National

നയന്‍സിനോട് വീണ്ടും 10 കോടി ആവശ്യപ്പെട്ട് ധനുഷ്; 24 മണിക്കൂറിനുള്ളില്‍ വീഡിയോ നീക്കം ചെയ്തില്ലെങ്കില്‍..

ചെന്നൈ: വിവാഹ ഡോക്യുമെന്ററി സംബന്ധിച്ച് ധനുഷിനെതിരായ നയന്‍താര നടത്തിയ വെളിപ്പെടുത്തല്‍ നിയമയുദ്ധത്തിലേക്ക് നീങ്ങുന്നു. പകര്‍പ്പവകാശലംഘനത്തിന് 10 കോടി രൂപ ധനുഷ് ആവശ്യപ്പെട്ടു എന്ന് നയന്‍താര ആരോപിച്ചതിന് പിന്നാലെ പ്രതികരണവുമായി ധനുഷിന്റെ അഭിഭാഷകന്‍ രംഗത്തെത്തി. നയന്‍താര- വിഘ്‌നേഷ് ശിവന്‍ വിവാഹ ഡോക്യുമെന്ററിയില്‍ നിന്ന് വിവാദഭാഗം നീക്കം ചെയ്യണം എന്ന് ധനുഷിന്റെ അഭിഭാഷകന്‍ പറഞ്ഞു.

നയന്‍താര ബിയോണ്ട് ദി ഫെയറിടെയില്‍ എന്ന ഡോക്യുമെന്ററിയില്‍ നിന്ന് പ്രസ്തുത ഉള്ളടക്കം 24 മണിക്കൂറിനുള്ളില്‍ നീക്കം ചെയ്യണം എന്നാണ് ധനുഷിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ‘എന്റെ ക്ലയന്റ് സിനിമയുടെ നിര്‍മ്മാതാവാണ്. സിനിമയുടെ നിര്‍മ്മാണത്തിനായി ഓരോ രൂപയും എവിടെയാണ് ചെലവഴിച്ചതെന്ന് അവര്‍ക്ക് അറിയാം,’ധനുഷിന്റെ അഭിഭാഷകന്‍ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.

ബിടിഎസ് വീഡിയോ ഷൂട്ട് ചെയ്യാന്‍ ധനുഷ് ആരെയും നിയോഗിച്ചിട്ടില്ലെന്നാണ് നിങ്ങളുടെ ക്ലയന്റ് പ്രസ്താവിച്ചിട്ടുണ്ട് എന്നും എന്നാല്‍ ഇത് അടിസ്ഥാനരഹിതമാണ് എന്നും അദ്ദേംഹ പറഞ്ഞു. 24 മണിക്കൂറിനുള്ളില്‍ ഉള്ളടക്കം നീക്കം ചെയ്തില്ലെങ്കില്‍ നയന്‍താരയ്ക്കും നെറ്റ്ഫ്‌ലിക്‌സ് ഇന്ത്യയ്ക്കും എതിരെ 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നിയമനടപടികള്‍ ആരംഭിക്കാന്‍ ധനുഷ് നിര്‍ബന്ധിതനാകുമെന്നും പ്രസ്താവനയില്‍ പറയുന്നു.

ബിടിഎസ് ഫൂട്ടേജിന്റെ ഉടമസ്ഥാവകാശം അത് ചിത്രീകരിച്ച വ്യക്തിക്ക് അവകാശപ്പെട്ടതിനാല്‍ എതിര്‍ കക്ഷിയുടെ വാദം അവ്യക്തമാണെന്നും ധനുഷിന്റെ നിയമ പ്രതിനിധി വ്യക്തമാക്കി. ചിത്രത്തിന്റെ നിര്‍മ്മാതാവ് എന്ന നിലയില്‍ ധനുഷിന് ക്ലിപ്പിന്റെ ശരിയായ ഉടമസ്ഥാവകാശം ഉണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ശനിയാഴ്ചയാണ് പകര്‍പ്പവകാശ ലംഘനം ആരോപിച്ച് ഡോക്യുമെന്ററി ധനുഷ് തടസപ്പെടുത്തിയെന്നാരോപിച്ച് നയന്‍താര രംഗത്തെത്തിയത്.

ഡോക്യുമെന്ററിയില്‍ ‘നാനും റൗഡി ധാന്‍’ എന്ന ചിത്രത്തിലെ ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്താന്‍ തന്റെ ടീം നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് (എന്‍ഒസി) തേടിയിരുന്നു എന്നും എന്നാല്‍ മൂന്ന് സെക്കന്റ് മാത്രമുള്ള വീഡിയോയ്ക്ക് 10 കോടി രൂപ ആവശ്യപ്പെട്ട് എന്‍ഒസി നല്‍കാതെ ധനുഷ് വൈകിപ്പിച്ചു എന്നുമാണ് നയന്‍താര ആരോപിച്ചത്. പിന്നീട് സിനിമയിലെ ബിടിഎസ് വീഡിയോ ആണ് ഉപയോഗിച്ചത് എന്നും നയന്‍താര പറഞ്ഞിരുന്നു.

ഈ ബിടിഎസ് വീഡിയോയ്‌ക്കെതിരെയാണ് ഇപ്പോള്‍ ധനുഷിന്റെ അഭിഭാഷകന്‍ നോട്ടീസ് അയച്ചിരിക്കുന്നത്. ‘നെറ്റ്ഫ്‌ലിക്‌സ് ഡോക്യുമെന്ററിയുടെ ട്രെയിലര്‍ പുറത്തിറങ്ങിയതിന് ശേഷമുള്ള നിങ്ങളുടെ നിയമപരമായ അറിയിപ്പ് അതിലും ഞെട്ടിക്കുന്നതാണ്. ഞങ്ങളുടെ സ്വകാര്യതയില്‍ ചിത്രീകരിച്ച ചില വീഡിയോകളുടെ (വെറും 3 സെക്കന്‍ഡ്) ഉപയോഗത്തെ നിങ്ങള്‍ ചോദ്യം ചെയ്ത ആ വരികള്‍ വായിച്ച് ഞങ്ങള്‍ ഞെട്ടിപ്പോയി.

സോഷ്യല്‍ മീഡിയയില്‍ പരസ്യമായി പ്രത്യക്ഷപ്പെട്ട ബിടിഎസ് വിഷ്വലുകള്‍ക്ക് പോലും 10 കോടി രൂപ നഷ്ടപരിഹാരമായി ആവശ്യപ്പെട്ടു,’ നയന്‍താര പറഞ്ഞു. ഓഡിയോ ലോഞ്ചുകളില്‍ കാണുന്നതിന്റെ പകുതിയെങ്കിലും ആത്മാര്‍ത്ഥത വ്യക്തിജീവിതത്തില്‍ പിന്തുടര്‍ന്നിരുന്നെങ്കില്‍ എന്ന് താന്‍ ആഗ്രഹിക്കുന്നു എന്നും പ്രസംഗിക്കുന്നത് നിങ്ങളുടെ പ്രവര്‍ത്തിയില്‍ കാണാനില്ല എന്നുമായിരുന്നു നയന്‍താര പറഞ്ഞിരുന്നത്.

ഒരു നിര്‍മ്മാതാവ് സെറ്റിലെ എല്ലാ വ്യക്തികളുടെയും ജീവിതം, സ്വാതന്ത്ര്യം എന്നിവ നിയന്ത്രിക്കുന്ന ചക്രവര്‍ത്തിയാകുമോ എന്നും നയന്‍താര ചോദിച്ചിരുന്നു. സിനിമ പുറത്തിറങ്ങി 10 വര്‍ഷമായെങ്കിലും ലോകത്തിന് മുന്നില്‍ മുഖംമൂടി ധരിച്ച് ഒരാള്‍ ഈ നീചമായി തുടരുകയാണ് എന്ന് പറഞ്ഞാണ് നയന്‍താര കത്ത് അവസാനിപ്പിക്കുന്നത്. അതേസമയം നയന്‍താരയുടെ 40-ാം ജന്മദിനത്തോടനുബന്ധിച്ച് നെറ്റ്ഫ്‌ളിക്‌സ് ഒറിജിനല്‍ നയന്‍താര: ബിയോണ്ട് ദി ഫെയറി ടെയില്‍ ഇന്ന് മുതല്‍ സ്ട്രീം ചെയ്യും.

Related Articles

Back to top button