Gulf

തിരക്കുള്ള സമയത്ത് സാലിക് ടോള്‍ വര്‍ധിപ്പിക്കാന്‍ ദുബൈ ഒരുങ്ങുന്നു; നിരക്ക് വര്‍ധനവ് ജനുവരി അവസാനത്തോടെ നടപ്പാക്കും

ദുബൈ: സാലിക് സംവിധാനം നിലവില്‍ വന്നതിനുശേഷം ആദ്യമായി തിരക്കുള്ള സമയത്ത് സാലിക് ടോള്‍ വര്‍ധിപ്പിക്കാന്‍ ദുബൈ ഒരുങ്ങുന്നു. നിലവിലെ നാലു ദിര്‍ഹത്തില്‍നിന്നും തിരക്കുള്ള അവസരത്തില്‍ ആറു ദിര്‍ഹമാക്കാനാണ് പദ്ധതി. തിരക്കുള്ള സമയത്തിന് അനുസൃതമായി നിരക്കില്‍ വ്യത്യാസം വരുത്താനാണ് അധികൃതര്‍ ഒരുങ്ങുന്നത്. നിലവില്‍ ഒരു ടോള്‍ ഗേറ്റിന് നാലു ദിര്‍ഹം എന്നതാണ് ജനുവരി അവസാനം മുതല്‍ മാറുക.

തിരക്കേറിയ സമയം എന്നതുകൊണ്ട് അര്‍ഥമാക്കുന്നത് രാവിലെ ആറുമുതല്‍ 10 വരെയും വൈകുന്നേരം നാലു മുതല്‍ രാത്രി എട്ടുവരേയുമുള്ള സമയമാണ്. ഈ നേരത്താവും ആറു ദിര്‍ഹംവീതം ഈടാക്കുക. തിരക്കില്ലാത്ത സമയമായ രാവിലെ 10 മുതല്‍ വൈകുന്നേരം നാലുവരെയുള്ള നേരത്ത് പഴയ നിരക്കായ നാലു ദിര്‍ഹം തുടരും. ഇതേ നിരക്കാവും രാത്രി എട്ടിന് ശേഷവും നല്‍കേണ്ടി വരിക. പുലര്‍ച്ചെ ഒരുമണിമുതല്‍ രാവിലെ ആറു മണിവരെ എല്ലാ റോഡുകളും ടോള്‍ ഗേറ്റുകളും കടക്കുന്നത് ഫ്രീയാണ്. അതായത് ഈ നേരത്ത് ടോള്‍ ചാര്‍ജ് നല്‍കേണ്ടതില്ല.

പ്രധാന പരിപാടികള്‍ നടക്കുന്ന സമയം, പൊതുഅവധി ദിനങ്ങള്‍, വിശേഷദിവസങ്ങള്‍ എന്നിവ ഒഴികേയുള്ള ഞായറാഴ്ചകളിലും നാലു ദിര്‍ഹമായിരിക്കും ടോള്‍ നിരക്ക്. നഗരത്തിലൂടെ അഞ്ച് ടോള്‍ ഗേറ്റ് കടന്നാണ് ഒരാള്‍ കാറുമായി പോകുന്നതെങ്കില്‍ ജനുവരി അവസാനം ടോള്‍നിരക്ക് പുതുക്കപ്പെടുന്നതോടെ പത്തുദിര്‍ഹം കൂടുതലായി നല്‍കേണ്ടിവരും. 10 ടോള്‍ ഗേറ്റുകള്‍ കടക്കുമ്പോള്‍ അധികമായി നല്‍കേണ്ടുന്നത് 20 ദിര്‍ഹമാണ്. നാലു ദിര്‍ഹം വെച്ച് 10 ഗേറ്റിന് 40 ദിര്‍ഹം വേണ്ടിടത്ത് ആറു രൂപയാവുമ്പോള്‍ 60 ആയി ഉയരും.

Related Articles

Back to top button