Kerala

ആപത്ഘട്ടത്തിൽ പോലും കേരളത്തെ സഹായിക്കാൻ കേന്ദ്രം തയ്യാറാകുന്നില്ല; എല്ലാ പ്രതിസന്ധികളും കേരളം അതിജീവിച്ചെന്ന് മുഖ്യമന്ത്രി

കേരളത്തിൽ വികസനം കൊണ്ടുവരണമെങ്കിൽ കേന്ദ്രവും സംസ്ഥാനവും സഹകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആപത്ഘട്ടത്തിൽ പോലും കേരളവുമായി സഹകരിക്കാൻ കേന്ദ്രം തയ്യാറാകുന്നില്ല. പാലത്തിന് നൽകേണ്ട സഹായം പോലും നൽകുന്നില്ല. കേരളത്തിൽ രണ്ട് തരം ചിന്താഗതിയുള്ളവരാണ് ഉള്ളത്. നാടിന്റെ വികസനം ആഗ്രഹിക്കുന്നവർ. അവരാണ് മഹാഭൂരിഭാഗം.

തൃശൂരിൽ സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ചുള്ള ജില്ലാതലയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2016 ന് ശേഷം രാജ്യത്ത് മറ്റൊരു സംസ്ഥാനത്തിനും നേരിടേണ്ടി വന്നിട്ടില്ലാത്ത പ്രതിസന്ധികളാണ് ഒന്നിന് പുറകെ ഒന്നായി കേരളം അഭിമുഖീകരിച്ചത്. 2018 ലെ പ്രളയം നൂറ്റാണ്ടിലെ പ്രളയമായിരുന്നു. എന്നാൽ, ഒരു സഹായവും കേന്ദ്രത്തിൽ നിന്ന് ലഭിച്ചില്ല.

ആകെ നിരാശയിൽ നിന്നാണ് 2016 ൽ എൽഡിഎഫ് ജനങ്ങൾക്ക് മുമ്പിൽ പ്രകടനപത്രിക അവതരിപ്പിച്ചത്. ജനങ്ങളത് വിശ്വാസത്തിലെടുത്തു. മറ്റ് രാജ്യങ്ങളുടെ സഹായം പോലും മുടക്കുന്ന സാഹചര്യമുണ്ടായി. സാലറി ചലഞ്ച് ജീവനക്കാർ നല്ല രീതിയിൽ സഹായിച്ചെങ്കിലും കോൺഗ്രസ് നേതൃത്വത്തിൽ പ്രതിപക്ഷം അതിനെ എതിർത്തു. സഹായിക്കാത്ത കേന്ദ്രത്തിനൊപ്പം കോൺഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷം അണിചേരുന്നതാണ് കേരളം കണ്ടത്.

പ്രതിസന്ധി അതിജീവിച്ച കേരളത്തെ നോക്കി രാജ്യം ആശ്ചര്യപ്പെട്ടു. നമുക്കതിൽ ആശ്ചര്യമില്ല. കേരളത്തിന്റെ ഐക്യമാണത്. അസാധ്യമായത് സാധ്യമാക്കാൻ ഒരുമ കൊണ്ട് കഴിഞ്ഞു. സംസ്ഥാനത്തിന്റെ കടം എടുക്കാനുള്ള അളവിൽ വലിയ വെട്ടിച്ചുരുക്കൽ നടത്തി. നാട്ടിലെ വിവിധ വികസനപദ്ധതികൾ കിഫ്ബിയിൽ നിന്ന് പണമെടുത്താണ് നടത്തിയത്. തനത് വരുമാനത്തിൽ നമ്മളുണ്ടാക്കിയ വർധനവാണ് നമ്മളെ പിടിച്ചു നിർത്തിയത്. ഓരോ വർഷത്തിലും തനതു വരുമാനത്തിൽ വർധനവ് ഉണ്ടാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു

Related Articles

Back to top button
error: Content is protected !!