Kerala
സിപിഎമ്മിനെ നയിക്കാൻ ആര് വരും; 24ാം പാർട്ടി കോൺഗ്രസിന് നാളെ മധുരയിൽ തുടക്കം

സിപിഎമ്മിന്റെ ഇരുപത്തിനാലാം പാർട്ടി കോൺഗ്രസിന് നാളെ തമിഴ്നാട്ടിലെ മധുരയിൽ തുടക്കം. തമുക്കം മൈതാനത്തെ സീതാറാം യെച്ചൂരി നഗറിൽ ഈ മാസം ആറ് വരെയാണ് പാർട്ടി കോൺഗ്രസ്. എൺപത് നിരീക്ഷകരടക്കം 811 പ്രതിനിധികൾ പാർട്ടി കോൺഗ്രസിൽ പങ്കെടുക്കും.
2008 ഏപ്രിലിൽ നടന്ന കോയമ്പത്തൂർ പാർട്ടി കോൺഗ്രസിനു ശേഷം ഇപ്പോഴാണ് തമിഴ്നാട്ടിൽ പാർട്ടി കോൺഗ്രസ് നടക്കുന്നത്. സ്റ്റാലിനുമായുള്ള രാഷ്ട്രീയം ഐക്യവും സമ്മേളന ആവേശവും എല്ലാം ഉപയോഗിച്ച് പാർട്ടി ശക്തിപെടുത്താൻ തമിഴ്നാട് ഘടകവും ലക്ഷ്യമിടുകയാണ്.
രാഷ്ട്രീയ നയരേഖ അംഗീകരിക്കൽ, സംഘടനാ റിപ്പോർട്ട് ചർച്ച, റിവ്യൂ റിപ്പോർട്ട് ചർച്ച എന്നിവ സമ്മേളനത്തിലെ അജണ്ടയാണ്. പുതിയ ജനറൽ സെക്രട്ടറി ആയി ആര് വരുമെന്നതാണ് ഉറ്റുനോക്കുന്നത്. സീതാറാം യെച്ചൂരിയുടെ മരണത്തെ തുടർന്ന് പാർട്ടി ജനറൽ സെക്രട്ടറി പദം ഒഴിഞ്ഞ് കിടക്കുകയാണ്.