അടിയന്തര ലാന്‍ഡിംഗിനിടെ യാത്രാ വിമാനം തകര്‍ന്ന് വീണ് 35 പേര് മരിച്ചു. അപകടത്തില്‍ വിമാനത്തിന്റെ മുന്‍ഭാഗം പൂര്‍ണമായും കത്തി നശിച്ചെങ്കിലും 32 പേര് അത്ഭുതകരമായി രക്ഷപ്പെട്ടു. ഏഷ്യന്‍ രാജ്യമായ കസാഖിസ്ഥാനിലാണ് സംഭവം.
അസര്ബൈജാന് എയര്‍ലൈന്‍സിന്റെ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. 67 യാത്രക്കാരും അഞ്ച് ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. 35 പേര് മരിച്ചെന്നും 32 പേര് രക്ഷപ്പെട്ടുവെന്നുമാണ് ഔദ്യോഗിക വിവരം. രക്ഷപ്പെട്ടവരുടെ ആരോഗ്യ നിലയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവരാനുണ്ട്.
ബോക്കുവില് നിന്ന് റഷ്യയിലെ ചച്നിയയുടെ തലസ്ഥാനമായ ഗ്രോസ്നിയിലേക്ക് പോകുകയായിരുന്നു വിമാനം. എന്നാല്‍ കസാഖ് നഗരമായ അക്തൗവില്‍ നിന്ന് ഏകദേശം 3 കിലോമീറ്റര്‍ (1.8 മൈല്‍) അകലെ വിമാനം അടിയന്തരമായി ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു.
ഗ്രോസ്നിയില്‍ കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്നാണ് ഇവിടേക്ക് വഴിതിരിച്ചുവിട്ടതെന്ന് അധികൃതര്‍ അറിയിച്ചു. ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനം കത്തിയമരുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അപകടം എങ്ങനെ സംഭവിച്ചുവെന്നതടക്കമുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല.