യുഎഇ വിദേശകാര്യ മന്ത്രിയും യുഎസ് സ്റ്റേറ്റ് സെക്രട്ടറിയും ചര്‍ച്ച നടത്തി
അബുദാബി: യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ സായിദ് ആല്‍ നഹ്‌യാനും യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും മേഖലയിലെ പുതിയ സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്തു. ഗാസ, ലബനോണ്‍ വിഷയങ്ങളാണ് പ്രധാനമായും ടെലിഫോണിലൂടെ നടത്തിയ സംഭാഷണത്തില്‍ ചര്‍ച്ചാ വിഷയമായത്.
മേഖലയുടെ സാമാധാനത്തിനും സുസ്ഥിരതക്കും ഇസ്രായേലിനും ലബോണിനും ഗാസക്കും ഇടയില്‍ വെടിനിര്‍ത്തല്‍ അത്യന്താപേക്ഷിതമാണെന്ന് ഇരുവരും ഊന്നിപ്പറഞ്ഞു. മാനുഷികമായ സഹായങ്ങള്‍ രാജ്യാന്തര തലത്തില്‍ ഗാസയിലെ ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതും ഒപ്പം സുഡാനിലെ സാഹചര്യങ്ങളും ഇരുവരും സംസാരിച്ചു. ഇസ്രായേലി മോള്‍ഡോവന്‍ ഇരട്ട പൗരത്വമുള്ള ജൂത റബ്ബി സവി കോഗണിന്റെ യുഎഇ തലസ്ഥാനത്ത് നടന്ന കൊലയോട് യുഎഇ സ്വീകരിച്ച നിലപാടും രാജ്യം സമാധാനപരമായ സഹവര്‍ത്തിത്വത്തിന് എത്രമാത്രം പ്രാധാന്യം നല്‍കുന്നൂവെന്ന കാര്യവും ശൈഖ് അബ്ദുല്ല അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറിയെ ബോധ്യപ്പെടുത്തി.