ജോലിക്ക് പകരം ഭൂമി: കേസിൽ ലാലു പ്രസാദ് യാദവിനും കുടുംബത്തിനും വീണ്ടും ഇഡി നോട്ടീസ്

ഇന്ത്യൻ റെയിൽവേയിൽ ജോലി നൽകുന്നതിന് ഉദ്യോഗാർഥികളിൽ നിന്ന് ഭൂമി കൈപ്പറ്റിയതുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ആർജെഡി നേതാവ് ലാലു പ്രസാദ് യാദവ്, ഭാര്യ റാബ്‌റി ദേവി, മകൻ തേജ് പ്രതാപ് യാദവ് എന്നിവരെ ചോദ്യം ചെയ്യാനായി ഇ ഡി സമൻസ് അയച്ചു. ബുധനാഴ്ച ഹാജരാകാനാണ് ലാലുവിന് നൽകിയ നിർദേശം
അതേസമയം റാബ്‌റി ദേവി, തേജ് പ്രതാപ് യാദവ് എന്നിവർ ഇന്ന് ഹാജരാകുമെന്നാണ് റിപ്പോർട്ടുകൾ. 2004നും 2009നും ഇടയിൽ ലാലു റെയിൽവേ മന്ത്രിയായിരിക്കെ റെയിൽവേയിൽ ജോലി നൽകാമെന്ന് പറഞ്ഞ് കുടുംബത്തിന്റെ പേരിലേക്ക് ഭൂമി എഴുതി വാങ്ങിയെന്നാണ് കേസ്
2023ൽ കേസുമായി ബന്ധപ്പെട്ട് തേജസ്വി യാദവിന്റെ ഡൽഹിയിലെ വസതിയിലടക്കം 24 ഇടങ്ങളിൽ ഇഡി റെയ്ഡ് നടത്തിയിരുന്നു. യുഎസ് ഡോളർ അടക്കമുള്ള വിദേശ കറൻസികളും 53 ലക്ഷം രൂപയും അരക്കിലോ സ്വർണക്കട്ടിയും ഒന്നര കിലോ സ്വർണാഭരണങ്ങളും ലാലുവിന്റെ കുടുംബത്തിൽ നിന്ന് പിടിച്ചെടുക്കുകയും ചെയ്തിരുന്നു