എമിറേറ്റിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റിന് ഷാര്‍ജ ഭരണാധികാരിയുടെ അംഗീകാരം നല്കി
ഷാര്‍ജ: എമിറേറ്റിന്റെ ഇതുവരെയുള്ള ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റിന് സുപ്രിം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരി. ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി അംഗീകാരം നല്കി. 42 ബില്യണ്‍ ദിര്‍ഹം ചെലവ് പ്രതീക്ഷിക്കുന്ന ബജറ്റിനാണ് അംഗീകാരം നല്‍കിയിരിക്കുന്നത്. എമിറേറ്റിന്റെ സാമ്പത്തിക ഭദ്രതക്കും സുസ്ഥിര വികസനത്തിനും ഊന്നല്‍ നല്കുന്ന ബജറ്റാണ് അംഗീകരിച്ചിരിക്കുന്നതെന്നും എമിറേറ്റില്‍ കഴിയുന്നവരുടെ ജീവിത നിലവാരവും സാമൂഹിക ക്ഷേമവും ഉറപ്പാക്കുന്നതാണ് 2025ലേക്കുള്ള ബജറ്റെന്നും ഷാര്‍ജ ഗവ. മീഡിയ ഒാഫീസ് വ്യക്തമാക്കി.
സാമൂഹിക സുരക്ഷ, ജലം, വൈദ്യുതി, ഭക്ഷ്യ മേഖല തുടങ്ങിയവയിലെ സുസ്ഥിരത ഉറപ്പാക്കാനാണ് ബജറ്റ് ഊന്നല്‍ നല്‍കുന്നത്. 2024ലെ ബജറ്റുമായി താരതമ്യപ്പെടുത്തിയാല്‍ രണ്ടു ശതമാനം കൂടുതലാണ് ചെലവിനത്തില്‍ വകയിരുത്തിയിരിക്കുന്നത്. ബജറ്റിന്റെ 27 ശതമാനവും ശമ്പളവും അനുബന്ധ കാര്യങ്ങള്‍ക്കുമായുള്ളതാണ്. 23 ശതമാനം ഓപറഷനല്‍ ചെലവുകള്‍ക്കായാണ്. 20 ശതമാനത്തോളം ചെലവഴിക്കുക കാപിറ്റല്‍ പ്രൊജക്ടുകള്‍ക്കാണെന്നും അധികൃതര്‍ അറിയിച്ചു.