മാമി തിരോധാനത്തിൽ ദുരൂഹതയേറുന്നു; ഡ്രൈവറെയും ഭാര്യയെയും കാണാതായി
കോഴിക്കോട്ടെ വ്യാപാരി മുഹമ്മദ് ആട്ടൂർ എന്ന മാമിയുടെ തിരോധാനത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നതിനിടെ അദ്ദേഹത്തിന്റെ ഡ്രൈവറെയും ഭാര്യയെയും കാണാതായി. ഡ്രൈവർ രജിത് കുമാറിനെയും ഭാര്യ തുഷാരയെയും കാണാനില്ലെന്ന് കാണിച്ച് തുഷാരയുടെ സഹോദരൻ സുമൽജിത്താണ് നടക്കാവ് പോലീസിൽ പരാതി നൽകിയത്.
കോഴിക്കോട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്തെ ലോഡ്ജിൽ മുറിയെടുത്ത താമസിക്കുകയായിരുന്ന ഇരുവരും വ്യാഴാഴ്ച മുറി ഒഴിഞ്ഞ് ലോഡ്ജിൽ നിന്ന് പോയെന്നും പിന്നീട് ഇവരെ കുറിച്ച് ഒരു വിവരവുമില്ലെന്നുമാണ് പരാതി. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇരുവരും വീട്ടിൽ നിന്ന് പോയത്
ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം നോട്ടീസ് നൽകിയിരുന്നുവെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. ഇരുവരും ഒരു ഓട്ടോറിക്ഷയിൽ കയറി പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. ഈ ഓട്ടോ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്
2023 ഓഗസ്റ്റ് 21നാണ് റിയൽ എസ്‌റ്റേറ്റ് വ്യാപാരിയായ മാമിയെ കാണാതായത്. അന്വേഷണവുമായി ബന്ധപ്പെട്ട് ഇതുവരെ 147 പേരെ ചോദ്യം ചെയ്തു. ആയിരത്തിലേറെ ഫോൺകോളുകൾ പരിശോധിച്ചു. സെപ്റ്റംബറിലാണ് കേസ് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്