പോലീസിന്റെ ചോദ്യങ്ങളോട് പ്രതികരിക്കാതെ അല്ലു അർജുൻ; തീയറ്ററിൽ നിന്നുള്ള ദൃശ്യങ്ങൾ താരത്തിന് മുന്നിൽ പ്രദർശിപ്പിച്ചു
പുഷ്പ 2 പ്രീമിയർ പ്രദർശനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിൽ തെലുങ്ക് താരം അല്ലു അർജുനെ ചോദ്യം ചെയ്ത് ഹൈദരാബാദ് പോലീസ്. എന്നാൽ ചോദ്യം ചെയ്യലിന് ഹാജരായെങ്കിലും പോലീസിന്റെ ചോദ്യങ്ങളോട് അല്ലു പ്രതികരിച്ചില്ല. അനുമതി നിഷേധിച്ചിട്ടും റോഡ് ഷോ നടത്തിക്കൊണ്ട് പ്രീമിയർ നടത്തിയ തീയറ്ററിലേക്ക് എന്തിനെന്ന് പോലീസ് ചോദിച്ചു
സ്വകാര്യ സുരക്ഷാ സംഘം ജനങ്ങളെ മർദിച്ചതിൽ ഇടപെടാതിരുന്നത് എന്തിനാണെന്നും പോലീസ് ചോദിച്ചു. നേരത്തെ പോലീസ് പുറത്തുവിട്ട സന്ധ്യ തീയറ്ററിൽ നിന്നുള്ള 10 മിനിറ്റ് വീഡിയോയും ചോദ്യം ചെയ്യലിനിടെ അല്ലു അർജുന് മുന്നിൽ പ്രദർശിപ്പിച്ചു. എപ്പോഴാണ് യുവതി മരിച്ചതിനെ കുറിച്ച് അറിഞ്ഞതെന്ന ചോദ്യമായിരുന്നു മറ്റൊന്ന്. എന്നാൽ ഇതിനൊന്നും മറുപടി പറയാതെയാണ് താരം ഇരുന്നത്
ഡിസിപിയും എസിപിയും നേതൃത്വം നൽകുന്ന നാലംഗ സംഘമാണ് അല്ലു അർജുനെ ചോദ്യം ചെയ്തത്. ഡിസംബർ 4നാണ് തിയറ്റിലെ തിക്കിലും തിരക്കിലും പെട്ട് രേവതിയെന്ന യുവതി മരിച്ചത്. ഇവരുടെ മകൻ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലുമാണ്.