ഗില്ലിന് സെഞ്ച്വറി, കോഹ്ലിക്കും ശ്രേയസ്സിനും അർധസെഞ്ച്വറി; മൂന്നാം ഏകദിനത്തിൽ ഇംഗ്ലണ്ടിന് 357 റൺസ് വിജയലക്ഷ്യം
![](https://metrojournalonline.com/wp-content/uploads/2025/02/s-gill-780x470.avif)
ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യക്ക് കൂറ്റൻ സ്കോർ. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ 50 ഓവറിൽ 356 റൺസിന് ഓൾ ഔട്ടായി. ഇന്ത്യക്കായി ഓപണർ ശുഭ്മാൻ ഗിൽ സെഞ്ച്വറി നേടിയപ്പോൾ വിരാട് കോഹ്ലി, ശ്രേയസ്സ് അയ്യർ എന്നിവർ അർധസെഞ്ച്വറികളും സ്വന്തമാക്കി.
തുടക്കത്തിലെ രോഹിതിനെ നഷ്ടമായ ഞെട്ടലിലാണ് ഇന്ത്യൻ ഇന്നിംഗ്സ് ആരംഭിച്ചത്. സ്കോർ 6ൽ നിൽക്കെ ഒരു റൺസെടുത്ത രോഹിതിനെ മാർക്ക് വുഡ് പുറത്താക്കി. പിന്നാലെ എത്തിയ വിരാട് കോഹ്ലിയെ കൂട്ടുപിടിച്ച് ഗിൽ ഇന്ത്യൻ സ്കോർ 100 കടത്തി. 55 പന്തിൽ ഒരു സിക്സും ഏഴ് ഫോറും സഹിതം 52 റൺസെടുത്ത വിരാട് പുറത്താകുമ്പോൾ ഇന്ത്യ 122 റൺസിലെത്തിയിരുന്നു. രണ്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് 116 റൺസിന്റെ കൂട്ടുകെട്ടാണ് സ്വന്തമാക്കിയത്
കോഹ്ലി നിർത്തിയിടത്ത് നിന്ന് തുടങ്ങുകയായിരുന്നു ശ്രേയസ് അയ്യർ. ഇതിനിടെ ഗിൽ 95 പന്തിൽ സെഞ്ച്വറി തികച്ചു. ഏഴാം ഏകദിന സെഞ്ച്വറിക്ക് പിന്നാലെ ഗിൽ പുറത്തായി. 102 പന്തിൽ മൂന്ന് സിക്സും 14 ഫോറും സഹിതം 112 റൺസാണ് ഗില്ലിന്റെ സമ്പാദ്യം. മൂന്നാം വിക്കറ്റിൽ ഗില്ലും ശ്രേയസും കൂടി അടിച്ചുകൂട്ടിയത് 104 റൺസ്
സ്കോർ 259ൽ ശ്രേയസും പുറത്ത്. 64 പന്തിൽ രണ്ട് സിക്സും എട്ട് ഫോറും സഹിതം 78 റൺസാണ് അയ്യർ അടിച്ചുകൂട്ടിയത്. കെഎൽ രാഹുൽ 29 പന്തിൽ 40 റൺസുമായും ഹാർദിക് പാണ്ഡ്യ 9 പന്തിൽ 17 റൺസുമായും മടങ്ങി. അക്സർ പട്ടേൽ 13 റൺസിനും വാഷിംഗ്ടൺ സുന്ദർ 14 റൺസിനും വീണു. ഹർഷിത് റാണ 13 റൺസെടുത്തു. ഇന്നിംഗ്സിലെ അവസാന പന്തിലാണ് പത്താമനായി അർഷ്ദീപ് സിംഗ് റൺ ഔട്ടാകുന്നത്. രണ്ട് റൺസാണ് താരത്തിന്റെ സമ്പാദ്യം. ഒരു റൺസുമായി കുൽദീപ് യാദവ് പുറത്താകാതെ നിന്നു
ഇംഗ്ലണ്ടിന് വേണ്ടി ആദിൽ റഷീദ് നാല് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ മാർക്ക് വുഡ് രണ്ട് വിക്കറ്റെടുത്തു. സാബിഖ് മുഹമ്മദ്, ഗസ് അറ്റ്കിൻസൺ, ജോ റൂട്ട് എന്നിവർ ഓരോ വിക്കറ്റുകൾ സ്വന്തമാക്കി