ജപ്പാനിൽ ശക്തമായ ഭൂകമ്പം; റിക്ടർ സ്കെയിലിൽ 6.9 തീവ്രത: സുനാമി മുന്നറിയിപ്പ്
ടോക്കിയോ: ജപ്പാനിൽ വൻ ഭൂകമ്പം. റിക്ടർ സ്കെയിലിൽ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ക്യൂഷു മേഖലയിലാണ് ഭൂകമ്പം ഉണ്ടായിരിക്കുന്നത്. 37 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പം ഉണ്ടായിരിക്കുന്നതെന്നാണ്, യൂറോപ്യൻ മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെൻ്റർ നൽകുന്ന വിവരം. പ്രദേശത്ത് സുനാമി മുന്നറിയിപ്പും നൽകിയിട്ടുണ്ട്. രണ്ട് തുറമുഖങ്ങളിലായി 20 സെന്റീമീറ്റർ ഉയരത്തിൽ ചെറിയ സുനാമി തിരമാലകൾ ഉണ്ടായതായി റിപ്പോർട്ടുണ്ട്. എന്നാൽ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല.
ഒരു മീറ്റർ (മൂന്ന് അടി) വരെ ഉയരത്തിൽ സുനാമി തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് ജപ്പാൻ കാലാവസ്ഥാ ഏജൻസി (ജെഎംഎ) മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. തീരദേശങ്ങളിൽ നിന്ന് മാറി താമസിക്കാൻ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഹ്യൂഗ-നാഡ കടലിലാണ് ഭൂകമ്പം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഭൂകമ്പത്തിന് പിന്നാലെ പല പ്രദേശങ്ങളിലും അധികൃതർ സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നാൽ, എവിടെയും നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ വർഷം ഓഗസ്റ്റ് എട്ടിന് ക്യൂഷു, ഷിക്കോകു എന്നീ ജപ്പാന്റെ തെക്കുപടിഞ്ഞാറൻ ദ്വീപുകളിൽ 6.9, 7.1 എന്നിങ്ങനെ തീവ്രത രേഖപ്പെടുത്തിയ രണ്ട് ശക്തമായ ഭൂകമ്പങ്ങളാണ് ഉണ്ടായത്.
ജനുവരി 7 ന് ടിബറ്റിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം ഉൾപ്പെടെ ആറ് ഭൂകമ്പങ്ങൾക്ക് ശേഷമാണ് ജപ്പാനിൽ വീണ്ടും ഇപ്പോൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിൽ 126 പേർ കൊല്ലപ്പെടുകയും നിരവധി വീടുകൾ തകരുകയും ചെയ്തിരുന്നു. 300 ലധികം പേർക്കാണ് പരിക്കേറ്റത്. ഇന്ത്യ, നേപ്പാൾ, ഭൂട്ടാൻ എന്നിവിടങ്ങളിലും ഈ സമയം ഭൂകമ്പം അനുഭവപ്പെട്ടിരുന്നു.