പലസ്തീൻ ജനതക്ക് ഐക്യദാർഢ്യവുമായി സിപിഎം പാർട്ടി കോൺഗ്രസ്; കഫിയ ധരിച്ചെത്തി പ്രതിനിധികൾ

പലസ്തീൻ ജനതക്ക് ഐക്യദാർഢ്യവുമായി സിപിഎം 24ാം പാർട്ടി കോൺഗ്രസ്. കഫിയ അണിഞ്ഞാണ് പ്രതിനിധികൾ ഇന്ന് സമ്മേളനത്തിൽ എത്തിയത്. സമ്മേളന ഹാളിൽ വെച്ച് മുദ്രവാക്യം വിളിച്ച് പിന്തുണയും അറിയിച്ചു. അതേസമയം സംഘടനാ റിപ്പോർട്ട് ഇന്ന് പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കും. പിബി അംഗം ബി വി രാഘവുലു ആണ് റിപ്പോർട്ട് അവതരിപ്പിക്കുക
രാഷ്ട്രീയ പ്രമേയത്തിലും രാഷ്ട്രീയ അവലോകന റിപ്പോർട്ടിന്മേലുമുള്ള പൊതു ചർച്ച ഇന്ന് പൂർത്തിയാകും. ചർച്ചയ്ക്ക് പൊളിറ്റ് ബ്യൂറോ കോർഡിനേറ്റർ പ്രകാശ് കാരാട്ട് മറുപടി പറയും. ചർച്ചയിൽ ഉയർന്ന ഭേദഗതികൾ കൂടി പരിഗണിച്ച് രാഷ്ട്രീയ പ്രമേയം പാർട്ടി കോൺഗ്രസ് അംഗീരിക്കും.
കഴിഞ്ഞ ദിവസം കേന്ദ്ര കമ്മിറ്റി പരാജയമെന്ന വിമർശനവും ഉയർന്നിരുന്നു. പിണറായി സർക്കാരിന്റെ വികസന നേട്ടങ്ങൾ ഉത്തരേന്ത്യയിൽ എത്തുന്നില്ലെന്ന വിമർശനവുമുണ്ടായിരുന്നു പിണറായി സർക്കാരിന് നേട്ടങ്ങൾ ഒരുപാടുണ്ടെന്നും എന്നാൽ അത് കേരളത്തിന് പുറത്തറിയുന്നില്ലെന്നും സമ്മേളന പ്രതിനിധികൾ പറഞ്ഞു.