World

നെതന്യാഹു രാജ്യത്ത് എത്തിയാല്‍ ഉടന്‍ അറസ്റ്റ്; ഐസിസി വിധി പാലിക്കുമെന്ന് കാനഡ

ഒട്ടാവ: കാനഡയിലെത്തിയാന്‍ ഉടന്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് ജസ്റ്റിന്‍ ട്രൂഡോ. രാജ്യാന്തര ക്രിമിനല്‍ കോടതി പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ട് പാലിക്കുമെന്നും കോടതിയുടെ എല്ലാ ചട്ടങ്ങളും വിധികളും അനുസരിക്കുമെന്നും കാനഡ പ്രധാനമന്ത്രി അറിയിച്ചു.

യുകെയില്‍ എത്തിയാല്‍ ഐസിസിയുടെ അറസ്റ്റ് വാറണ്ട് പ്രകാരം നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന് ബ്രിട്ടീഷ് സര്‍ക്കാറും നേരത്തെ അറിയിച്ചിരുന്നു. ആഭ്യന്തര നിയമവും രാജ്യാന്തര നിയമവും അനുസരിച്ചുകൊണ്ട് യുകെ എപ്പോഴും നിയമപരമായ ബാധ്യതകള്‍ പാലിക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മറുടെ വക്താവ് ആണ് വെള്ളിയാഴ്ച അറിയിച്ചത്.

എന്നാല്‍ കാനഡയെയും യുകെയും കൂടാതെ ബെല്‍ജിയം, യൂറോപ്യന്‍ യൂണിയന്‍, ഫ്രാന്‍സ്, ഇറാന്‍, അയര്‍ലന്‍ഡ്, ജോര്‍ദാന്‍, നെതര്‍ലന്‍ഡ്, നോര്‍വേ, സ്വീഡന്‍, ദക്ഷിണാഫ്രിക്ക, സ്വിറ്റ്‌സര്‍ലന്‍ഡ്, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളും ഐസിസി തീരുമാനം പാലിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

അതേസമയം, ഇസ്രായേല്‍ പ്രധാനമന്ത്രിക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത് അതിരുകടന്ന നടപടിയാണെന്നാണ് യുഎസ് പ്രസിഡന്റ് ജോ ബൈഡന്റ് പ്രതികരണം. ഐസിസി എന്തെല്ലാം മാര്‍ഗങ്ങള്‍ പ്രയോഗിക്കാന്‍ ശ്രമിച്ചാലും ഇസ്രായേലും ഹമാസും ഒന്നല്ല. ഇസ്രായേലിന്റെ സുരക്ഷയ്‌ക്കെതിരായ ഭീഷണികള്‍ക്കെതിരെ എപ്പോഴും കൂടെയുണ്ടാകുമെന്നും ബൈഡന്‍ വ്യക്തമാക്കി.

അറസ്റ്റ് വാറണ്ടിനെ തള്ളിക്കളയുന്നുവെന്ന് കാണിച്ച് വൈറ്റ് ഹൗസും പ്രസ്താവനയിറക്കിയിരുന്നു. ഹമാസ് നേതാവിനെതിരെ പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ടിനെ കുറിച്ച് പരാമര്‍ശിക്കാതെയായിരുന്നു വൈറ്റ് ഹൗസിന്റെ പ്രസ്താവന.

അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കാനുള്ള പ്രോസിക്യൂട്ടറിന്റെ തിരക്കിനെ തങ്ങള്‍ ശക്തമായി അപലപിക്കുന്നു. ഈ നടപടിയിലേക്ക് നയിച്ച പ്രക്രിയയിലെ പിശകുകളെ ആശങ്കയോടെയാണ് കാണുന്നത്. അറസ്റ്റ് വാറണ്ടില്‍ ഐസിസിക്ക് അധികാരമില്ലെന്ന് അമേരിക്ക അറിയിച്ചിട്ടുണ്ടെന്നും ദേശീയ സുരക്ഷ വക്താവ് പ്രതികരിച്ചു.

അതേസമയം, അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിനെതിരെ പ്രതികരിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു രംഗത്തെത്തിയിരുന്നു. അറസ്റ്റ് വാറണ്ട് ഇസ്രായേലിനെ സംരക്ഷിക്കുന്നതിന് തനിക്ക് തടസമാകില്ലെന്ന് നെതന്യാഹു പറഞ്ഞു. ഇസ്രായേല്‍ വിരുദ്ധ തീരുമാനങ്ങള്‍ തങ്ങളെ തടയില്ല, എല്ലാ വിധത്തിലും രാജ്യത്തെ സംരക്ഷിക്കുന്നത് തുടരുമെന്നും സമ്മര്‍ദത്തിന് വഴങ്ങില്ലെന്നും നെതന്യാഹു പ്രതികരിച്ചു.

രാജ്യങ്ങളുടെ ചരിത്രത്തിലെ തന്നെ കറുത്ത ദിനമാണിത്. മനുഷ്യരാശിയെ സംരക്ഷിക്കാന്‍ ഹേഗില്‍ സ്ഥാപിച്ച രാജ്യാന്തര ക്രിമിനല്‍ കോടതി മനുഷ്യരാശിയുടെ ശത്രുവായി മാറിയിരിക്കുകയാണ്. തങ്ങള്‍ക്കെതിരെയുള്ള ആരോപണങ്ങളെല്ലാം തീര്‍ത്തും അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്ത്രീകളെയും കുട്ടികളെയും ഉള്‍പ്പെടെ അതിക്രൂരമായി കൂട്ടക്കൊല ചെയ്യുകയും ജനങ്ങളെ പട്ടിണിക്കിടുകയും ആശുപത്രികളടക്കം തകര്‍ക്കുകയും ചെയ്തൂവെന്ന് ചൂണ്ടിക്കാട്ടിയാണ് നെതന്യാഹുവിനെതിരെ ഐസിസി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. നെതന്യാഹുവിന് പുറമേ ഇസ്രായേല്‍ മുന്‍ പ്രതിരോധമന്ത്രി യോവ് ഗാലന്റ്, ഹമാസ് നേതാവ് മുഹമ്മദ് ദെയ്ഫ് എന്നിവര്‍ക്കെതിരെയാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.

എന്നാല്‍ ഐസിസി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്ന മുഹമ്മദ് ദെയ്ഫ് കൊല്ലപ്പെട്ടുവെന്ന് ഇസ്രായേല്‍ അവകാശവാദം ഉന്നയിക്കുന്ന ഹമാസ് നേതാവാണ്. കഴിഞ്ഞ ജൂലൈയില്‍ ഗസയില്‍ ഉണ്ടായ വ്യോമാക്രമണത്തില്‍ മഹമ്മദ് ദെയ്ഫിനെ കൊല്ലപ്പെടുത്തിയെന്നാണ് ഇസ്രായേല്‍ പറയുന്നത്.

ബെഞ്ചമിന്‍ നെതന്യാഹു, യോവ് ഗാലന്റ്, മുഹമ്മദ് ദെയ്ഫ്, ഇസ്മായില്‍ ഹനിയ, യഹ്യ സിന്‍വാര്‍ എന്നിവര്‍ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കണമെന്ന് ഐസിസി പ്രോസിക്യൂട്ടര്‍ കരിം ഖാന്‍ ആവശ്യപ്പെട്ടത് കഴിഞ്ഞ മാസത്തിലാണ്. എന്നാല്‍ യഹ്യ സിന്‍വാറും, ഇസ്മായില്‍ ഹനിയയുടെ മരണം സ്ഥിരീകരിക്കപ്പെട്ടെങ്കിലും ദെയ്ഫ് മരിച്ചോ ഇല്ലയോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ലെന്ന് ഐസിസി ചേംബര്‍ വ്യക്തമാക്കിയിട്ടുണ്ട്.

Related Articles

Back to top button