
മസ്കറ്റ്: സീബിലെ ഗ്രീന്‍ പാര്‍ക്കിന്റെയും നടപ്പാതയുടെയും നിര്‍മ്മാണം പൂര്‍ത്തിയായതായി അധികൃതര്‍ അറിയിച്ചു. മസ്കറ്റ് നഗരസഭയാണ് വിലായത്തിലെ മാബീല സൗത്തില്‍ പദ്ധതി യാഥാര്‍ത്ഥ്യമാക്കിയത്. 3.4 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ളതാണ് ഈ പദ്ധതി. സമൂഹത്തിലെ എല്ലാ അംഗങ്ങള്‍ക്കും സുസ്ഥിരമായ സേവനം ഉറപ്പാക്കാനാണ് പാര്‍ക്ക് നിര്‍മ്മിച്ചിരിക്കുന്നതെന്ന് നഗരസഭയുടെ ജനറല്‍ ഡയറക്ടറേറ്റ് ടെക്നിക്കല്‍ വിഭാഗം അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ എന്‍ജിനീയര്‍ മൂസാ ബിന്‍ സലീം അല്‍ ശര്‍ക്കി വ്യക്തമാക്കി. പൊതുജനങ്ങള്‍ക്ക് ആരോഗ്യമുള്ള ജീവിതം പിന്തുടരാന് സഹായിക്കുന്നതാണ് പദ്ധതിയെന്നും വ്യായാമത്തിനും കായിക വിനോദങ്ങള്‍ക്കും എല്ലാം ഇവിടെ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.