ദമാസ്‌ക്കസും വളഞ്ഞു, സിറിയ വിമതരുടെ കൈപ്പിടിയിലേക്ക് ? സുപ്രധാന നഗരങ്ങളെല്ലാം പിടിച്ചെടുത്തു

ഡമാസ്‌കസ്: സിറിയയില്‍ ആഭ്യന്തര യുദ്ധം കൂടുതല്‍ കരുത്താര്‍ജ്ജിക്കുന്നു. വിമതസേന തലസ്ഥാന നഗരമായ ഡമാസ്‌കസ് വളഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. അസദ് ഭരണകൂടത്തിന്റെ പ്രതിരോധം തളരുന്നുവെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.
ഡമാസ്‌കസിന് സമീപമുള്ള ബര്‍സെയിലാണ് ഇപ്പോള്‍ വിമതര്‍ തമ്പടിച്ചിരിക്കുന്നത്. ഏറ്റുമുട്ടല്‍ തുടരുകയാണെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. വൈദ്യുതിയടക്കം വിച്ഛേദിക്കപ്പെട്ടു. ഇന്റര്‍നെറ്റ് സേവനങ്ങളിലും പ്രതിസന്ധി നേരിടുന്നുണ്ട്. ആളുകളെല്ലാം വീടുകളില്‍ തുടരുകയാണ്.
പ്രസിഡന്റ് രാജ്യം വിട്ടു ?
പ്രസിഡൻ്റ് ബാഷർ അൽ അസദ് രാജ്യം വിട്ടെന്ന് അഭ്യൂഹം പ്രചരിക്കുന്നുണ്ട്. എന്നാല്‍ പ്രസിഡന്റ് ഇക്കാര്യം നിഷേധിച്ചു. പ്രസിഡന്റ് രാജ്യത്ത് തന്നെയുണ്ടെന്നാണ് ഔദ്യോഗിക വിശദീകരണം. ഹോംസ് നഗരം വിമതര്‍ നേരത്തെ കൈപിടിയിലാക്കിയിരുന്നു. അല്‍ അസദിന്റെ സൈന്യം അൽ ഖൈം അതിർത്തി കടന്ന് ഇറാഖിലേക്ക് പലായനം ചെയ്യുന്നുവെന്നാണ് വിവരം.
തങ്ങള്‍ ഹോംസ് നഗരത്തെ സ്വതന്ത്രമാക്കിയെന്നായിരുന്നു വിമത കമാൻഡർ ഹസ്സൻ അബ്ദുൾ ഗനിയുടെ അവകാശവാദം. ഹോംസില്‍ 3,500-ലധികം തടവുകാരെയാണ് വിമതര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് മോചിപ്പിച്ചത്. പല സുപ്രധാന നഗരങ്ങളും വിമതരുടെ നിയന്ത്രണത്തിലാണ്. അലപ്പോ, ഹമ, ദെയ്ര്‍ അല്‍ സോര്‍, ക്വിനെയ്ത്ര, ദേറാ, സുവെയ്ദ തുടങ്ങിയ പ്രദേശങ്ങള്‍ വിമതര്‍ കൈയ്യടക്കി.
സിറിയൻ സൈനികരും വിവിധ സുരക്ഷാ ഏജൻസികളിലെ അംഗങ്ങളും നഗരത്തിൽ നിന്ന് പിൻവാങ്ങിയതായും വിമതർ നഗരത്തിൻ്റെ ഭാഗങ്ങളിൽ പ്രവേശിച്ചതായും ബ്രിട്ടൻ ആസ്ഥാനമായുള്ള സിറിയൻ ഒബ്സർവേറ്ററി ഫോർ ഹ്യൂമൻ റൈറ്റ്സിൻ്റെ തലവനായ റാമി അബ്ദുറഹ്മാൻ വ്യക്തമാക്കി
ലെബനൻ്റെ അതിർത്തിയിലുള്ള സിറിയൻ നഗരമായ ഖുസൈറിൽ നിന്ന് ഹിസ്ബുള്ള ഗ്രൂപ്പ് പിൻവാങ്ങിയെന്ന് സിറിയൻ സൈനിക വൃത്തങ്ങൾ നേരത്തെ വ്യക്തമാക്കിയിരുന്നു.
സിറിയയില്‍ ഇസ്ലാമിക് സ്റ്റേറ്റ് വീണ്ടും രൂപപ്പെടുന്നില്ലെന്നും, മാനുഷിക വിപത്ത് ഉണ്ടാകുന്നില്ലെന്നും ഉറപ്പുവരുത്തുന്നതിലാണ് യുഎസ് ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നതെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.
സിറിയയില്‍ മുമ്പ് സംഭവിച്ച ആഭ്യന്തര യുദ്ധത്തോടെയാണ് ഐഎസ്‌ഐഎസ് രംഗത്തെത്തിയതെന്നും യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവന്‍ ഓര്‍മിപ്പിച്ചു.
സിറിയയിലെ സംഭവവികാസങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇറാൻ, റഷ്യ, തുർക്കി എന്നീ രാജ്യങ്ങളിലെ നയതന്ത്രജ്ഞർ യോഗം ചേര്‍ന്നിരുന്നു. സിറിയൻ സർക്കാരും വിമതരും തമ്മിലുള്ള ചര്‍ച്ചകള്‍ക്ക് തുടക്കം കുറിക്കാന്‍ തീരുമാനിച്ചുവെന്നായിരുന്നു ഇറാന്‍ വിദേശകാര്യമന്ത്രിയുടെ പ്രതികരണം.