പുതുവത്സര രാവിൽ ഫോർട്ട് കൊച്ചിയിൽ രണ്ടിടത്ത് പാപ്പാഞ്ഞിയെ കത്തിക്കാം; അനുമതി നൽകി ഹൈക്കോടതി
പുതുവത്സരാഘോഷങ്ങളോട് അനുബന്ധിച്ച് ഫോർട്ട് കൊച്ചി വെളി മൈതാനത്ത് സ്ഥാപിച്ച പാപ്പാഞ്ഞിയെ കത്തിക്കാൻ ഹൈക്കോടതി അനുമതി. സുരക്ഷാ ക്രമീകരണങ്ങൾ ഉണ്ടായിരിക്കണമെന്നതടക്കമുള്ള ഉപാധികളോടെയാണ് അനുമതി നൽകിയത്. 40 അടി ഉയരമുള്ള പാപ്പാഞ്ഞിയെ കത്തിക്കാൻ അനുവദിക്കില്ലെന്നും ഇത് നീക്കണമെന്നും പോലീസ് ആവശ്യപ്പെട്ടതിനെ തുടർന്ന് സംഘാടകർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
ഹൈക്കോടതി അനുമതി നൽകിയതോടെ ഇത്തവണ ഫോർട്ട് കൊച്ചി പരേഡ് മൈതാനത്തും വെളി മൈതാനത്തും പാപ്പാഞ്ഞിയെ കത്തിക്കും. ക്രമസമാധാന പ്രശ്‌നമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് വെളി മൈതാനത്ത് പാപ്പാഞ്ഞിയെ കത്തിക്കുന്നത് പോലീസ് തടഞ്ഞത്. ഡിസംബർ 31ന് രാത്രി ഫോർട്ട് കൊച്ചി പരേഡ് മൈതാനത്ത് പാപ്പാഞ്ഞിയെ കത്തിക്കുന്നതിന് സുരക്ഷ ഒരുക്കാൻ ആയിരത്തിലേറെ പോലീസുകാർ വേണം.
ഇതിന് പുറമെ വെളി മൈതാനത്ത് കൂടി പാപ്പാഞ്ഞിയെ കത്തിക്കുന്നത് സുരക്ഷാ പ്രശ്‌നങ്ങൾ ഉണ്ടാക്കുമെന്നായിരുന്നു പോലീസ് വാദം. ഇരു മൈതാനങ്ങളും തമ്മിൽ രണ്ട് കിലോമീറ്റർ അകലമാണുള്ളത്. അതേസമയം വെളി മൈതാനത്ത് സുരക്ഷാ നടപടികളുടെ ഭാഗമായി സംഘാടകർ 42 നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. വിദേശികൾക്കും സ്വദേശികൾക്കും പ്രത്യേക പവലിയൻ സജ്ജമാക്കും.