ജോജു ജോര്‍ജ് സംവിധാനം ചെയ്ത് അഭിനയിച്ച ഏറെ വിവാദങ്ങള്‍ക്കിടയായ പണിയെന്ന സിനിമയിലെ ഇതിവൃത്തവുമായി സാമ്യമുള്ള ആക്രമണമാണ് സെയ്ഫ് അലി ഖാന് നേരെയുണ്ടായതെന്ന് സംശയിക്കുന്നു. നഗരം മുഴുവന്‍ വലവിരിച്ചിട്ടും ഇതുവരെയായും പ്രതിയെ കണ്ടെത്താനായില്ലെന്നും സംശയത്തെ തുടര്‍ന്ന് പിടികൂടിയയാളില്‍ നിന്ന് കാര്യമായ തെളിവുകളൊന്നും കിട്ടിയില്ലെന്നും ബോളിവുഡ് വൃത്തങ്ങള്‍ വ്യക്തമാക്കി.
വ്യാഴാഴ്ച പുലര്‍ച്ചെ നടന്ന സംഭവമായിട്ടും യഥാര്‍ഥ പ്രതികളിലേക്ക് മഹാരാഷ്ട്ര പോലീസ് എത്തിയിട്ടില്ലെന്ന് മാത്രമല്ല പ്രതിയെ കുറിച്ചുള്ള കൃത്യമായ സൂചന പോലും ലഭിച്ചിട്ടില്ല. മാഫിയാ ബന്ധമില്ലെന്നും പ്രതി നഗരം വിട്ട് പോകാന്‍ സാധ്യതയില്ലെന്നും പോലീസും മഹാരാഷ്ട്ര സര്‍ക്കാറും വ്യക്തമാക്കുമ്പോഴും പ്രതി എവിടെയെന്ന ചോദ്യം ഉയരുകയാണ്.
പണി എന്ന സിനിമയില്‍ ജോജുവിന്റെ വി ഐ പി പരിവേഷമുള്ള കഥാപാത്രത്തിന്റെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും നേരെ സാധാരണക്കാരായ പ്രതികള്‍ ആക്രമണങ്ങള്‍ നടത്തി ശേഷം നഗരത്തില്‍ തന്നെ ജീവിക്കുന്നത് പോലെ സെയ്ഫ് അലി ഖാനെ ആക്രമിച്ച പ്രതി നഗരത്തില്‍ തന്നെ കഴിയുകയാണെന്നാമ് പോലീസ് നിഗമനം.
സെയ്ഫിന്റെ വീടിന് അകത്തേക്ക് കയറിയ അക്രമി നടനെ ആറ് തവണ കുത്തുകയും ഗുരുതരമായി പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. കത്തി നീക്കം ചെയ്യാനും സുഷുമ്നാ ദ്രാവകം ചോര്‍ന്നൊലിക്കുന്ന മുറിവ് ചികിത്സിക്കാനും സെയ്ഫിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. താരം അപകടനില തരണം ചെയ്തു എന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്. മോഷണത്തിനായി വീട്ടിലെത്തിയ പ്രതി വീട്ട് ജോലിക്കാരിയെ ആക്രമിക്കുന്നതിനിടെ സെയ്ഫ് അലിയെ കുത്തുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.