പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മുഖചിത്രം; ബിജെപിയുടെ പരാതിയിൽ തമിഴ് വാരിക വികടന്റെ സൈറ്റ് ബ്ലോക്ക് ചെയ്ത് കേന്ദ്രസർക്കാർ

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മുഖചിത്രം പങ്കുവച്ചതിന് പിന്നാലെ തമിഴ് വാരിക വികടന്റെ സൈറ്റ് ബ്ലോക്ക് ചെയ്ത് കേന്ദ്രസർക്കാർ. ബിജെപിയുടെ പരാതിയെ തുടർന്നാണ് നടപടി. ഡൊണാള്‍ഡ് ട്രംപിന് സമീപം മോദി ഇരിക്കുന്നതായിരുന്നു കാർട്ടൂൺ ചിത്രം. അതേസമയം സംഭവം വിവാദമായതോടെ മണിക്കൂറുകള്‍ക്കുള്ളില്‍ നിരോധനം പിന്‍വലിച്ചു.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് സമീപം കൈവിലങ്ങിട്ട് മോദി ഇരിക്കുന്നതായിരുന്നു വികടന്റെ മുഖചിത്രം. പ്രധാനമന്ത്രിയെ വിമര്‍ശിച്ചുള്ള മുഖചിത്രം പങ്കുവെച്ചതിന് പിന്നാലെ പ്രമുഖ തമിഴ് വാരിക വികടനെതിരെ പരാതിയുമായി ബിജെപി രംഗത്തെത്തി. ബിജെപി തമിഴ്‌നാട് ഘടകം കേന്ദ്രമന്ത്രി എല്‍ മുരുഗനാണ് പരാതി നല്‍കിയത്. ഇതിന് പിന്നാലെയായിരുന്നു വെബ് സൈറ്റ് കേന്ദ്രസര്‍ക്കാര്‍ ബ്ലോക്ക് ചെയ്തത്.
വെബ്‌സൈറ്റ് ബ്ലോക്ക് ചെയ്യപ്പെട്ടതിന് പിന്നാലെ കേന്ദ്ര സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയതാണെന്ന് എല്‍ മുരുകന്റെ ഓഫീസ് സ്ഥിരീകരിച്ചിരുന്നു. ഉചിതമായ തീരുമാനമെന്നാണ് തമിഴ്നാട്ടിലെ ബിജെപി നേതാക്കളുടെ പ്രതികരണം. മോദിയുടെ ഭരണമികവ് ലോകം അംഗീകരിക്കുമ്പോള്‍ മാധ്യമങ്ങള്‍ അതിരു വിടാന്‍ പാടില്ലെന്ന് ബിജെപി നേതാവ് വിനോജ് പി സെല്‍വം പറഞ്ഞു.