സിറിയയിൽ കുടുങ്ങിയ 75 ഇന്ത്യക്കാരെ സുരക്ഷിതമായി ലെബനനിലേക്ക് മാറ്റി; ഉടൻ നാട്ടിലേക്ക് തിരിക്കും
ആഭ്യന്തര കലഹത്തെ തുടർന്ന് വിമതർ അധികാരം പിടിച്ച സിറിയയിൽ നിന്ന് 75 ഇന്ത്യക്കാരെ ഒഴിപ്പിച്ചു. 75 പേരെയും സുരക്ഷിതമായി ലെബനനിലേക്ക് മാറ്റിയെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ജമ്മു കാശ്മീരിൽ നിന്ന് സിറിയയിൽ എത്തി കുടുങ്ങിയ 44 പേരും ഇവരിലുണ്ട്. ലെബനനിൽ നിന്ന് ഇവർ ഇന്ത്യയിലേക്ക് തിരിക്കും
ജമ്മു കാശ്മീരിൽ നിന്ന് തീർഥാടനത്തിനായി എത്തിയ 44 പേർ സിറിയയിൽ കുടുങ്ങുകയായിരുന്നു. സെയ്ദ സൈനബിൽ എത്തിയപ്പോഴേക്കും ആഭ്യന്തര സംഘർഷം രൂക്ഷമാകുകയും മടങ്ങാൻ സാധിക്കാതെ കുടുങ്ങി പോകുകയുമായിരുന്നു. ദമാസ്കസിലെ ഇന്ത്യൻ എംബസിയും ബെയ്റൂത്തിലെ എംബസിയും സംയുക്തമായി നടത്തിയ നീക്കത്തിനൊടുവിലാണ് 75 പേരെയും സുരക്ഷിതമായി ലെബനനിൽ എത്തിച്ചത്
ലെബനനിൽ നിന്ന് ലഭ്യമാകുന്ന ആദ്യ വിമാനത്തിൽ തന്നെ ഇവരെ നാട്ടിലെത്തിക്കുമെന്നാണ് വിദേശകാര്യ മന്ത്രാലയം അറിയിച്ചത്. ആഭ്യന്തര സംഘർഷം രൂക്ഷമായ ഘട്ടത്തിൽ തന്നെ സിറിയയിലുള്ള ഇന്ത്യക്കാരോട് നാട്ടിലേക്ക് മടങ്ങാൻ വിദേശകാര്യ മന്ത്രാലയം നിർദേശിച്ചിരുന്നു.