക്കുന്നുമില്ല, തോന്നുമ്പോൾ വരട്ടെ അല്ല പിന്നെ, അവൾക്ക് ദേഷ്യം ആയി.

ഉച്ചയ്ക്ക് എപ്പോഴോ ഇത്തിരി ഭക്ഷണം കഴിച്ചതാണ്, ശരിക്കും പറഞ്ഞാൽ വിശക്കുന്നുണ്ട്.പക്ഷേ നകുലേട്ടൻ വരാതെ കഴിക്കാനും തോന്നുന്നില്ല.
അടുക്കളയിൽ ചെന്നിട്ട് കുറച്ചു വെള്ളം എടുത്തു കുടിച്ചു. എന്നിട്ട് വീണ്ടും വന്നു സെറ്റിയിൽ ഇരുന്നു.

ഏകദേശം എട്ടേ മുക്കാലോളം ആയി നേരം,. കോളിംഗ് ബെൽ ശബ്ദിച്ചതും അത് നകുലനാണെന്ന് അമ്മുവിന് മനസ്സിലായി.
പെട്ടെന്ന് അങ്ങോട്ട് എഴുന്നേറ്റ് ഓടിച്ചെന്ന് വാതിൽ തുറക്കുവാൻ അവൾക്ക് തോന്നിയില്ല.
കുറച്ച് സമയം കലിപ്പ് മോഡില് അവൾ അങ്ങനെയിരുന്നു..

ഒന്ന് രണ്ട് മിനിറ്റുകൾക്ക് ശേഷം നകുലൻ വീണ്ടും ബെല്ലടിച്ചു..

ദേഷ്യത്തോടെ അമ്മു ചാടി എഴുന്നേറ്റുഎന്നിട്ട് ചെന്ന് വാതിൽ തുറന്നു.

ഒറ്റനോട്ടമേ അവൻ നോക്കിയുള്ളൂ.
അത്രയ്ക്ക് സുന്ദരിയായി അവളെ അവൻ ആദ്യം കാണുകയായിരുന്നു.

ആരിത്…. എന്റെ ദൈവമേ… ലാലേട്ടന്റെ ആറാം തമ്പുരാൻ ഡയലോഗ് എനിക്ക് കാണാതെ അറിയില്ലടി.. അല്ലെങ്കിൽ ഇപ്പൊ പറയാമായിരുന്നു.

അവളുടെ വിടർന്ന മിഴികളിലെ, ചെറുതായി പടർന്ന കൺമഷിയും, നെറ്റിയിലെ കറുത്ത വട്ടപ്പൊട്ടും, സീമന്തരേഖയിലെ സിന്ദൂര ചുവപ്പും,  ഇതിനേക്കാളൊക്കെ മികവായി കിടക്കുന്ന അവളുടെ കാർകൂന്തൽ, എല്ലാം കൂടി കണ്ടപ്പോൾ അവന് കിളി പോയി.

അവനെ ഒന്ന് അടിമുടി നോക്കിയശേഷം അമ്മു പിന്തിരിഞ്ഞ് അടുക്കളയിലേക്ക് പോയി..

എന്നിട്ട് എന്തോ ഓർത്തത് പോലെ വാതിൽക്കലേക്ക് ഒന്ന് വന്നു.
ചായ എടുക്കണോ ഇപ്പോള് ,അതോ പിരിയുമോ.

അവൾ ദേഷ്യത്തിൽ ചോദിച്ചതും,നകുലൻ ഒന്ന് ചിരിച്ചു.

പിരിയും മോളെ ഇപ്പോൾ എടുക്കണ്ട കേട്ടോ,ചേട്ടൻ സമയമാകുമ്പോൾ പറയാം അന്നേരം മതി.

അവളെ നോക്കി ഒരു ഈണത്തിൽ പറഞ്ഞുകൊണ്ട് അവൻ റൂമിലേക്ക് പോയി. അമ്മു സ്വീകരണം മുറിയിലെ സെറ്റിയിൽ തന്നെ ഇരിക്കുകയാണ്.
നകുലൻ കുളിക്കുകയാണെന്ന് അവൾക്ക് മനസ്സിലായി.

വിശക്കുന്നുണ്ടാവും ഭക്ഷണം കഴിക്കാൻ ആവുമെന്ന് കരുതി,അവൾ അടുക്കളയിലേക്ക് പോയി.
കറികളൊക്കെ എടുത്ത് ഒന്ന് ചൂടാക്കി വച്ചു.
എന്നിട്ട് പാത്രത്തിലേക്ക് എല്ലാം പകർന്നു.
പെട്ടന്ന് ആയിരുന്നു അവളൊന്നു ഉയർന്നു പൊങ്ങിപോയത്.

അമ്മേ….. ഉറക്കെ നിലവിളിക്കുവാൻ തുടങ്ങിയതും നകുലൻ അവളെ അല്പം കൂടി തന്നിലേക്ക് ചേർത്തു.

നകുലേട്ടാ എന്താ ഈ കാണിക്കുന്നത്. താഴെയിറക്കുന്നുണ്ടോ, കൈ മേലാത്തതാണ്.
കിടന്നു കുതറി.

പക്ഷേ അപ്പോഴും അവൻ അവളെ തന്റെ നെഞ്ചിലേക്ക് കുറച്ചു കൂടി ചേർത്തു പിടിച്ചു.

അവന്റെ നഗ്നമായ നെഞ്ചിലെ നനത്ത രോമങ്ങൾ അമ്മുവിന്റെ കവിളിൽ ഇക്കിളി കൂട്ടി…

ബെഡ്റൂമിലേക്ക് കയറിയതും അമ്മു ഊർന്നു ഇറങ്ങാൻ കുറേ ഏറെ ശ്രെമിച്ചു.

ടി പെണ്ണേ…. നല്ലോരു ദിവസമായിട്ട് ബലപ്രയോഗം ഒന്നും നടത്തല്ലേ.പ്ലീസ്…

കിടക്കയിലേക്ക് അമ്മുവിനെ മെല്ലെചായിച്ച് കിടത്തിക്കൊണ്ട് അവൻ പറഞ്ഞു..

നല്ലൊരു ദിവസം ആണെന്ന് അറിയാവുന്ന ആള് എന്തിനാ പോയി കമ്പനി കൂടിയത്, അത്രയ്ക്ക് നകുലേട്ടന് പറ്റുന്നില്ലേ.

അമ്മു ദേഷ്യത്തിൽ അവനെ നോക്കി  ചോദിച്ചു.

അതും ഇതും ആയിട്ട് എന്തു ബന്ധം.?

എനിക്കിഷ്ടമല്ല ഈ മണം.

എന്നെ മണമുണ്ടോ നീയൊന്നു നോക്കിക്കേ.

അവൻ അവളിലേക്ക് അല്പം ചാഞ്ഞു നിന്നു കൊണ്ട് നോക്കി.

എനിയ്ക്ക് വയ്യാ,, എന്തേലും ആയിക്കോളു..

അമ്മുവാണെങ്കിൽ കണ്ണുകൾ അടച്ചു ചെരിഞ്ഞ് കിടക്കുകയാണ്.

ആള് പിണങ്ങിയെന്നുള്ളത് അവന് വ്യക്തമായിരുന്നു.അല്ലേലും ഇത്തിരി കാര്യം മതി പെണ്ണിന്.
അവൻ എഴുന്നേറ്റ് ചെന്നിട്ട് മുറിയിലെ ലൈറ്റ് ഓഫ് ചെയ്തു, എന്നിട്ട് ബെഡ് ലാമ്പ് ഓൺ ചെയ്തു….തുടരും………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button