മോള്‍ഡോവന്‍ പൗരനായ ജൂത റബ്ബിയുടെ കൊല; മൂന്നു പേരെ യുഎഇ അറസ്റ്റ് ചെയ്തു
അബുദാബി: മോള്‍ഡോവന്‍ പൗരനായ ജൂത റബ്ബി(മതപുരോഹിതന്)യുടെ കൊലയുമായി ബന്ധപ്പെട്ട് സംശയിക്കുന്ന മൂന്നുപേരെ അറസ്റ്റ് ചെയ്തതായി യുഎഇ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വ്യാഴാഴ്ച ഉച്ചക്കുശേഷമാണ് സിവി കോഗണെയെന്ന 29കാരനെ കാണാതാവുന്നത്. പിന്നീട് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. കാണാതായതായി പരാതി ലഭിച്ച ഉടന്‍ പ്രത്യേക സംഘത്തെ അന്വേഷണത്തിനായി യുഎഇ നിയോഗിച്ചിരുന്നു.
സിവി ഭാര്യക്കൊപ്പം അബുദാബിയില്‍ കഴിയുന്നതിനിടെയാണ് കാണാതാവുന്നത്. രാജ്യത്ത് കഴിയുന്നവരുടെ സുരക്ഷയുടെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാവില്ലെന്നും യുഎഇ അസന്ദഗ്ധമായി വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം സിവിയുടെ കൊലപാതകത്തെ ഇസ്രായേല്‍ ശക്തമായ ഭാഷയില്‍ അപലപിച്ചു. ഹീനമായ പ്രവര്‍ത്തിയാണ് കൊലയെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചിമിന്‍ നെതന്യാഹുവിന്റെ ഓഫിസ് അഭിപ്രായപ്പെട്ടു. യുഎഇയുടെ കൊലപാതകത്തോടുള്ള നിലപാടിനെ പ്രശംസിക്കുന്നതായും ഓഫിസ് അറിയിച്ചു. ഇറാന് ബന്ധമുള്ള സംഘമാണ് സിവിയുടെ കൊലക്ക് ഉത്തരവാദികളെന്നാണ് ഇസ്രായേല്‍ സംശയിക്കുന്നത്.