മെറ്റ റേ-ബാൻ സ്മാർട്ട് ഗ്ലാസ് ഇന്ത്യയിലെത്തി

കാഴചയിൽ ഒരു കണ്ണടയായി തോന്നുമെങ്കിലും സ്മാർട്ട്ഫോണിനൊപ്പം കട്ടയ്ക്ക് നിൽക്കുന്ന ടെക്നോളജി വിസ്മയമാണ് മെറ്റയുടെ റേ-ബാൻ സ്മാർട്ട് ഗ്ലാസുകൾ (Ray-Ban Meta Smart Glasses). നേരത്തെ യുഎസി ലോഞ്ച് ചെയ്ത ഈ സ്മാർട്ട്ഗ്ലാസ് ഇപ്പോൾ ഇന്ത്യയിലും ലോഞ്ച് ചെയ്തിരിക്കുന്നു. പരമ്പരാഗത കണ്ണട രൂപകൽപ്പനയും ബിൽറ്റ്-ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപകരണങ്ങളും സംയോജിപ്പിച്ച് പുറത്തിറക്കിയിരിക്കുന്ന ഈ സ്മാർട്ട് ഗ്ലാസ് ഫെയ്സ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റയും റേ ബാനിന്റെ മാതൃ കമ്പനിയായ എസ്സിലോർ ലക്സോട്ടിക്കയും സംയുക്തമായിട്ടാണ് വികസിപ്പിച്ചെടുത്തത്. മെയ് 19 മുതൽ ഓൺലൈനായും രാജ്യത്തുടനീളമുള്ള പ്രമുഖ ഒപ്റ്റിക്കൽ, സൺഗ്ലാസ് സ്റ്റോറുകൾ വഴിയും ഈ സ്മാർട്ട് ഗ്ലാസ് വാങ്ങാനാകും.
സ്മാർട്ട്ഫോണിന് എന്തൊക്കെ ചെയ്യാൻ കഴിയും എന്ന നമുക്ക് പരിചയമുണ്ട്, കാരണം ഏതൊരു സാധാരണക്കാരനും സ്മാർട്ട്ഫോൺ സുപരിചിതമാണ്. എന്നാൽ ഒരു സ്മാർട്ട് ഗ്ലാസിനെയും അതിന്റെ സാധ്യതകളെയും നമുക്ക് അത്ര പരിചയമില്ല. എന്നാൽ ഈ പുതിയ മെറ്റാ റേ-ബാൻ സ്മാർട്ട് ഗ്ലാസിന്റെ വരവോടെ ആ നില മാറുകയാണ്. ഇനി സ്മാർട്ട് ഗ്ലാസിന്റെ അദ്ഭുതങ്ങളും നമുക്ക് അറിയാനും മനസിലാക്കാനും ഉപയോഗിക്കാനും സാധിക്കും.
സ്മാർട്ട്ഫോണുകളിലേത് പോലെ തന്നെ അതിശയിപ്പിക്കുന്ന എഐ ഫീച്ചറുകൾ ഈ റേ ബാൻ സ്മാർട്ട് ഗ്ലാസിലും ഉണ്ട്. “ഹേ മെറ്റ” എന്ന കമാൻഡ് ഉപയോഗിച്ച് വോയ്സ് കമാൻഡുകൾ നൽകാൻ ഇതിൽ സാധിക്കും. സ്ക്രീനിൽ നോക്കാതെ തന്നെ പൊതുവായ ചോദ്യങ്ങൾ ചോദിക്കുക, ലാൻഡ്മാർക്കുകൾ തിരിച്ചറിയുക, അല്ലെങ്കിൽ പാചക നിർദ്ദേശങ്ങൾ സ്വീകരിക്കുക തുടങ്ങിയ നിരവധി ജോലികളിലേക്ക് ഹാൻഡ്സ്-ഫ്രീ ആക്സസ് ഇത് സാധ്യമാക്കുന്നു.
സ്മാർട്ട്ഫോണുകളെപ്പോലും അതിശയിപ്പിക്കുന്ന ഫീച്ചറുകൾ ഈ മെറ്റ് സ്മാർട്ട് ഗ്ലാസിൽ കാണാൻ സാധിക്കും. വിരലനക്കുകപോലും ചെയ്യാതെ ഫോട്ടോകളും വീഡിയോകളുമെടുക്കാം, മറ്റുഭാഷകളിൽ സംസാരിക്കുന്നവർ പറയുന്ന കാര്യങ്ങൾ തത്സമയം പരിഭാഷപ്പെടുത്തി അറിയാം, എത്ര തിരക്കിനിടയിലും ചുറ്റുമുള്ള ശബ്ദങ്ങൾ ബുദ്ധിമുട്ടുണ്ടാക്കാത്ത തരത്തിൽ സംഗീതം, പോഡ്കാസ്റ്റുകൾ എന്നിവ കേൾക്കാം തുടങ്ങി ഇതിന്റെ കഴിവുകൾ നിരവധിയാണ്.
ഡിസൈനിന്റെ കാര്യമെടുത്താൽ, റേ-ബാൻ മെറ്റാ സ്മാർട്ട് ഗ്ലാസുകൾ പരിചിതമായ വേഫെയറർ ശൈലിയിൽ (സ്റ്റാൻഡേർഡ്, വലിയ വലുപ്പങ്ങളിൽ) ലഭ്യമാണ്. കൂടുതൽ ഫിറ്റിനായി രൂപകൽപ്പന ചെയ്തിരിക്കുന്ന സ്കൈലർ എന്ന പുതിയ ഫ്രെയിമും ഉണ്ട്. ക്ലിയർ, സൺ, പോളറൈസ്ഡ് അല്ലെങ്കിൽ ട്രാൻസിഷനുകൾ എന്നിവയുൾപ്പെടെ വ്യത്യസ്ത ലെൻസ് ഉപയോക്താക്കൾക്ക് തിരഞ്ഞെടുക്കാം, പ്രിസ്ക്രിപ്ഷൻ ലെൻസും പിന്തുണയ്ക്കുന്നു.
വോയ്സ് കമാൻഡുകൾ ഉപയോഗിച്ച് സ്പോട്ടിഫൈ, ആപ്പിൾ മ്യൂസിക്, ആമസോൺ മ്യൂസിക്, ഷാസം തുടങ്ങിയവയിൽ നിന്ന് മ്യൂസിക് പ്ലേബാക്കും സാധ്യമാകും. എന്നിരുന്നാലും, ഈ ഫീച്ചറുകളിൽ പലതും ഡിഫോൾട്ട് ഭാഷ ഇംഗ്ലീഷ് ആയി സജ്ജീകരിച്ചിരിക്കുന്ന ഉപയോക്താക്കൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. റേ-ബാൻ മെറ്റ സ്മാർട്ട് ഗ്ലാസുകളുടെ ശ്രദ്ധേയമായ പ്രത്യേകതകളിലൊന്ന് അതിന്റെ തത്സമയ ഭാഷാ വിവർത്തനമാണ്, ഇത് ഇംഗ്ലീഷ്, സ്പാനിഷ്, ഫ്രഞ്ച്, ഇറ്റാലിയൻ എന്നിവയെ പിന്തുണയ്ക്കുന്നു.
ഫോൺ വിളിക്കുന്ന സന്ദർഭങ്ങളിൽ വ്യക്തമായ ശബ്ദം പിടിച്ചെടുക്കുന്നതിനും വോയിസ് കമാൻഡുകൾക്കുമായി ഇതിൽ അഞ്ച് മൈക്രോഫോണുകൾ ഉൾപ്പെട്ട മൾട്ടി-മൈക്രോഫോൺ സംവിധാനമുണ്ട്. ‘ഹായ് മെറ്റ’ എന്ന വോയിസ് കമാൻഡിലൂടെ ഫോട്ടോകളും വീഡിയോകളും എടുക്കുക, കോൾ ചെയ്യുക, സന്ദേശങ്ങൾ അയയ്ക്കുക തുടങ്ങിയ നിരവധി കാര്യങ്ങൾ ചെയ്യാം. IPX4 വാട്ടർ-റെസിസ്റ്റന്റ് റേറ്റിംഗ് സഹിതമാണ് റേ-ബാൻ മെറ്റാ ഗ്ലാസുകൾ എത്തിയിരിക്കുന്നത്. അതിനാൽത്തന്നെ ചെറിയ മഴ ഉൾപ്പെടെ നനഞ്ഞാലും ഇത് അത്ര പെട്ടെന്ന് തകരാറിലാകുമെന്ന് പേടിവേണ്ട.
വാട്സ്ആപ്പ് മെസഞ്ചർ, നേറ്റീവ് ഫോൺ മെസേജിങ് എന്നിവയ്ക്കുള്ള നിലവിലുള്ള പിന്തുണയ്ക്ക് പുറമേ, ഇൻസ്റ്റാഗ്രാമിൽ നിന്ന് നേരിട്ട് നേരിട്ടുള്ള സന്ദേശങ്ങൾ, ഫോട്ടോകൾ, ഓഡിയോ, വീഡിയോ കോളുകൾ എന്നിവ അയയ്ക്കാനും സ്വീകരിക്കാനും ഈ സ്മാർട്ട് ഗ്ലാസിന് അധികം വൈകാതെ തന്നെ സാധിക്കും. മൊത്തത്തിൽ നോക്കിയാൽ പുതിയ ടെക്നോളജികളെ ഇഷ്ടപ്പെടുന്നവർക്ക് ഏറെ അനുയോജ്യമാണ് ഈ മെറ്റ സ്മാർട്ട് ഗ്ലാസ്. 29,900 രൂപ മുതൽ വിലയിൽ ഇത് ഇന്ത്യയിൽ വാങ്ങാനാകും.