National

മുറിയിൽ ഒറ്റയ്ക്കിരുന്ന് വിഷമിക്കാൻ വയ്യ; വിദേശപര്യടനങ്ങളിൽ കുടുംബത്തെ ഒപ്പം കൂട്ടുന്നതിനെ അനുകൂലിച്ച് കോലി

ബംഗളൂരു: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ വിദേശപര്യടനങ്ങളിൽ കളിക്കാരുടെ കുടുംബത്തെയും ഒപ്പംകൂട്ടുന്നതിനെ അനുകൂലിച്ച് സൂപ്പർ ബാറ്റർ വിരാട് കോലി. ഫീൽഡിലെ കഠിനവും തീക്ഷ്ണവുമായ ദിനങ്ങളെ കൈകാര്യം ചെയ്യാൻ വ്യക്തിപരമായ ചില പിന്തുണകൾ എനിക്ക് ആവശ്യമാണ്. റൂമിൽ ചെന്ന് ഒറ്റയ്ക്കിരുന്നു വിഷമിക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും കോലി പറഞ്ഞു. ഓസ്ട്രേലിയൻ പര്യടനത്തിലെ 3-1ന്‍റെ ടെസ്റ്റ് തോൽവിക്കുശേഷം, 45 ദിനത്തിലേറെ നീളുന്ന പര്യടനങ്ങളിൽ 14 ദിവസത്തിൽ കൂടുതൽ കളിക്കാർക്ക് കുടുംബത്തിനൊപ്പം ചെലവഴിക്കാനാവില്ലെന്ന് ബിസിസിഐ സർക്കുലർ ഇറക്കിയിരുന്നു. ചെറിയ പര്യടനങ്ങളിൽ ഭാര്യയ്ക്കോ മക്കൾക്കോ കാമുകിക്കോ ഒരാഴ്ചയിൽ കൂടുതൽ താരങ്ങൾക്കൊപ്പം തങ്ങാനാവില്ല. അടുത്തിടെ സമാപിച്ച ചാംപ്യൻസ് ട്രോഫി സമയത്ത് കോലി, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി എന്നിവരുടെ കുടുംബങ്ങൾ ദുബായിൽ ഉണ്ടായിരുന്നെങ്കിലും ടീം ഹോട്ടലിൽ തങ്ങിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് കോലിയുടെ പ്രതികരണം.

കുടുംബത്തിന്‍റെ പങ്ക് വിവരിക്കുക പ്രയാസകരം. പുറത്തെ തീക്ഷ്ണമായ സംഭവങ്ങൾക്കുശേഷം എല്ലാസമയത്തും നിങ്ങളുടെ കുടുംബത്തിൽ തിരിച്ചെത്തുക എന്ന പ്രാഥമിക കാര്യത്തെ എങ്ങനെ പറഞ്ഞു മനസിലാക്കാനാവും-ആർസിബിയുടെ ഇന്നൊവേഷൻ ലാബ് ഉച്ചകോടിയിൽ കോലി പറഞ്ഞു. അതിന്‍റെ വില മറ്റുള്ളവർക്ക് അറിയില്ലെന്നു ഞാൻ കരുതുന്നു.

കളിക്കളത്തിലെ നിരാശകളെ വേഗം മറികടക്കാൻ കുടുംബത്തിന്‍റെ സാന്നിധ്യം താരങ്ങളെ സഹായിക്കും. ഒറ്റയ്ക്കു മുറിയിൽ പോയി ദുഃഖിച്ചിരിക്കാൻ എനിക്കാവില്ല. ഒരാൾ ദൗത്യം പൂർത്തീകരിച്ചശേഷം കുടുംബത്തിൽവരുന്നു. കുടുംബാംഗങ്ങൾക്കൊപ്പം ഇരിക്കുന്നു. കുടുംബജീവിതം മുന്നോട്ടുപോകുന്നു. അതാണ് യാഥാർഥ്യം. അതിസമ്മർദ്ദത്തിന്‍റെ ഒരു ദിവസം ഫാമിലിക്കൊപ്പം സമയം ചെലവിടാനും കറങ്ങിനടക്കാനും കിട്ടുന്ന ഒരവസരവും പാഴാക്കില്ലെന്നും കോലി കൂട്ടിച്ചേർത്തു.

Related Articles

Back to top button
error: Content is protected !!