സ്കോട്ട്ലാൻഡിൽ മലയാളി യുവതിയെ കാണാതായിട്ട് 13 ദിവസങ്ങൾ കഴിഞ്ഞു; അന്വേഷണം തുടരുന്നു
സ്കോട്ട്ലാൻഡിൽ കാണാതായ മലയാളി യുവതി സാന്ദ്ര സജുവിനെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കി എഡിൻബറോ പോലീസ്. ഇന്ന് സാന്ദ്രയെ കാണാതായിട്ട് 13 ദിവസങ്ങൾ പിന്നിടുകയാണ്. സിസിടിവികൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തെ തുടർന്ന് സാന്ദ്രയെന്ന് സംശയിക്കുന്ന യുവതിയുടെ ചിത്രം പോലീസ് പുറത്തുവിട്ടിട്ടുണ്ട്
ഡിസംബർ 6ന് രാത്രി 9.10നും 9.45നും ഇടയിൽ ആൽമണ്ട് വെയിലിലെ അസ്ഡ സൂപ്പർമാർക്കറ്റിന് മുന്നിൽ നിൽക്കുന്ന യുവതിയുടെ ചിത്രമാണ് പുറത്തുവിട്ടത്. നേരത്തെ ഡിസംബർ ആറിന് രാത്രി 8.30ന് ലിവിങ്സ്റ്റണിലെ ബേൺവെൽ ഏരിയയിൽ വെച്ചാണ് സാന്ദ്രയെ കണ്ടതെന്ന വിവരമാണുണ്ടായിരുന്നത്. പിന്നീടാണ് പുതിയ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചത്
എറണാകുളം പെരുമ്പാവൂർ സ്വദേശിനിയാണ് സാന്ദ്ര. ഹെരിയോട്ട് വാട്ട് യൂണിവേഴ്സിറ്റിയിലെ വിദ്യാർഥിനിയാണ്. സ്റ്റുഡന്റ് വിസയിൽ കഴിഞ്ഞ വർഷമാണ് സാന്ദ്ര സ്കോട്ട്ലാൻഡിൽ എത്തിയത്.