ഇറക്കുമതി തീരുവ;ഡോളര്‍ കുതിക്കുമ്പോള്‍ തകര്‍ന്നടിഞ്ഞ് ഇന്ത്യന്‍ രൂപ
അബുദാബി: അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രംപ് അധികാരത്തില്‍ വന്നതിന്റെ തുടര്‍ച്ചയായി ഏഷ്യന്‍ രാജ്യങ്ങളുടെ കറന്‍സികള്‍ തകര്‍ന്നടിയുന്നു. ചൈന ഉള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങള്‍ക്കുമേല്‍ ട്രംപ് 25 ശതമാനം ഇറക്കുമതി ചുങ്കം ചുമത്തിയതാണ് തകര്‍ച്ചക്ക് കാരണം. ഏഷ്യന്‍ കറന്‍സികള്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങളുടെ കറന്‍സിക്കാണ് ഇത് കനത്ത പ്രഹരമായി മാറിയിരിക്കുന്നത്.
ഇന്ന് രാവിലെ നടന്ന വ്യാപാരത്തില്‍ തന്നെ 0.5 ശതമാനത്തിന്റെ ഇടിവാണ് ഡോളറില്‍ രൂപക്ക് യുഎഇയില്‍ സംഭവിച്ചത്. ഡോളറിന് 87.3 രൂപയായിരുന്നപ്പോള്‍ യുഎഇ ദിര്‍ഹത്തിന് 23.72 ഇന്ത്യന്‍ രൂപ വേണ്ടുന്ന അവസ്ഥയായിരുന്നു. കഴിഞ്ഞ ആഴ്ചയില്‍ ഒരു യുഎസ് ഡോളറിന് 87 രൂപയായിരുന്നു. അതുപോലെ ഒരു ദിര്‍ഹത്തിന് 23.70 ആയിരുന്നു. ഇന്ന് വരും മണിക്കൂറുകളിലും വ്യാപാരത്തില്‍ ഇടിവിനാണ് വീണ്ടും സാധ്യത കാണുന്നത് എന്നാണ് മണി എക്‌സ്‌ചേഞ്ചുകളിലെ വിദഗ്ധരില്‍ നിന്നും ലഭിക്കുന്ന സൂചന. ട്രംപ് ഇറക്കിയ 3 എക്‌സിക്യൂട്ടീവ് ഓര്‍ഡറുകളില്‍ മെക്‌സിക്കയില്‍നിന്നും കാനഡയില്‍നിന്നും ചൈനയില്‍നിന്നുമുള്ള ഇറക്കുമതിക്ക് 25% തീരുവ ചുമത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇത് നാളെ മുതല്‍ നിലവില്‍ വരും എന്നാണ് യുഎസ് കേന്ദ്രങ്ങള്‍ അറിയിച്ചിരിക്കുന്നത്.