പാലക്കാട് ആർക്കൊപ്പം: വോട്ടെടുപ്പ് ആരംഭിച്ചു, ബൂത്തുകളിൽ നീണ്ട നിര
പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ആരംഭിച്ചു. മോക് പോളിംഗിന് ശേഷം കൃത്യം ഏഴ് മണിയോടെ തന്നെ വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ആറ് മണിയാകുമ്പോഴേക്കും ബൂത്തുകളിൽ ആളുകൾ വരി നിൽക്കാൻ തുടങ്ങിയിരുന്നു. വൈകുന്നേരം ആറ് മണി വരെയാണ് വോട്ടെടുപ്പ്
ഏറെ വിവാദങ്ങളും അപ്രതീക്ഷിത ട്വിസ്റ്റുകളുമൊക്കെയായി ഒരു മാസക്കാലം നീണ്ടുനിന്ന വാശിയേറിയ പ്രചാരണത്തിനൊടുവിലാണ് പാലക്കാട് ഇന്ന് വിധിയെഴുതുന്നത്. പാലക്കാട് നഗരസഭ, പിരായിരി, കണ്ണാടി, മാത്തൂർ പഞ്ചായത്തുകൾ ഉൾപ്പെടുന്ന നിയമസഭ മണ്ഡലത്തിൽ 184 ബൂത്തുകളിലായി 1,94,706 വോട്ടർമാരാണുള്ളത്. ഇതിൽ 1,00,290 പേർ സ്ത്രീ വോട്ടർമാരാണ്
ഷാഫി പറമ്പിൽ വടകര എംപിയായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നാണ് മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. യുഡിഎഫിനായി രാഹുൽ മാങ്കൂട്ടത്തിലും എൽഡിഎഫിനായി പി സരിനും ബിജെപിക്കായി സി കൃഷ്ണകുമാറുമാണ് മത്സരിക്കുന്നത്. ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ പാലക്കാട് മണ്ഡലത്തിൽ ജില്ലാ കലക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.